ന്യൂഡല്‍ഹി:ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ആശയങ്ങളില്‍ ആകൃഷ്ടരായി രാജ്യംവിട്ട മലയാളികളില്‍ ചിലര്‍ക്ക് ഇംഗ്ലണ്ടിലെ സമാനചിന്താഗതിക്കാരുമായി ബന്ധമുള്ളതായി വിവരം. കേസ് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സിക്കാണ് ഈ വിവരം ലഭിച്ചത്. അഫ്ഗാനിസ്ഥാനിലേക്കു കടക്കാനുള്ള ശ്രമത്തിനിടെ ഡല്‍ഹി വിമാനത്താവളത്തില്‍ അറസ്റ്റിലായ യാസ്മിന്‍ മുഹമ്മദ് സഹിദിനെ (29) ചോദ്യം ചെയ്തപ്പോഴാണ് ഇംഗ്ലണ്ട് ബന്ധം വ്യക്തമായത്. യാസ്മിന്‍ വിവാഹം കഴിച്ച അബ്ദുല്‍ റഷീദും അയാളുടെ ആദ്യഭാര്യ ആയിഷയും ഐഎസ് ബന്ധമുള്ള ഇംഗ്ലണ്ടിലെ ദമ്പതിമാരുമായി സ്ഥിരം ബന്ധപ്പെടാറുണ്ടായിരുന്നു.

ഇംഗ്ലണ്ടിലെ ദമ്പതിമാരാണ് ഐഎസ് ആശയങ്ങള്‍ ഉള്ള സന്ദേശങ്ങളും വിഡിയോകളും റഷീദിന് അയച്ചുകൊടുത്തിരുന്നത്. താനും തന്നോടൊപ്പം കേരളത്തില്‍നിന്നു പോയ മറ്റുള്ളവരും അഫ്ഗാനിസ്ഥാനില്‍ എത്തിയ കാര്യം ജൂലൈ ആദ്യ ആഴ്ച അബ്ദുല്‍ റഷീദ് തന്നെ അറിയിച്ചതായും യാസ്മിന്‍ പറഞ്ഞു. കേരളത്തില്‍ നിന്നു കാണാതായ 22 പേരും അഫ്ഗാനിസ്ഥാനിലാണ് എത്തിയതെന്ന് എന്‍ഐഎ വൃത്തങ്ങള്‍ പറയുന്നു.

അതിനിടെ ഐഎസില്‍ ചേരാന്‍ പടന്നയില്‍ നിന്നുപോയവരില്‍ ഡോ. ഇജാസിന്റെ ഭാര്യ റുഫൈല കഴിഞ്ഞ ദിവസം ഒരു പെണ്‍കുഞ്ഞിനു ജന്‍മം നല്‍കിയതായി വീട്ടുകാര്‍ക്ക് സന്ദേശം ലഭിച്ചു. ഐഎസ് ബന്ധം ആരോപിക്കപ്പെട്ട ഇവരെ കണ്ടെത്താനുള്ള അന്വേഷണ ചുമതല എന്‍ഐഎ ഏറ്റെടുത്തതിനു ശേഷം ആദ്യം ലഭിക്കുന്ന സന്ദേശമാണിത്.

ഇജാസിനൊപ്പം അപ്രത്യക്ഷനായ പടന്നയിലെ തന്നെ അഷ്വാക്കിന്റെ മൊബൈലില്‍ നിന്നുള്ള സന്ദേശത്തിലാണ് റുഫൈല പെണ്‍കുഞ്ഞിനെ പ്രസവിച്ചതായി അറിയിച്ചിട്ടുള്ളത്. ഡോ. ഇജാസിന്റെ സഹോദരിക്കാണ് സന്ദേശം. ഇത് ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറിയതായി അറിയുന്നു. തൃക്കരിപ്പൂര്‍, പടന്ന മേഖലയില്‍ നിന്നു രണ്ടുമാസങ്ങള്‍ക്കപ്പുറം മൂന്നു കുട്ടികളും നാലു സ്ത്രീകളും ഉള്‍പ്പെടെ 17 പേരാണ് നാടിനെയാകെ ആശങ്കയിലാക്കി അപ്രത്യക്ഷരായത്.

അപ്രത്യക്ഷരായവരില്‍ ഉടുമ്പുന്തലയിലെ അബ്ദുല്‍ റാഷിദുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് അറസ്റ്റിലായ ബിഹാര്‍ സ്വദേശിനി യാസ്മിന്‍ അഹമ്മദിനെ എന്‍ഐഎ സംഘം ചോദ്യം ചെയ്തുവരുന്നതിനിടെയാണ് അഷ്വാക്കിന്റെ സന്ദേശം വന്നിട്ടുള്ളത്. സംസ്ഥാന പൊലീസും സ്‌പെഷല്‍ ബ്രാഞ്ച് ഉള്‍പ്പെടെയുള്ള അന്വേഷണസംഘങ്ങള്‍ക്കും കാണാതായവരെക്കുറിച്ചു സൂചനകളൊന്നും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് അന്വേഷണം എന്‍ഐഎയിലെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here