ശ്രീനഗര്‍: സമീപവര്‍ഷങ്ങളില്‍ ഇന്ത്യന്‍ സൈന്യത്തിനുനേരെയുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണത്തില്‍ ജമ്മുകാഷ്മീരില്‍ 17 ജവാന്മാര്‍ക്ക് വീരമൃത്യു. 20 ജവാന്മാര്‍ക്കു പരിക്കേറ്റു. ഇതില്‍ പലരുടേയും നില ഗുരുതരമാണ്. 12 ബ്രിഗേഡിന്റെ ഉറിയിലെ ആസ്ഥാനത്താണ് ആക്രമണമുണ്ടായത്. 2014നു ശേഷം കശ്മീരിലുണ്ടാകുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണിത്. അതേസമയം, സൈനിക കേന്ദ്രത്തിനുള്ളില്‍ ആക്രമണം നടത്തിയ നാലു ഭീകരരെ സൈന്യം വധിച്ചു. കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന സംശയത്തില്‍ തിരച്ചില്‍ തുടരുകയാണ്.

ശ്രീനഗര്‍ -മുസഫറാബാദ് ദേശീയപാതയ്ക്ക് അരികിലുള്ള സൈനിക കേന്ദ്രത്തില്‍ പുലര്‍ച്ചെ നാലുമണിയോടെയാണ് ഭീകരര്‍ ആക്രമണം തുടങ്ങിയത്. നിയന്ത്രണരേഖയോട് അടുത്ത പ്രദേശമാണിത്. കമാന്‍ഡോ ശൈലിയില്‍ എത്തിയ ഭീകരര്‍ സൈനികര്‍ക്കുനേരെ ആക്രമണം നടത്തുകയായിരുന്നു. വന്‍ ആയുധശേഖരവുമായാണ് ഇവര്‍ അകത്തു കടന്നതെന്നാണു നിഗമനം. ആക്രമണത്തില്‍ ചില ബാരക്കുകള്‍ക്കു തീപിടിച്ചു. പരുക്കേറ്റ സൈനികരെ 70 കിലോമീറ്റര്‍ അകലെയുള്ള സൈനിക ആശുപത്രിയിലേക്കു ഹെലിക്കോപ്റ്ററിലാണ് എത്തിച്ചത്.

ഭീകരാക്രമണത്തെത്തുടര്‍ന്നു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഉന്നതതല യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. ജമ്മു കശ്മീര്‍ ഗവര്‍ണര്‍, മുഖ്യമന്ത്രി എന്നിവരോടു ആഭ്യന്തരമന്ത്രി സംസാരിച്ചു. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ രാജ്‌നാഥ് സിങ് ആഭ്യന്തര സെക്രട്ടറിയോടും മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവവികാസങ്ങളെത്തുടര്‍ന്നു റഷ്യയിലേക്കും യുഎസിലേക്കുമുള്ള രാജ്‌നാഥിന്റെ യാത്ര റദ്ദാക്കി. പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറും സൈനിക മേധാവി ജനറല്‍ ദല്‍ബീര്‍ സിങ്ങും ഇന്നു തന്നെ കശ്മീരിലെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here