യുക്തിരഹിതമായ വിവാദങ്ങളിൽ തനിക്കു താല്പര്യമില്ലെന്നും, ഫൊക്കാനയുടെ  വളർച്ചയ്ക്കും, ഒപ്പം അമേരിക്കൻ മലയാളികളുടെ സർവ്വതോമുഖമായ പുരോഗതിക്കും വേണ്ടി പ്രവർത്തിക്കുമെന്ന് ഫോക്കനാ പ്രസിഡന്റ് സ്ഥാനാർഥി മാധവൻ ബി നായർ. സമീപകാലത്തു ഫൊക്കാനയുടെ പേരിൽ ഉണ്ടായ വിവാദങ്ങളോട് അദ്ദേഹം പ്രതികരിക്കുന്നു.

ചോദ്യം :താങ്കളുടെ  സ്ഥാനാർത്ഥിത്വം ഫൊക്കാനയിൽ വലിയ വിവാദങ്ങൾ ആണല്ലോ ഉണ്ടാക്കിയത്. ഈ വിവാദങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു?

ഉത്തരം : ഞാൻ ഫൊക്കാനയുടെ ഒരു അംഗമാണ്, ഫൊക്കാനയുടെ ഭൂരിഭാഗം പ്രവർത്തകരുടെയും ആവശ്യപ്രകാരമാണ് ഞാൻ സ്ഥാനാർഥി ആയത്. ഫൊക്കാന പ്രസിഡന്റ് ആകുവാൻ ആഗ്രഹിച്ച വ്യക്തിയല്ല ഞാൻ. ട്രൈസ്റ്റേറ്റു ഏരിയയിലെ മലയാളി സംഘടനകളുടെ നേതാക്കന്മാർ, ഫൊക്കാനയുടെ നേതാക്കന്മാരൊക്കെ ആവശ്യപ്പെട്ടതിൻ പ്രകാരമാണ് ഞാൻ മത്സര രംഗത്തു വന്നത്. ഞാൻ ഒരിക്കൽ പോലും അറിയാത്ത വിവാദങ്ങളിലേക്കാണ് എന്നെ പലരും കൊണ്ടെത്തിച്ചത്, ഞാൻ പല സംഘടനകളുടെ സ്ഥാനങ്ങളിലും പ്രവർത്തിക്കുകയും ചെയ്യുന്ന ഒരാളാണ്. അമേരിക്കയിലുള്ള ഒട്ടുമുക്കാലും സാമൂഹ്യ പ്രവർത്തകരുടെ ചരിത്രം നോക്കിയാൽ പല സംഘടനകളിൽ പ്രവർത്തിക്കുന്നവരാണ് അവരെല്ലാവരും. അവർക്കാർക്കും ഇല്ലാത്ത അയിത്തമാണ് ചില ആളുകൾ എനിക്കെതിരെ ഉന്നയിച്ചത്, അതിൽ അതിയായ വേദനയുണ്ട്. നാമം എന്ന സംഘടയുടെ സ്ഥാപകനാണ് ഞാൻ, ആ സംഘടനാ തുടങ്ങിയ കാലം മുതൽ സാംസ്കാരിക രംഗത്തു സജീവം. നാമത്തിന്റെ പ്രതിഭാപുരസ്കാരങ്ങൾ അമേരിക്കയിലെ പലരംഗംങ്ങളിൽ പ്രവർത്തിക്കുന്ന എത്രയോ വ്യകതികൾക്കു നൽകിയിട്ടുണ്ട് അതിലൊക്കെ നാമം ഒരു സാംസ്കാരിക സംഘടനയാണെന്ന് എല്ലാവര്ക്കും അറിവുള്ളതാണ്. നാമവും നായർ മഹാമണ്ഡലവും രണ്ടും രണ്ടു സംഘടനയാണ്. അത് വിവാദമുണ്ടാക്കുന്നവർക്കുപോലും അറിയാം. അപ്പോൾ സംഭവം അതല്ല, വ്യക്തിപരമായി അധിക്ഷേപിക്കലാണ് സംഭവിക്കുന്നത്, അത് അമേരിക്കൻ മലയാളികൾ തിരിച്ചറിയും. ഇത് അമേരിക്കയാണ്, ജാതിയും മതവും പറഞ്ഞു തമ്മിലിടയ്ക്കാൻ കേരളമല്ല. ഞാൻ ജയിച്ചാലും പരാജയപ്പെട്ടാലും ഫൊക്കാനയ്‌ക്കൊപ്പം നിലകൊള്ളും. 4 വർഷത്തിലധികമായി ഫൊക്കാനയുടെ കുതിപ്പിലും കിതപ്പിലുമൊക്കെ ഒപ്പം നിന്നു, ഇനിയും അത് തുടരും. മറ്റൊരു സങ്കടം  കൂടി ഉള്ളത് ഫൊക്കാനയുടെ പ്രതിസന്ധി ഘട്ടത്തിൽ ഫൊക്കാനയെ പിടിച്ചുനിർത്തുകയും കേസിനും മറ്റുമായി ഓടി നടന്ന വ്യക്തികളെ സ്വാർത്ഥ താല്പര്യമുള്ളവർ എന്നൊക്കെ വിളിച്ചു അധിക്ഷേപിക്കുന്നതിനോട് എനിക്ക് യോജിക്കാൻ സാധിക്കില്ല. അന്ന് ഈ പറയുന്ന ആരെയും ഞാൻ കണ്ടിട്ടില്ല. ഫൊക്കാനയിൽ അത്ര സജീവമായിരുന്നില്ലെങ്കിലും ഞാനും ഇതൊക്കെ ശ്രദ്ധിച്ചിരുന്ന ഒരാൾ ആണ്.

ചോദ്യം : എന്തുകൊണ്ടാണ് ഫൊക്കാനയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിക്കുവാൻ തീരുമാനിച്ചത്.?

ഉത്തരം : 1983 ലാണ് ഫൊക്കാന തുടങ്ങുന്നത് അമേരിക്കൻമലയാളികളു ടെ വളർച്ചയിൽ സാംസ്കാരികമായി ഇടപെടലുകൾ നടത്തിയ സംഘടന എന്ന നിലയിൽ അമേരിക്കയിലും ഈ സംഘടനയ്ക്ക് ഒരു മതിപ്പുണ്ട്. ഈ സാഹചര്യം ആണ് ഒന്നാമതായി മത്സരിക്കാനുള്ള കാരണം. അതിനു ഫൊക്കാനയുടെ നേതൃത്വത്തിലുള്ളവരുടെയും സുഹൃത്തുക്കളുടെയും പിന്തുണ ഉണ്ടായി. ഞാൻ ഒരു സംഘടനയെ നോക്കികാണുന്നത് അതിന്റെ സിസ്റ്റത്തിലൂടെയാണ്. ഒരു മികച്ച സിസ്റ്റം ഫൊക്കാനയ്ക്കുണ്ട്, അതിനൊപ്പം നീക്കാനാണ് എനിക്കിഷ്ടം. ഞാൻ ഒരു മാനേജുമെന്റ് രംഗത്തു പ്രവർത്തിക്കുന്ന ആളായതുകൊണ്ടു ഫൊക്കാനയുടെ ഈ സിസ്റ്റത്തെ ഒരു പടികൂടി മുന്പിലെത്തിക്കുക എന്ന് മാത്രമേ ലക്ഷ്യമുള്ളൂ. കാനഡായിൽ നടന്ന ഫോക്കനാ കൺവൻഷൻ നന്നായി സംഘടിപ്പിക്കപ്പെട്ടതായിരുന്നു. ചിക്കാഗോ കൺവൻഷൻ എങ്ങനെ ആയിരുന്നോ അതുപോലെ അത് നിലനിർത്തുവാൻ ഫൊക്കാന നേതാക്കൾക്ക് സാധിച്ചു. അതുപോലെ തന്നെ കൺവൻഷൻ ന്യൂ ജേഴ്സിയിൽ നടത്തുക എന്നതാണ് ആഗ്രഹം, അതിനു എല്ലാ ആളുകളുടെയും സഹായ സഹകരണമാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ഫൊക്കാനയ്ക് ന്യൂ ജേഴ്സിയിൽ ഒരു ആസ്ഥാനവും  ഉണ്ടാകണം എന്ന് ആഗ്രഹം ഉണ്ട്.

 ചോദ്യം : ഫൊക്കാനയുടെ റീജിയനുകൾ മുന്പുള്ളതുപോലെ ശക്തമല്ല എന്ന് തോന്നിയിട്ടുണ്ടോ.

ഉത്തരം : ഫൊക്കാനയുടെ റീജിയനുകൾ എല്ലാം ശക്തമാണ്. ഫൊക്കാനയ്ക്കു ഒൻപതു റീജിയനുകളാണ് ഉള്ളത് വാഷിഗ്ടൺ, ഫ്ലോറിഡാ, കാലിഫോർണിയ, ഡിട്രോയിട്, ഹ്യൂസ്റ് റൺ, കാനഡ, ബോസ്റ്റൺ, ന്യൂ യോർക്ക്, ന്യൂജേഴ്സി – ഫിലാഡൽഫിയ. എല്ലാ റീജിയനുകളുമായും നിരന്തരമായി ബന്ധം പുലർത്തി പ്രവർത്തിക്കുവാനാണ് എന്റെ തീരുമാനം. എല്ലാ റീജിയനിലെയും പ്രവർത്തകരുമായി ചുരുങ്ങിയ സമയം കൊണ്ട് നല്ല ബന്ധം സ്ഥാപിക്കുവാൻ ഞാൻ ശ്രമിക്കുന്നു.

ചോദ്യം : ഫൊക്കാനയ്ക്കു ഒരു ഡയറക്റ്ററി ഉണ്ടാക്കും എന്ന് മുൻപ് പറഞ്ഞിരുന്നല്ലോ, എന്താണ് അങ്ങനെ ഒരു തീരുമാനം എടുക്കുവാൻ കാരണം.

ഉത്തരം : അമേരിക്കൻ മലയാളികളുടെ ഒരു ഡാറ്റ ബാങ്ക് ഉണ്ടാക്കാനാണ് എന്റെ ശ്രമം. ഫൊക്കാനയുടെ റീജിയനുകൾ മുഖേന ഉള്ള ഡാറ്റാ കളക്ഷൻ ആണ് അതിന്റെ ആദ്യ ഭാഗം. രണ്ടാമത് മറ്റു സംഘടനകളെയും ഡാറ്റ ബാങ്കുമായി ചേർക്കുന്നു എന്നതാണ് രണ്ടാം ഭാഗം. സാമൂഹ്യ, മത, സാംസ്കാരിക സംഘടനകളുടെയും മെമ്പര്മാരുടെയും പൂർണ്ണ വിവരങ്ങൾ അതിലുണ്ടാകും. കൂട്ടായ ചർച്ചയിലൂടെ നടത്തേണ്ട ഒരു പ്രോജക്ടാണ് അത്.

ചോദ്യം :പഴയ തലമുറ മാത്രമാണ് ഫൊക്കാനയുടെ തലപ്പത്തുള്ളത് എന്ന് പലരും അഭിപ്രായപ്പെടാറുണ്ട്.പുതിയ ആളുകൾ വരണ്ടേ ?

ഉത്തരം : തീർച്ചയായും വരണം, പഴയ തലമുറയും വേണ്ടേ. പുതിയ തലമുറ എല്ലാ സംഘടനയിലും ഉണ്ട്, പക്ഷെ ആ പുതു തലമുറ നാട്ടിൽ നിന്നു ഒരു 15 കൊല്ലത്തിനുള്ളിൽ വന്നവരാണ്. ഇവിടുത്തെ മൂന്നാം തലമുറ ആക്ടീവായി നിൽക്കേണ്ടത് അമേരിക്കൻ രാഷ്ട്രീയ രംഗത്താണ്. അതിനു ഒരു ബാലപാഠമായി ഫൊക്കാന മാറണം അതിനു നമുക്ക് പലതും ചെയ്യാനുണ്ട്.

സംഘടയിൽ പ്രവർത്തിക്കുവാൻ സന്നദ്ധതയുള്ള ആളുകൾ ആണ് ഫൊക്കാനയ്ക്കു ആവശ്യം, അമേരിക്കൻ ജോലി തിരക്കിനിടയിൽ സംഘടനാ പ്രവർത്തനം  സേവനം അല്ലെ. പുതിയ തലമുറ സേവന സന്നദ്ധത ഉള്ളവരാണ്. അവരെ മുഖ്യധാരയിൽ കൊണ്ടുവരാകുവാൻ ശ്രമിക്കണം. കൂടാതെ പുതിയ തലമുറയെ നാടുമായി ബന്ധിപ്പിക്കുന്നതിന് അവരെ കൂടി വിപുലമായ തരത്തിൽ പങ്കെടുപ്പിച്ചുകൊണ്ടുള്ള കേരളാ കൺവൻഷൻ നടത്തണമെന്ന് ആഗ്രഹം ഉണ്ട്. കേരളത്തിലെ സർവകലാശാലകളുടെ സഹകരണത്തോടെ സെമിനാറുകൾ തുടങ്ങി നിരവധി കാര്യങ്ങൾ മനസ്സിൽ ഉണ്ട്. ഇവയൊക്കെ ഫൊക്കാനയുടെ എല്ലാ പ്രവർത്തകരുമായി ആലോചിച്ച ശേഷമേ നടപ്പിലാക്കുകയുള്ളു.

ചോദ്യം : ഒരുകാലത്തു ഫൊക്കാന അറിയപ്പെട്ടിരുന്നത് സംഘടനയുടെ ചാരിറ്റി പ്രോഗൃാമിലൂടെയാണ്. കേരളത്തിലെ അശരണരായ ആളുകൾക്ക് അത് വലിയ ആശ്വാസവുമായിരുന്നു. ഇപ്പോൾ മറ്റുപല സംഘടനകളും അത് ഭംഗിയായി നടപ്പിലാക്കുന്നു. താങ്കൾ ഈ രംഗത്തു എന്തെങ്കിലും പദ്ധതികൾ മനസ്സിൽ ഉണ്ടോ.

ഉത്തരം : ഫൊക്കാനയുടെ ചാരിറ്റി പ്രോജക്ടുകൾ എല്ലാം കേരളത്തിലെ പ്രയാസം അനുഭവിക്കുന്ന ആളുകൾക്ക് ഗുണം ചെയ്തിട്ടുള്ളവയാണ്, അത് എക്കാലവും ഗുണം മാത്രമേ ചെയ്തിട്ടുള്ളു. ഒരു നല്ല ചാരിറ്റി പ്രോജക്ട് മനസിൽ ഉണ്ട്. ഒരു ചാരിറ്റിക്ക് പണം മുടക്കിയാൽ അതു പൂർത്തിയാകുന്നതുവരെ  നാം അതിന്റെ പിന്നിൽ ഉണ്ടാകണം. എങ്കിലേ അതു വിജയിക്കുകയുള്ളു.

 ചോദ്യം :ഫൊക്കാനയെ സംബന്ധിച്ച് വിവാദങ്ങൾ ഉന്നയിക്കുന്നവർ പറയുന്ന ഒരു കാര്യം ചില വ്യക്തികളുടെ  കൈകളിലേക്ക് ഫൊക്കാന പൊയ്ക്കൊണ്ടിരുന്നു എന്നാണ്, അത് സത്യമാണോ?

ഉത്തരം: എനിക്കു അങ്ങനെ തോന്നിയിട്ടില്ല .സംഘടനയ്ക്ക് വേണ്ടി പ്രവർത്തിക്കുന്നവർക്കേ നിലനിൽപ്പുള്ളൂ. അല്ലാത്തവർ അങ്ങനെ പറഞ്ഞുകൊണ്ടിരിക്കും. തിന്നുകയുമി ല്ല തീറ്റിക്കുകയുമില്ല, ഇങ്ങനെ ഉള്ള ആളുകൾ സംഘടനയിൽ എക്കാലവും ഉണ്ട്. ഫൊക്കാനയുടെ വളർച്ച ആഗ്രഹിക്കുന്നവർക്ക് ഇക്കൂട്ടരെ തിരിച്ചറിയാൻ സാധിക്കും. അമേരിക്കയിൽ സംഘടനാ പ്രവർത്തനം ധനനഷടം മാത്രമല്ല മാനഹാനിയും ചിലപ്പോൾ ഉണ്ടാകും, അല്ലെങ്കിൽ ഉണ്ടാക്കും. അതിനെയൊക്കെ അതിജീവിച്ചാണ് ഫൊക്കാനയെ നയിച്ചവർ ഇവിടെവരെ എത്തിച്ചത്.

 ചോദ്യം : ഒരു സമവായ ശ്രമത്തിനു ഇനിയും സാധ്യത  ഉണ്ടോ ?

ഉത്തരം : കാനഡാ കൺവൻഷനിൽ ഇലക്ഷൻ വിവാദം ആക്കിയപ്പോൾ ഞാൻ മാറി നിൽക്കാം എന്ന് പറഞ്ഞതാണ്, അത് ഇപ്പോളും ആവർത്തിക്കുന്നു. ഒരു ഗ്രുപ്പിനെ പൂർണ്ണമായും ഇല്ലാതാക്കി സമവായം എന്ന് പറയാൻ പറ്റുമോ. ഞാൻ എന്ത് സമവായത്തിനും തയാറാണ് പക്ഷെ അത് ന്യായമായിരിക്കണം. ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിച്ചു ഒരു വ്യക്തിയെ തകർക്കാൻ ശ്രമിക്കുന്നതാണോ സമവായം? മാധവൻ നായർ എന്ന വ്യക്തിക്ക് പ്രവർത്തിക്കുവാൻ ഇഷ്ടം പോലെ സംഘടനകൾ ഉണ്ട്. പക്ഷെ ഫൊക്കാന അങ്ങനെ അല്ല അതൊരു സംഘടനകളുടെ സംഘടനയാണ് അത് പലരും മറന്നു. ഞാൻ ഇപ്പോളും പറയുന്നു സമവായത്തിന് ഞാൻ തയാറാണ്, അത് നല്ല രീതിയിൽ ആണെങ്കിൽ. എന്നെ എല്ലാവരും നിർബന്ധിച്ചാണ് രംഗത്തിറക്കിയതു, തള്ളാനാണെങ്കിലും, കൊള്ളാനാണെങ്കിലും ഫൊക്കാനയ്ക്കാണ് ആ ഉത്തരവാദിത്വം. വിവാദങ്ങളിലൂടെ ജയിച്ചാൽ തന്നെ കൂട്ടയ്മായില്ലെങ്കിൽ ആർക്കും നന്നായി പ്രവർത്തിക്കുവാൻ സാധിക്കില്ല. അത് ഫൊക്കാനയെ തളർത്തുകയെ ഉള്ളു അത് കൊണ്ടാണ് ഞാൻ പറഞ്ഞത് വിവാദങ്ങൾക്കു ഞാൻ ഇല്ല എന്ന്.

തന്റെ നിലപാട് വളരെ വ്യക്തമായി പറയുകയാണ് മാധവൻ നായർ. നിരവധി സംഘടനകളുടെ നേതൃത്വ രംഗത്തു പ്രവർത്തിക്കുന്ന അദ്ദേഹത്തിന്റെ സേവനം ഫൊക്കാനയ്ക്കു ആവശ്യമെങ്കിൽ ഉപയോഗിക്കാം വെറുതെ അനാവശ്യവിവാദങ്ങൾ ഉണ്ടാക്കി മാനേജുമെന്റ് രംഗത്തു പ്രവർത്തിക്കുന്ന ഒരാളെ ഇല്ലായ്മ ചെയ്യുന്നത് ശരിയല്ല എന്ന്ചിന്തിക്കുന്നവരും  ഫൊക്കാനയിൽ ഉണ്ടെന്നാണ് മാധവൻ നായരുടെ വിശ്വാസം.

LEAVE A REPLY

Please enter your comment!
Please enter your name here