കണ്ണൂര്‍: ചട്ടമ്പി സ്വാമിയെ കണ്ടപ്പോള്‍ സിപിഎം നേതൃത്വം ഭഗവാന്‍ ശ്രീകൃഷ്ണനെ മറുന്നു. ഇക്കുറി ശ്രീകൃഷ്ണ ജയന്തി ആഘോഷം വേണ്ടെന്നുവച്ചതായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ പറയുകയും ചെയ്തു. ബിജെപി ചായ് വ് പ്രകടിപ്പിക്കുന്ന നായര്‍ അണികളെ തിരിച്ചുകൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ചട്ടമ്പി സ്വാമി ജയന്തി ആഘോഷിക്കുന്നത്. ഇത്തവണ 206 സ്ഥലങ്ങളില്‍ ചട്ടമ്പി സ്വാമി ജയന്തി ആചരിക്കാന്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സ്വാഗതസംഘം രൂപീകരിച്ചിട്ടുണ്ട്. ശ്രീകൃഷ്ണ ജയന്തിയുടെ പൊലിമ കുറക്കാനാണ് കഴിഞ്ഞ വര്‍ഷം സിപിഎം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ശ്രീകൃഷ്ണ ജയന്തി നടത്തിയത്. എന്നാല്‍ ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ നൂറുകണക്കിന് ഗ്രാമങ്ങളില്‍ നടന്ന ശ്രീകൃഷ്ണജയന്തി ശോഭായാത്രയില്‍ പതിനായിരക്കണക്കിന് കുട്ടികളാണ് അണിനിരന്നത്.

അതേസമയം ശ്രീകൃഷ്ണജയന്തിയും ചട്ടമ്പിസ്വാമി ജയന്തിയും ഒരേ ദിനത്തില്‍ വന്നതിനാലാണ് ഇത്തവണ സിപിഎം നിലപാട് മാറ്റത്തിനുപിന്നില്‍. ഓഗസ്റ്റ് 24 ഭരണിനാളിലാണ് ഈവര്‍ഷത്തെ ശ്രീകൃഷ്ണജയന്തി. ഭഗവാന്‍ കൃഷ്ണന്റെ ജനനം അഷ്ടമിരോഹിണി നാളില്‍ അര്‍ധരാത്രിയാണ്. തിഥിയനുസരിച്ച് ഇത്തവണ ഭരണിനാളില്‍ അര്‍ധരാത്രിയാണ് അഷ്ടമി വരുന്നത്. ഇതുകൊണ്ടാണ് 24 നു തന്നെ ശ്രീകൃഷ്ണജയന്തി ആഘോഷിക്കുന്നത്. എന്നാണോ അഷ്ടമി അര്‍ധരാത്രിയില്‍ വരുന്നത് അന്നാണ് ശ്രീകൃഷ്ണജയന്തി ആഘോഷിച്ചുപോരുന്നത്. സെപ്തംബര്‍ 25 നാണ് ഇംഗ്ലീഷ് കലണ്ടര്‍പ്രകാരം ചട്ടമ്പിസ്വാമി ജയന്തി. ഈ ദിനം സര്‍ക്കാര്‍ ജീവകാരുണ്യദിനമായി ആചരിക്കുന്നുണ്ട്. എന്നാല്‍ ഇക്കുറി സ്വാമികളുടെ ജന്മനക്ഷത്രമായ ഭരണി വരുന്നത് 24 നാണ്. ഇക്കാരണത്താലാണ് ശ്രീകൃഷ്ണജയന്തിയും ചട്ടമ്പിസ്വാമിജയന്തിയും ഒരേ ദിനത്തിലായത്.

ഇത് ഈവര്‍ഷത്തെ മാത്രം പ്രത്യേകതയാണ്. രണ്ട് ജയന്തികളും ഇതുപോലെ ഒത്തുവരാന്‍ ഇനി 11 വര്‍ഷമെങ്കിലും കാത്തിരിക്കണമെന്നാണ് പണ്ഡിതന്മാര്‍ പറയുന്നത്. ഇക്കാര്യമറിയാതെ എല്ലാവര്‍ഷവും രണ്ട് ജയന്തികളും ഒരേ ദിവസമായിരിക്കുമെന്ന തെറ്റിദ്ധാരണയിലാണ് ശ്രീകൃഷ്ണജയന്തിക്ക് പകരം ചട്ടമ്പിസ്വാമി ജയന്തി ആഘോഷിക്കാമെന്ന തീരുമാനത്തില്‍ സിപിഎം എത്തിച്ചേര്‍ന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here