തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിലൂടെ പരിഹാസമെയ്തവര്‍ക്കു മറുപടി കൊടുത്തും സന്ദര്‍ശകരോടു സല്ലപിച്ചും കേരളത്തിലെ യുവ എം.എല്‍.എമാരുടെ നിരാഹാരസമരം മൂന്നാം ദിനത്തിലേക്ക്. യു.ഡി.എഫിന്റെ തലതൊട്ടപ്പന്‍മാരെല്ലാം ഇന്നലെയും പിന്‍തലമുറയ്ക്കു പിന്തുണയുമായെത്തി. സെക്രട്ടേറിയറ്റിന്റെ പ്രധാന കവാടത്തിലൂടെ കടന്നുപോയ ഭരണപക്ഷക്കാര്‍ കുശലാന്വേഷണത്തിനു മടിച്ചില്ലെങ്കിലും സര്‍ക്കാര്‍ നിലപാട് മാറിയിട്ടില്ല. ഷാഫി പറന്പിലും െഹെബി ഈഡനും ഇന്നലെയും ഊര്‍ജസ്വലരായിരുന്നെങ്കിലും അനൂപ് ജേക്കബ് ക്ഷീണിതനായിരുന്നു. അദ്ദേഹം കുറച്ചു സമയം ഉച്ചമയക്കത്തിനായി നീക്കിവച്ചു. ഇന്നലെ െഹെബിയുടെ ഭാര്യ അന്നയും മകള്‍ ക്ലാര യും ഇവരെ സന്ദര്‍ശിക്കാനെത്തിയിരുന്നു.െ

ഹെബിക്കു മാനസിക പിന്തുണയുമായി അന്നയും നിരാഹാരത്തിലാണ്. പരിചിതമല്ലാത്ത സാഹചര്യത്തില്‍ അല്‍പം അന്പരന്നെങ്കിലും ക്ലാര അച്ഛന്റെ മടിയില്‍ ഇരിപ്പുറപ്പിച്ചു. അച്ഛനു മുത്തം നല്‍കിയും മൊെബെലില്‍ കളിച്ചും ഷാഫിയോടും അനൂപിനോടും മറ്റുള്ളവരോടും ചെറിയ വിശേഷങ്ങള്‍ പങ്കുവച്ചും ക്ലാര ക്യാമറകള്‍ക്കു വിരുന്നായി. ബന്ധുക്കളും മണ്ഡലത്തില്‍ നിന്നുള്ളവരുമൊക്കെ ഇടവിടാതെ എത്തുന്നതിനാല്‍ സമയം പോകുന്നതറിയില്ലെന്നാണ് നിരാഹാരക്കാരുടെ പക്ഷം. വീണുകിട്ടുന്ന ഇടവേളകളില്‍ വാട്ട്‌സാപ്പിലും ഫെയ്‌സ്ബുക്കിലുമൊക്കെ അങ്കം കുറിക്കാനെത്തുന്ന ട്രോളന്‍മാര്‍ക്കു മറുപടി കൊടുത്തും നിരാഹാരസമരം ആഘോഷമാക്കുകയാണ് എം.എല്‍.എമാര്‍. അനൂപ് ജേക്കബിനെ ഭാര്യയും ബന്ധുക്കളും സമരപ്പന്തലില്‍ സന്ദര്‍ശിച്ചു. അനുഭാവസത്യഗ്രഹത്തിലുള്ള കെ.എം. ഷാജിയെയും എ. ഷംസുദീനെയും ക്ഷീണം ബാധിച്ചിട്ടില്ല.
സമരം എത്രവേണമെങ്കിലും മുന്നോട്ടു കൊണ്ടുപോകാന്‍ കരുത്തുള്ള യുവനിരയാണ് ഇതെന്ന് യുവപോരാളികള്‍ക്കു പിന്തുണയുമായി വന്ന കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു. ഇവര്‍ സമരം ചെയ്യുന്നത് സാധാരണക്കാരായ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വേണ്ടിയാണ്. സമരം ജനങ്ങള്‍ ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ രാവിലെ മുതല്‍ തന്നെ സമരവേദി സജീവമായിരുന്നു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കു പിന്നാലെ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും സമരക്കാരെ കാണാനെത്തി. സമരക്കാരെ സന്ദര്‍ശിച്ച ശേഷമാണ് പ്രതിപക്ഷത്തെ എല്ലാ അംഗങ്ങളും നിയമസഭയിലേക്കു പോയത്. ആവേശം പകര്‍ന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമെത്തി. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് സഭ നിര്‍ത്തിവച്ചപ്പോള്‍ സഭയ്ക്കുള്ളിലെ വിശേഷങ്ങള്‍ വിവരിച്ച് വി.ടി. ബല്‍റാമും സഭ പിരിഞ്ഞപ്പോള്‍ കെ. മുരളീധരനും സമരക്കാര്‍ക്കരികില്‍ ഇരിപ്പുറപ്പിച്ചു. രാത്രിയിലും നിരവധി പേര്‍ പിന്തുണയുമായി എത്തിക്കൊണ്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here