ദോഹ:പ്രവാസികള്‍ക്ക് പണം സമ്പാദിക്കാന്‍ പറ്റിയ ലോകത്തെ ഏറ്റവും മികച്ച സ്ഥലം ഖത്തറാണെന്ന് എച്ച്എസ്ബിസിയുടെ എക്‌സ്പാറ്റ് എക്‌സ്പളോറര്‍ സര്‍വേ റിപ്പോര്‍ട്ട്. 190 രാജ്യങ്ങളിലെ 27,000 പ്രവാസികളില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചു നടത്തിയ സര്‍വേയില്‍ സമ്പാദ്യശീലത്തില്‍ ഖത്തറാണ് മുന്നില്‍. ശമ്പള വര്‍ധനയ്ക്കുള്ള സാധ്യത, പ്രവാസി ആസ്തി എന്നിവയിലും ഖത്തര്‍ രണ്ടാം സ്ഥാനത്തെത്തി.

പ്രവാസികളുടെ ജീവിത നിലവാരം, സാമ്പത്തിക സ്ഥിതി, കുടുംബജീവിതം തുടങ്ങിയ വിവിധ വിഷയങ്ങള്‍ പരിഗണിച്ച് തയ്യാറാക്കിയ 45 രാജ്യങ്ങളുടെ ഓവറോള്‍ പട്ടികയില്‍ ഖത്തറിന്റെ സ്ഥാനം ഇരുപത്തൊമ്പതാമാണ്. ജിസിസി രാജ്യങ്ങളില്‍ ബഹ്‌റൈനാണ് മുന്നില്‍, ഒന്‍പതാം സ്ഥാനം. യുഎഇ പന്ത്രണ്ടാമതും ഒമാന്‍ പതിനെട്ടാമതും സൗദിഅറേബ്യ മുപ്പത്തിഒന്നാമതും കുവൈത്ത് മുപ്പത്തിയഞ്ചാം സ്ഥാനത്തുമാണുള്ളത്.
പട്ടികയില്‍ ഇന്ത്യയ്ക്ക് ഇരുപത്തിയാറാം സ്ഥാനമുണ്ട്. ഖത്തറിന് തൊട്ടു പിന്നിലാണ് യുഎസിന്റെ സ്ഥാനം. പട്ടികയില്‍ സിംഗപ്പൂര്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ജീവിതച്ചെലവ് കൂടിയത്, രാജ്യത്തെ തൊഴില്‍ വിപണിയിലെ അസ്ഥിരാവസ്ഥ എന്നിവയാണ് ഈ വര്‍ഷം ഖത്തറിലെ പ്രവാസികളെ ആശങ്കപ്പെടുത്തുന്നതെന്ന് സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here