കോട്ടയം: ബൈക്കപകടത്തില്‍ ശരീരംതളര്‍ന്ന് ശയ്യാവലംബിയായ യുവതിയെ കൊക്കയില്‍ തള്ളിയിട്ട് നിഷ്ഠൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതിസ്ഥാനത്തുള്ള പ്രവാസി മലയാളി കുടുംബത്തിലെ ഒരാള്‍ ജീവനൊടുക്കി. കേരളത്തിലും യുഎസിലും കോളിളക്കമായ ചങ്ങനാശേരി ഇത്തിത്താനം അഞ്ജലി വധക്കേസിലെ പ്രതിയായ ഇത്തിത്താനം പൊന്‍പുഴ പ്രഭാനിലയത്തില്‍ കെ.എം.ഗോപിയെയാണ് (66) മരിച്ചത്. അഞ്ജലി കൊല്ലപ്പെട്ട കേസില്‍ യുഎസ് മലയാളിയായ ഭര്‍ത്താവ് പ്രദീപ്കുമാറിനൊപ്പം ഗാപിയും അമ്മ പ്രഭാവതിയും പ്രതിയാണ്. പ്രദീപിനൊപ്പം യുഎസിലായിരുന്ന പ്രഭാവതി അടുത്തിടെ നാട്ടിയിലെത്തിയപ്പോള്‍ അറസ്റ്റിലായിരുന്നു.
ഇത്തിത്താനത്തെ വീടിനുള്ളില്‍ ഇന്നലെ ഉച്ചയോടെയാണു ഗോപിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഗോപിയും ഭാര്യ പ്രഭാവതിയും മാത്രമാണ് ഇപ്പോള്‍ ഈ വീട്ടില്‍ താമസിക്കുന്നത്. ഇന്നലെ രാവിലെ ആശുപത്രിയില്‍ പോയ ശേഷം പ്രഭാവതി മടങ്ങിയെത്തിയപ്പോഴാണു ഗോപിയെ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഗോപിയുടെ മകന്റെ ഭാര്യയായ അഞ്ജലിയെ കാണാതായതുമായി ബന്ധപ്പെട്ടു 2013 ലാണ് ചങ്ങനാശേരി പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ അ!ഞ്ജലിയെ ഭര്‍ത്താവ് പ്രദീപ്കുമാര്‍ കൊലപ്പെടുത്തിയശേഷം മൃതദേഹം വാഗമണ്ണിലെ കൊക്കയില്‍ തള്ളുകയായിരുന്നെന്നു കണ്ടെത്തി. അഞ്ജലിയെ കാണാതായിട്ടും പൊലീസില്‍ വിവരം അറിയിച്ചില്ല. കൊലപാതകത്തിന്റെ തെളിവു നശിപ്പിക്കുന്നതിനു മകനു കൂട്ടുനിന്നു എന്നിവയായിരുന്നു ഗോപിക്കും പ്രഭാവതിക്കുമെതിരേയുള്ള കുറ്റം.
സംഭവത്തെ തുടര്‍ന്നു യുഎസിലും തുടര്‍ന്നു നാട്ടിലും ഒളിവിലായിരുന്ന ഗോപിയെ 2015 ജൂണ്‍ 26നു ചങ്ങനാശേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റിമാന്‍ഡ് പ്രതിയായി ജയിലില്‍ കഴിഞ്ഞ ഗോപി നാലു മാസം മുന്‍പാണു പുറത്തിറങ്ങിയത്. മാനസിക അസ്വസ്ഥത പ്രകടിപ്പിച്ച ഗോപി ഇടയ്ക്കുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നു ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തിരുന്നു.

ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് അബോധാവസ്ഥയില്‍ കിടന്ന അഞ്ജലിയെ പ്രദീപ് മയക്കുമരുന്നു നല്‍കി കാറില്‍ക്കയറ്റി കൊണ്ടുപോയി വാഗമണ്‍, കാരിക്കോട് ടോപ്പില്‍ നിന്നും 600 അടി താഴ്ചയുള്ള കൊക്കയിലേക്ക് എറിഞ്ഞു കൊലപ്പെടുത്തിയെന്നാണ് കേസ്. കാരിക്കോട് ടോപ്പിലെ കൊക്കയില്‍നിന്ന് കണ്ടെടുത്ത അസ്ഥികളും തലയോട്ടികളും ഹൈദരാബാദില്‍ ഡിഎന്‍എ പരിശോധന നടത്തിയിരുന്നു. എന്നാല്‍ ഇവയില്‍ നിന്നും വ്യക്തമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് ആദ്യം ചിങ്ങവനം പൊലീസ് അന്വേഷിച്ച് എഴുതിത്തള്ളിയ കേസാണിത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച ഊമക്കത്തിന്റെ അടിസ്ഥാനത്തില്‍ പുനരന്വേഷണം നടത്തിയാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here