ഒരുകാലത്തു മാത്രമല്ല എക്കാലവും അമേരിക്കൻ മലയാളികളുടെ അവിഭാജ്യ ഘടകമാണ് ഫൊക്കാനാ. ഇരുപത്തിനാലു മണിക്കൂറും കൂടി പോകുമ്പോൾ ഫൊക്കാനയുടെ 2016-18 കാലയളവിലെ ഭരണ സമിതി തെരഞ്ഞെടുപ്പ് കടന്നു വരികയാണ്. ഫൊക്കാനായുടെ നിലവിലെ ജോയിന്റ് സെക്രട്ടറി ജോസഫ് കുരിയപ്പുറം “അനിശ്ചിതത്വത്തിലായ ഫൊക്കാന തെരഞ്ഞെടുപ്പ്”എന്ന പേരിൽ ഒരു പത്ര പ്രസ്താവന മാധ്യമങ്ങൾക്കു നൽകുകയുണ്ടായി. ഫൊക്കാനയുടെ മുതിർന്ന ഒരു പ്രവർത്തകൻ എന്ന നിലയിൽ ഈ പ്രസ്താവനയ്ക്ക് മറുപടി പറയേണ്ടത് അത്യാവശ്യമാണെന്ന് തോന്നിയതുകൊണ്ട് ചില വസ്തുവകൾ അമേരിക്കൻ മലയാളികളുടെ മുൻപിൽ അവതരിപ്പിക്കട്ടെ.

ഫൊക്കാനയുടെ ഔദ്യോഗിക സ്ഥാനത്തിരുന്നുകൊണ്ടു ജനറൽ ബോഡിയിലോ കമ്മിറ്റിയിലോ അവതരിപ്പിക്കേണ്ട ഒരു വിഷയത്തെ, അല്ലങ്കിൽ വോട്ടു ചെയ്യാനെത്തുന്ന 280 പ്രതിനിധികളുടെ മുൻപിൽ അവതരിപ്പിക്കേണ്ട ഒരു കാര്യത്തെ ആറുലക്ഷം വരുന്ന അമേരിക്കൻ മലയാളികൾക്ക് മുൻപിൽ അവതരിപ്പിച്ചു ഫൊക്കാനയെ നാറ്റിക്കുന്നത് ആത്മാർത്ഥതയുള്ള സംഘടനാപ്രവർത്തനം ആണോ ? ഇതിനെ പല്ലിടകുത്തി മണപ്പിക്കുക എന്നാണ് പച്ചമലയാളത്തിൽ പറയുക.

ഫൊക്കാനാ കാനഡാ കൺവൻഷന്റെ അവസാന നിമിഷം നടക്കാനിരുന്ന തെരഞ്ഞെടുപ്പിന് നിമിഷങ്ങൾക്ക് മുൻപ് അവതരിപ്പിക്കപ്പെട്ട അടിസ്ഥാന രഹിതമായ ആരോപണമായിരുന്നു പ്രസിഡന്റായി മത്സരിക്കുന്ന മാധവൻ ബി. നായർക്കെതിരെ ഉന്നയിക്കപ്പെട്ടത്. അദ്ദേഹം ജയിക്കുകയോ പരാജയപ്പെടുകയോ ചെയ്തേക്കാം. പക്ഷെ ഒരു വ്യക്തിയുടെ മേൽ ഈ നൂറ്റാണ്ടിൽ ആരോപിക്കപ്പെടാൻ പാടില്ലാത്ത ഒരു വർഗീയതതയുടെ മുഖം ആരോപിച്ചു അദ്ദേഹത്തെ ഇല്ലായ്മ ചെയ്യുവാനുള്ള ശ്രമം ഫൊക്കാനാ പ്രവർത്തകരുടെ ഭാഗത്തു നിന്നും ഉണ്ടായത് വളരെ ബാലിശമായിപ്പോയി.

വർഗീയ സംഘടനകൾക്ക് ഫൊക്കാനയിൽ സ്ഥാനമില്ല എന്ന് അടിവരയിട്ടു പറയേണ്ടതുണ്ട്. പക്ഷെ വിവിധ ജാതി മത സംഘടനകളിൽ പ്രവർത്തിക്കുന്നവർ സാംസകാരിക സംഘടനകളിൽ അംഗങ്ങൾ ആകുന്നതും അവർ അമേരിക്കയിലെ സാംസ്കാരിക സംഘടനകളുടെ സംഘടനകളിൽ നേതൃത്വ രംഗത്തു വരുന്നതും പുതുമയുള്ള കാര്യമല്ല.

ശ്രീ: മാധവൻ നായർ സാംസ്കാരിക സംഘടനയായി രജിസ്റ്റർ ചെയ്തിട്ടുള്ള  “നാമം” എന്ന സാംസകാരിക സംഘടനയുടെ പ്രവർത്തകനാണ്. അദ്ദേഹം പ്രവർത്തിക്കുന്ന സാമുദായിക സംഘടനയാണ് “നായർ മഹാ മണ്ഡലം” എന്നത് എന്റെ സുഹൃത്തുക്കൾ മറന്നു പോയി. അമേരിക്കയിൽ ഉള്ള എല്ലാ മലയാളികളും വിവിധ മത ജാതി സംഘടനകളിൽ അംഗവും, സജീവപ്രവർത്തകരുമാണ്. അവരൊക്കെ തന്നെയാണ് പല സാംസകാരിക സംഘടനകളുടെ തലപ്പത്തിരിക്കുന്നതും. അപ്പോൾ അത് ഒരാൾക്ക് മാത്രം പറ്റില്ല എന്ന് പറയുന്നതാണ് യഥാർത്ഥ വർഗീയത. അത് അമേരിക്കൻ മലയാളികൾ അംഗീകരിക്കില്ല. ഏകോദര സഹോദരരെ പോലെ ജീവിച്ചുവരുന്ന മലയാളി സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ഒരു നീക്കത്തിനും ആരും കൂട്ട് നിൽക്കരുത്. അദ്ദേഹം ഇന്നുവരെയും സമവായ ശ്രമങ്ങൾക്ക് എന്ത് വിട്ടു വീഴ്ചകൾക്കും തയാറായ വ്യക്തി ആണ് പക്ഷെ അവിടെയും എതിർ നാണം കെട്ട കളി കളിച്ചു സംഘടനയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ആരാണ് എന്ന് എല്ലാവർക്കും അറിവുള്ളതാണ്.

രണ്ടു വർഷം മുൻപ് അംഗത്വമെടുത്ത സംഘടന യാണ് നാമം എന്നും സംഘടനാപരമായ അവകാശങ്ങള്‍ തുടര്‍ന്നും നല്‍കണം എന്ന വാദത്തിന് കഴമ്പില്ല എന്നുമാണ് ആരോപണം ഉന്നയിക്കുന്ന ഒരു വാദം. എന്നാൽ ഒരു സത്യം അദ്ദേഹം മറച്ചുവച്ചു, നാമം ഒരു വർഗീയ സംഘടനയായ അല്ല രജിസ്റ്റർ ചെയ്തിട്ടുള്ളത് എന്ന് ഫൊക്കാനയിൽ അംഗത്വം എടുക്കുന്ന സമയത്തു  ബോധിപ്പിച്ചിട്ടുള്ളതാണ് എന്ന് ജോയിന്റ് സെക്രട്ടറി ആയ അദ്ദേഹത്തിന് അറിവുള്ളതല്ലേ?

ഫൊക്കാനാ പ്രതിസന്ധി  പരിഹരിക്കാന്‍ ചുമതലപ്പെടുത്തിയ പന്ത്രണ്ടംഗ സമിതിയുടെ പ്രവർത്തനങ്ങൾക്കു ഒരു പുല്ലിന്റെ വില പോലും കൽപ്പിക്കാതിരുന്നത് ആരാണ് എന്ന് അംഗ സംഘടനകൾ മനസിലാക്കണം. ആദരണീയനായ ഫൊക്കാനാ മുൻ ജനറൽ സെക്രട്ടറി മാമൻ സി ജേക്കബിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ സമവായ ശ്രമങ്ങളോട് മുഖം തിരിഞ്ഞു നിന്നവർ ആരാണ്? അവരുടെ പ്രവർത്തന മികവിനെപ്പോലും അംഗീകരിക്കുവാൻ തയാറാകാത്തവരാണോ ഫൊക്കാനയ്ക്കു ഇനിയും കുടപിടിക്കാൻ പോകുന്നത്?

ഫൊക്കാന സ്ഥാപിതമായപ്പോള്‍ തന്നെ അതിന്റെ അടിസ്ഥാന പ്രഖ്യാപിത നയങ്ങള്‍ വ്യക്തമായി നിയമാവലിയില്‍ എഴുതിച്ചേര്‍ത്തിട്ടുള്ളതാണ്. അതനുസരിച്ചാണ് ഐ.ആര്‍.എസ്. ഫൊക്കാനയെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും. ഈ നിയമാവലി അനുസരിച്ചാണ് ഫൊക്കാന ഇന്ന് വരെ പ്രവർത്തിച്ചിട്ടുള്ളത്.

ആരോപണ വിധേയമായ മറ്റൊരു വിഷയം ന്യൂജെഴ്സി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളി അസ്സോസിയേഷന്‍ ഓഫ് ന്യൂജെഴ്സി (മഞ്ച്) യുടെ അംഗത്വമാണ്. നിലവിലുള്ള ഫൊക്കാന ഭരണഘടനയനുസരിച്ച് പുതുതായി വരുന്ന സംഘടനകള്‍ക്ക് രണ്ട് വര്‍ഷത്തെ കാത്തിരിപ്പ് വേണമെന്നുള്ളതിനാല്‍ ഈ സംഘടനയുടെ പ്രതിനിധികള്‍ക്ക് നിയമാനുസൃതമായി വോട്ട് ചെയ്യാന്‍ അവകാശമില്ല എന്നാണ് വാദം, ഇത് ശുദ്ധ അസംബന്ധമാണ്. 2013 നവംബർ മാസത്തിൽ ആണ് ഫൊക്കാനയിൽ അംഗത്വം എടുക്കുന്നത്. എന്നാൽ ഡൊമസ്റ്റിക് ബിസ്സിനസ് കോർപ്പറേഷൻ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള സംഘടന പോലും ഫൊക്കാനയിൽ അംഗത്വമെടുത്ത വിവരം ആരോപണം ഉന്നയിക്കുന്നവർ മറച്ചു വെച്ചു.

ഇലക്ഷന്‍ കമ്മീഷണർക്കെതിരെ ഉന്നയിക്കുന്ന ഗുരുതരമായ ആരോപണം ഭരണ ഘടന ലംഘനം കൂടിയാണ്. കാരണം, എല്ലാവരുടെയും സംയുക്ത അഭിപ്രായത്തോടെയാണ് ഒരു ഇലക്ഷൻ കമ്മീഷണറെ നിയമിക്കുക. ഇലക്ഷൻ പ്രഖ്യാപിച്ച സമയം മുതൽ കാനഡയിൽ വോട്ടെടുപ്പ് തുടങ്ങുന്ന സമയം വരെ അദ്ദേഹം വളരെ കൊള്ളാവുന്ന വ്യക്ത്തി ആയിരുന്നു. പെട്ടന്ന് എങ്ങനെയാണു അദ്ദേഹം മോശക്കാരനായത് എന്ന് മനസിലാകുന്നില്ല. ഇലക്ഷൻ കമ്മീഷന്റെ തീരുമാനങ്ങളുടെയും പ്രവർത്തനങ്ങളുടെയും രഹസ്യ സ്വാഭാവത്തെ ക്കുറിച്ചും ആരോപണം ഉന്നയിക്കുന്നവർ മറന്നു. ഒരു ഇലക്ഷൻ കമ്മീഷന്റെ പ്രവർത്തനങ്ങളെ അംഗീകരിക്കുവാൻ സാധിക്കാത്തവർ എന്ത് ജനാധിപത്യമാണ് അവകാശപ്പെടുന്നത്. ഇക്കുട്ടർ അദ്ദേഹത്തെ കേൾക്കാണെങ്കിലും തയാറായോ എന്നുകൂടി സ്വയം വിമർശനമായി വിലയിരുത്തേണ്ടതാണ്.

2006 ൽ ഉണ്ടായ സാഹചര്യങ്ങൾ മനപ്പൂർവം വീണ്ടും ഫൊക്കാനയിൽ ഉണ്ടാക്കി ഈ പ്രസ്ഥാനത്തെ തകർക്കാൻ ശ്രമിക്കുമ്പോൾ ആരോപണം ഉന്നയിക്കുന്നവരൊക്കെ ഫൊക്കാനയുടെ സന്നിഗ്ധഘട്ടങ്ങളിൽ എവിടെയയായിരുന്നു എന്ന് കൂടി ചോദിക്കണം. ജാതി മത വർഗീയ താല്പര്യങ്ങൾ ഉന്നയിച്ചു ഫൊക്കാനയെ തകർക്കാനുള്ള ശ്രമങ്ങൾ അംഗ സംഘടനകൾ ഇല്ലാതാക്കണം. 4 വർഷമായി നടന്നു വരുന്ന ഫൊക്കാനാ കൺവൻഷൻ മാത്രം മതി ഫൊക്കാനയുടെ സാംസ്കാരിക വളർച്ച മനസിലാക്കാൻ. അതിനു നേതൃത്വം കൊടുത്തവരെ, മികച്ച സംഘാടനം നടത്തിയവരെ വ്യക്തിപരമായി ആക്ഷേപിക്കുന്നതിനോട് ഒരു മുതിർന്ന ഫൊക്കാന പ്രവർത്തകൻ എന്ന നിലയിൽ ഒട്ടും യോജിക്കുവാൻ സാധിക്കയില്ല. ഇതിലെ സത്യാവസ്ഥ മനസിലാക്കാൻ അംഗ സംഘടനകളും ശ്രമിക്കണം.

ഫൊക്കാനാ തെരഞ്ഞെടുപ്പ് ഫൊക്കാനയുടെ ആഭ്യന്തര പ്രശ്നം ആണ്. അത് പൊതുജനങ്ങളെ അറിയിച്ചു മഹത്തായ ഒരു സംഘടനയെ പൊതുജന മധ്യത്തിൽ അവഹേളിച്ചവർക്കു അംഗസംഘടനകൾ മാപ്പു നൽകില്ല. ഫൊക്കാനയുടെ ഔദ്യോഗിക പദവിയിൽ ഇരുന്നുകൊണ്ട് കമ്മിറ്റിയിലോ ജനറൽ ബോഡിയിലോ വതരിപ്പിക്കേണ്ട വിഷയത്തെ പത്രപ്രസ്താവന ഇറക്കി ഫൊക്കാനയുടെ  അംഗസംഘടനകളെയും മലയാളി സമൂഹത്തിൽ നിന്ദ്യരാക്കിയത് ഒട്ടും ശരിയായില്ല എന്നതാണ് എന്റെ അഭിപ്രായം.

ഫൊക്കാനയെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും സുതാര്യമാണ്. ഫൊക്കാനയുടെ നേതൃത്വത്തിൽ വരുന്ന ആളുകൾ ഫൊക്കാനയിൽ നിന്നും സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാക്കി എന്ന ആരോപണം ബാലിശമായിപ്പോയി. കാരണം ഓരോ കൺവൻഷൻ തീരുന്ന സമയത്തു ഉണ്ടാകുന്ന സാമ്പത്തിക ബാധ്യതകൾ നമുക്കേവർക്കും അറിയാവുന്നതാണ്. ഇതെല്ലം വ്യക്തിപരമായ ആരോപണങ്ങൾ ആണ്. അത് തിരിച്ചറിയാനുള്ള ശേഷി അംഗ സംഘടനകൾക്കും ഫൊക്കാനയെ സ്നേഹിക്കുന്നവർക്കും ഉണ്ടാകണം നശിപ്പിക്കാൻ തീരുമാനിച്ചിറങ്ങുന്നവർക്കു അതിൽ മാത്രമായിരിക്കും ശ്രദ്ധ. അപ്പോൾ ഇല്ലാതാകുന്നത് മുപ്പത്തിയഞ്ചു ആണ്ടുകൾ പിന്നിടുന്ന മഹത്തായ ഒരു പ്രസ്ഥാനമാണെന്നു ഒരിക്കൽ കൂടി അംഗ സംഘടനകളുടെ പ്രതി നിധികളെങ്കിലും ഓർത്തിരിക്കുന്നതു നന്നായിരിക്കും. ഇല്ലായ്‌മ ചെയ്യുവാൻ ഒരു നിമിഷം മതി ഉണ്ടാക്കിയെടുക്കുവാനാണ് സമയവും കാലവും വേണ്ടത്.

ടി. എസ്. ചാക്കോ

LEAVE A REPLY

Please enter your comment!
Please enter your name here