കൊച്ചി: വെറും ഇരുപതുവര്‍ഷം കൊണ്ട് മൂന്നരക്കോടിയോളം ആളുകളുടെ പോക്കറ്റിലെ സ്ഥിരസാന്നിധ്യമാകാന്‍ കഴിഞ്ഞ അത്ഭുത കഥയാണ് മൊബൈല്‍ഫോണുകളുടേത്. മൊബൈല്‍ ഫോണില്‍ മലയാളം പറഞ്ഞുതുടങ്ങിയിട്ട് ഇന്ന് 20 വയസ് പൂര്‍ത്തിയായി.20 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1996 സെപ്തംബര്‍ 17നാണ് ആദ്യമായി കേരളത്തില്‍ ഒരു മൊബൈല്‍ഫോണ്‍ വിളി നടന്നത്. ഫോണ്‍ എടുക്കാന്‍ ഭാഗ്യം ലഭിച്ചത് ഇതിഹാസ എഴുത്തുകാരന്‍ തകഴി ശിവശങ്കരപ്പിള്ളയ്ക്ക്. മറുതലയ്ക്കല്‍ അന്നത്തെ വൈസ് അഡ്മിറല്‍ എ.ആര്‍ ടണ്ഠന്‍. എസ്‌കോട്ടല്‍ സെല്ലുലാര്‍ സര്‍വീസിലൂടെ ആയിരുന്നു വിളി. ചരിത്രത്തില്‍ ഇടംപിടിച്ച ആ ഫോണ്‍വിളിക്ക് എഴുത്തുകാരി മാധവിക്കുട്ടിയും സാക്ഷിയായി.
എറണാകുളം ഹോട്ടല്‍ അവന്യൂ റീജന്റില്‍ വെച്ചായിരുന്നു മൊബൈല്‍ വിളിയുടെ ഉത്ഘാടനം. അന്ന് ഒരു മൊബൈല്‍ ഫോണിന്റെ വില ഏതാണ്ട് 50,000 രൂപ വരെയായിരുന്നു.

ഔട്ട്‌ഗോയിങ് കോളിന് മിനിറ്റിന് 16 രൂപയും ഇന്‍കമിങ്ങ് കോളിന് എട്ടുരൂപയുമായിരുന്നു അന്ന് നിരക്ക്. 1995 ജൂലൈ 31 കൊല്‍ക്കത്തയില്‍ വെച്ചാണ് രാജ്യത്തെ ആദ്യത്തെ മൊബൈല്‍ ഫോണ്‍ സര്‍വീസിന് തുടക്കമായത്. അന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ആയിരുന്ന ജ്യോതിബസു കൊല്‍ക്കത്തയില്‍ നിന്നും ഡല്‍ഹിയിലിരുന്ന കേന്ദ്ര ടെലികോം മന്ത്രി സുഖ്‌റായുമായി ആയിരുന്നു ഫോണ്‍വിളി. ഒരുവര്‍ഷമെടുത്തു, കേരളത്തിലും സര്‍വീസ് ആരംഭിക്കാന്‍. 1996 സെപ്തംബറില്‍ ഉത്ഘാടനം നടന്നെങ്കിലും വരിക്കാര്‍ക്ക് കണക്ഷന്‍ ലഭിക്കാന്‍ വീണ്ടും ഒരു മാസമെടുത്തു. ഏഴ് വര്‍ഷങ്ങള്‍ക്ക് അപ്പുറം 2003ലാണ് ഇന്‍കമിങ് കോള്‍ രാജ്യവ്യാപകമായി സൗജന്യമാക്കിയത്.

2002ലാണ് ബിഎസ്എന്‍എല്‍ കേരളത്തില്‍ സേവനം ആരംഭിച്ചു. ടെലികോം അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം 2015ല്‍ കേരളത്തിലെ മൊബൈല്‍ കണക്ഷനുകളുടെ എണ്ണം 3.32 കോടിയാണെന്നാണ് കണക്കുകള്‍. ഇന്ന് ഒരൊറ്റ നിമിഷം പോലും മൊബൈലിനെ പിരിഞ്ഞിരിക്കാന്‍ മലയാളിക്ക് കഴിയില്ല എന്ന അവസ്ഥയിലെത്തിയിരിക്കുന്നു കാര്യങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here