തിരുവനന്തപുരം: മന്ത്രിമാരുടെ മക്കള്‍ രാജ്യഭരണത്തില്‍ കയ്യടക്കേണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പ്. വിദേശത്ത് പ്രമുഖ പ്രവാസി വ്യവസായിയുടെ സ്ഥാപനത്തില്‍ ഉന്നത തസ്തികയിലുള്ള യുവാവ് കഴിഞ്ഞ ദിവസം പ്രമുഖ വ്യവസായിയോട് വലിയ തുക വാങ്ങി എന്ന വിവരം ലഭിച്ചതിനേത്തുടര്‍ന്ന് മുഖ്യമന്ത്രി ഫോണില്‍ വിളിച്ചാണ് താക്കീതു ചെയ്തത്. അധികാരം ഉപയോഗിച്ച് എന്തു ചെയ്യാനാണ് പണം വാങ്ങിയതെങ്കിലും അത് തിരിച്ചുകൊടുക്കണമെന്നും പാര്‍ട്ടിക്കും സര്‍ക്കാരിനും ചീത്തപ്പേരുണ്ടാക്കാന്‍ ശ്രമിക്കരുതെന്നുമായിരുന്നു താക്കീത് എന്നാണു വിവരം. ഉന്നത സിപിഎം നേതാവിന്റെ മകനായ യുവാവ് കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാരില്‍ പിതാവ് മന്ത്രിയായതിന്റെ മറവില്‍ പല ഇടപെടലുകളും നടത്തിയത് വിവാദമായിരുന്നു. പിന്നീട് അന്ന് സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്റെ കൂടി ഇടപെടലോടെയാണ് അത്തരം ഇടപെടലുകള്‍ അവസാനിപ്പിച്ചത്.

പിണറായിക്ക് വ്യക്തിപരമായി അടുപ്പമുള്ള കുടുംബം കൂടിയാണ് ഈ നേതാവിന്റേത്.  അതുകൊണ്ടുതന്നെ മകനോടെന്ന പോലെ ശാസിക്കുന്നതിന് തടസവുമില്ല. അത് അങ്ങനെതന്നെ ഉള്‍ക്കൊണ്ട് ഇടപെടലുകളില്‍ നിന്ന് മാറി നില്‍ക്കണമെന്നാണ് നിര്‍ദേശം. അതേസമയം, സിപിഐയുടെ പക്കലുള്ള വനം വകുപ്പിലെ പല ഉന്നതതല സ്ഥലംമാറ്റങ്ങളിലും ഇടപെട്ടതിന്റെ പേരിലാണ് പ്രമുഖ സിപിഎംനേതാവിന്റെ മകനെ മുഖ്യമന്ത്രി വിലക്കിയത്. കോട്ടയം സ്വദേശിയായ നേതാവിനെ അറിയിച്ചുകൊണ്ടായിരുന്നു ഇത്. കോട്ടയത്തെ പ്രമുഖ ഹോട്ടല്‍ കേന്ദ്രീകരിച്ച് ഒരു പ്രിന്‍സിപ്പില്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്ററും ഹൈറേഞ്ചിലെ എഐടിയുസിയുടെ ഉന്നത നേതാവും സിപിഐ നേതാവിന്റെ മകനും നടത്തിയ നീക്കങ്ങളേക്കുറിച്ച് മുഖ്യമന്ത്രിക്ക് കൃത്യമായ വിവരമാണ് ലഭിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് താക്കീത്. വനം വകുപ്പ് ഉദ്യോഗസ്ഥന്‍ ഇന്റലിജന്‍സ് നിരീക്ഷണത്തിലുമാണെന്നാണു വിവരം.

അഴിമതിക്കെതിരെ ശക്തമായ നിലപാടെടുത്തിരിക്കുന്ന പിണറായി സര്‍ക്കാര്‍ ഇത്തരത്തില്‍ കൂടുതല്‍ ആളുകള്‍ അധികാരത്തിന്റെ ഇടനാഴികളില്‍ സജീവമാകാന്‍ നടത്തുന്ന ശ്രമങ്ങള്‍ ജാഗ്രതയോടെയാണു കാണുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here