തിരുവനന്തപുരം: നാട്ടില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ഇപ്പോഴും നിവേദനങ്ങളും സമ്മര്‍ദ്ദങ്ങളുമായി നടക്കുന്ന പ്രവാസ ഇന്ത്യക്കാര്‍ റഷ്യന്‍ പാര്‍ലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ഉള്‍പ്പെടെ സ്ഥലങ്ങളില്‍ നടന്ന വോട്ടെടുപ്പ് കണ്ടുപഠിക്കണം. റഷ്യന്‍ പാര്‍ലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തുവരെ വോട്ടെടുപ്പുണ്ടായിരുന്നു. ബാലറ്റിലൂടെയുള്ള വോട്ടെടുപ്പില്‍ റഷ്യന്‍ പൗരത്വമുള്ള 20 പേര്‍ വോട്ട് രേഖപ്പെടുത്തി. റഷ്യന്‍ കള്‍ചറല്‍ സെന്റര്‍ ആയിരുന്നു പോളിങ് സ്റ്റേഷന്‍. വെള്ളിയാഴ്ച രാവിലെ 11.30 മുതല്‍ വൈകീട്ട് 3.30വരെയായിരുന്നു പോളിങ് സമയം.

മൂന്നു വര്‍ഷം മുമ്പ് നടന്ന റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലും തിരുവനന്തപുരത്ത് പോളിങ് സ്റ്റേഷന്‍ ഉണ്ടായിരുന്നു. അന്ന് 36 പേര്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു. ഓണത്തെ തുടര്‍ന്നുള്ള അവധി കാരണം റഷ്യക്കാരില്‍ പലരും തലസ്ഥാനത്ത് ഇല്ലായിരുന്നത് പോളിങ് കുറയാന്‍ കാരണമായി. വര്‍ക്കലയില്‍നിന്നത്തെി ആറുപേര്‍ വോട്ട് രേഖപ്പെടുത്തി. ഈമാസം 18നാണ് റഷ്യന്‍ പാര്‍ലമെന്റിലേക്കുള്ള ഔദ്യോഗിക തെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ സമയത്ത് മറ്റിടങ്ങളില്‍ നടന്ന വോട്ടുകള്‍ കൂടി എണ്ണിത്തിട്ടപ്പെടുത്തിയിട്ടാവും ഫലപ്രഖ്യാപനം.

തിരുവനന്തപുരത്തെ ബാലറ്റ് പെട്ടികള്‍ ശനിയാഴ്ച എംബസി വഴി റഷ്യയിലേക്ക് അയക്കും. റഷ്യന്‍ പൗരത്വമുള്ളവര്‍ക്കും റഷ്യയില്‍നിന്ന് ഇവിടെയത്തെി വിവാഹം കഴിച്ച് ജീവിക്കുന്നവര്‍ക്കും ബിസിനസ് ആവശ്യങ്ങളുമായി എത്തിയവര്‍ക്കുമായിരുന്നു വേട്ടിങ്ങിന് അവസരം. കേരളത്തില്‍ തിരുവനന്തപുരത്ത് മാത്രമായിരുന്നു പോളിങ് സ്റ്റേഷന്‍ ഉണ്ടായിരുന്നത്. ചെന്നൈ റഷ്യന്‍ ഫെഡറേഷന്‍ ഡെപ്യൂട്ടി കോണ്‍സല്‍ ജനറല്‍ അലക്‌സി വാസക്കോവ്, റഷ്യന്‍ കള്‍ചറല്‍ സെന്ററിന്റെയും റഷ്യന്‍ ഫെഡറേഷന്റെയും ഡയറക്ടര്‍ രതീഷ് സി. നായര്‍, റഷ്യന്‍ കള്‍ചറല്‍ സെന്ററിന്റെയും റഷ്യന്‍ ഫെഡറേഷന്റെയും ഓണററി കോണ്‍സല്‍ മിഖയേല്‍ ക്രിസനോവ് എന്നിവര്‍ വോട്ടെടുപ്പിന്റെ ക്രമീകരണങ്ങള്‍ നിയന്ത്രിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here