ന്യൂഡല്‍ഹി: ആണ്ടി വലിയ തല്ലുകാരനാണെന്ന് ആണ്ടി തന്നെ പ്രചരിപ്പിക്കുന്ന എന്ന പഴമൊഴിക്ക് ഡല്‍ഹിയില്‍ നിന്നൊരു പാരഡി. മോദി വലിയ താരമാണെന്ന് മോദി തന്നെ പറയുന്ന അവസ്ഥ. രാജ്യത്തിന്റെ സാംസ്‌കാരിക, ടൂറിസം മന്ത്രാലയത്തിന്റെ ‘ഇന്‍ക്രെഡിബിള്‍ ഇന്ത്യ’ പ്രചാരണ പരിപാടിയുടെ ബ്രാന്‍ഡ് അംബാസഡറായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തെരഞ്ഞെടുത്തതാണ് വിമര്‍ശനത്തിന് ആധാരം. രാജ്യത്തെ വിനോദസഞ്ചാര വികസനത്തിനായിട്ടുള്ള ഈ പരിപാടിയില്‍ ഏറ്റവും ഉചിതമായ മുഖം പ്രധാനമന്ത്രിയുടെതാണെന്ന് സാംസ്‌കാരിക ടൂറിസം മന്ത്രി മഹേഷ് ശര്‍മ അറിയിച്ചു.

പത്ര, ടിവി പരസ്യങ്ങള്‍ക്കായുള്ള ആശയങ്ങള്‍ ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കും. തുടര്‍ന്ന് ഈ പരസ്യ ചിത്രങ്ങളില്‍ പ്രധാനമന്ത്രി അഭിനയിക്കും. നേരത്തെ ബോളിവുഡ് താരം ആമിര്‍ ഖാനായിരുന്നു ബ്രാന്‍ഡ് അംബാസഡര്‍. എന്നാല്‍ അസഹിഷ്ണുതാ വിവാദകാലത്തെ ചില പരാമര്‍ശങ്ങളുടെ പേരില്‍ ആമിര്‍ ഖാനുമായുള്ള കരാര്‍ പുതുക്കിയിരുന്നില്ല. തുടര്‍ന്ന് പുതിയ ബ്രാന്‍ഡ് അംബാസഡറെ കണ്ടെത്താനുള്ള ആലോചകള്‍ ഏറെ നാളായി മന്ത്രാലയം നടത്തിവരികയായിരുന്നു.

അതേസമയം ഇപ്പോള്‍ തെരഞ്ഞെടുപ്പു നടന്നാല്‍ പ്രധാനമന്ത്രിയാകാന്‍ കൂടുതല്‍ പിന്തുണ നരേന്ദ്ര മോദിക്കെന്ന സര്‍വേഫലവും മോദിക്ക് അനുകൂലമായി. മൂഡ് ഓഫ് നേഷന്‍ ‘ എന്ന പേരില്‍ ഇന്ത്യ ടുഡേയും കാര്‍വി ഇന്‍സൈറ്റും സംയുക്തമായി നടത്തിയ സര്‍വേയില്‍ 50 ശതമാനം മോദിയെ പിന്തുണച്ചു. സോണിയ ഗാന്ധിക്കും അരവിന്ദ് കേജരിവാളിനും പിന്നിലായ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി 13 ശതമാനം വോട്ട് നേടി. എന്നാല്‍, 2014ല്‍ ലഭിച്ച 336 സീറ്റില്‍നിന്ന് എന്‍.ഡി.എ 304ലേക്ക് ചുരുങ്ങും. ജനപ്രീതിയുടെ കാര്യത്തില്‍ മുഖ്യമന്ത്രിമാരില്‍ 14 ശതമാനം വോട്ടോടെ കെജരിവാളും നിതീഷ് കുമാറും മുന്നിലത്തെി. മമതാ ബാനര്‍ജിയാണ് രണ്ടാമത്. ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയാണെന്നും സര്‍വേ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here