മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ കാണാതായ മലയാളിയായ യുവദന്തഡോക്ടറുടെ ജഡം കണ്ടെത്തി.തിരുവല്ല സ്വദേശി ടിനു തോമസാണ് (28) മരിച്ചത്. മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു ടിനു താമസിച്ചിരുന്നത്. ബുധനാഴ്ച വൈകിട്ടുമുതല്‍ ടിനുവിനെ കാണാനില്ലെന്നു പരാതി നല്‍കിയിരുന്നു. വ്യാഴാഴ്ച രാവിലെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ടിനുവിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടന്ന അന്വേഷണത്തില്‍ ഫോണ്‍ സഞ്ചരിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.പക്ഷെ രാത്രി വൈകുന്നതുവരെ കൃത്യമായ വിവരങ്ങള്‍ ശേഖരിക്കുവാന്‍ പോലീസിനായില്ല. ഇതിനിടയില്‍ ഇന്ന് രാവിലെയാണ് വീടിന് സമീപമുള്ള സ്ട്രീറ്റില്‍ ടിനുവിന്റെ മൃതദേഹം പോലീസ് കണ്ടെത്തിയത്.
കറുത്ത നിറത്തിലുള്ള ഹുഡ് ടോപ്പും ചാര നിറത്തിലുള്ള ട്രാക്‌സ്യൂട്ട് പാന്റ്‌സും റബ്ബര്‍ ചെരുപ്പും ആണ് കാണാതായപ്പോള്‍ ടിനു ധരിച്ചിരുന്നത്. 1HR2OS എന്ന റജിസ്‌ട്രേഷന്‍ നമ്പറിലുള്ള 2007 മോഡല്‍ ചാര നിറത്തിലുള്ള മിത്സുബിഷി 380 സെഡാനിലായിരുന്നു യുവാവ് യാത്ര ചെയ്തിരുന്നത്. സംഭവത്തില്‍ ദുരുഹതയുണ്ടോയെന്ന കാര്യം പോലീസ് പരിശോധിക്കുന്നുണ്ട്.
തോമസ് ജോര്‍ജിന്റെയും (സന്തോഷ് ) ആനിയുടെയും ഏക മകനാണ് അവിവാഹിതനായ ടിനു തോമസ്. രണ്ടാഴ്ച മുമ്പും മെല്‍ബണില്‍ നിന്ന് ഒരു മലയാളിയെ കാണാതെ പോയിരുന്നു. അന്നു കാണാതായ കുഞ്ഞുമോന്‍ മത്തായിയെ പിന്നീട് പൊലീസ് സുരക്ഷിതമായി കണ്ടെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here