ഫൊക്കാനായുടെ 2016-18 കാലയളവിലേക്കുള്ള തെരഞ്ഞെടുപ്പിൽ മാധവൻ നായർ, ഫിലിപ്പോസ് ഫിലിപ് എന്നിവർ നേതൃത്വം നൽകുന്ന പാനലിനെ വിജയിപ്പിക്കണമെന്ന് ഫൊക്കാനയുടെ മുതിർന്ന നേതാവ് ടി എസ് ചാക്കോ അറിയിച്ചു. ഇന്ന് (ഒക്‌ടോബര്‍ 15 ന്) ഫിലഡല്‍ഫിയയില്‍ വച്ച് നടക്കാന്‍ പോകുന്ന ഫൊക്കാന തിരഞ്ഞെടുപ്പില്‍ 2016-18 ലെ സാരഥികളായി മാധവന്‍നായര്‍ നേതൃത്വം നല്‍കുന്ന ടീമിനെ വിജയിപ്പിക്കണമെന്ന് വിവിധ മലയാളി സംഘടനാ നേതാക്കള്‍ അഭ്യര്‍ഥിച്ചു. പ്രസിഡന്റായി മാധവന്‍ നായര്‍, ജനറല്‍ സെക്രട്ടറിയായി ഫിലിപ്പോസ് ഫിലിപ്പ്, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി ജോയി ഇട്ടന്‍, ട്രഷററായി ഷാജി വര്‍ഗീസ്, വൈസ് പ്രസിഡന്റായി ഡോ. ജോസ് കാനാട്ട്, അസോസിയേറ്റ് ജനറല്‍ സെക്രട്ടറിയായി ഡോ. മാത്യു വര്‍ഗീസ്, ട്രസ്റ്റി ബോര്‍ഡ് മെമ്പറായി ലീലാ മാരേട്ട് എന്നിവരെ തിരഞ്ഞെടുക്കണമെന്ന് എല്ലാ പ്രതിനിധികളോടും അഭ്യര്‍ഥിക്കുന്നു. 

ജൂലൈ മൂന്നിനുശേഷം ഏകദേശം ഒന്നരമാസത്തോളം ഫൊക്കാനയുടെ അനിഷേധ്യനേതാക്കളായ മുന്‍പ്രസിഡന്റുമാരുടെയും നേതാക്കളുടെയും സമവായ ശ്രമത്തിന് പുറംതിരിഞ്ഞുനിന്ന് ഫൊക്കാനയെ കൊഞ്ഞനം കാട്ടുന്ന വ്യക്തികള്‍ സമൂഹത്തിനുതന്നെ അപമാനമാണ്. ചര്‍ച്ചകള്‍ക്കും വഴങ്ങലിനും തയാറായി മുന്നോട്ടുവന്ന മാധവന്‍നായര്‍ ടീം എന്തുകൊണ്ടും അഭിനന്ദനം അര്‍ഹിക്കുന്നു. ഇലക്ഷന് ചുരുങ്ങിയ ദിവസങ്ങൾ  ബാക്കി നില്‍ക്കുന്ന ഈ അവസരത്തില്‍ ഇനിയും ചര്‍ച്ചകള്‍ക്ക് സമയം പാഴാക്കാതെ മലയാളി സമൂഹത്തില്‍ ശക്തമായ നേതൃത്വം നല്‍കാന്‍ പ്രാപ്തരായ മാധവന്‍നായര്‍ ടീമിനെ വിജയിപ്പിക്കണമെന്ന് ഒരിക്കല്‍കൂടി അഭ്യര്‍ഥിക്കുന്നു.

ഫൊക്കാനായുടെ ചരിത്രത്തിൽ നിരവധി പ്രതിസന്ധികളിലൂടെയാണ് ഈ സംഘടനാ അമേരിക്കൻ മലയാളികൾക്കിടയിൽ മികച്ച ഒരു സംഘടനയായി വളർന്നു വന്നത്. അത് കൊണ്ട് തന്നെ ഫൊക്കാനയ്ക്കു ഒരു പേരും പ്രസക്തിയും ഇന്നും  അമേരിക്കൻ മലയാളികൾക്കിടയിൽ ഉണ്ട്. അത് ഇല്ലാതാക്കുവാനുള്ള ശ്രമത്തെ എന്ത് വിലകൊടുത്തും ചെറുക്കും. ഫൊക്കാനയിൽ നാളിതുവരെ കേട്ട് കേള്വിയില്ലാത്ത ആരോപണം ആണ് മാധവൻ നായർക്കെതിരെ ഉന്നയിക്കപ്പെട്ടതു. അത് കൊണ്ട് തന്നെ മാധവൻ നായർ ഫൊക്കാനയുടെ നേതൃത്വ രംഗത്തു വരേണ്ടത് ഫൊക്കാനയുടെ ആവശ്യമാണ്. മാധവൻ നായർ പ്രതിനിധീകരിക്കുന്ന സംഘടനയുമായി ബന്ധപ്പെട്ടു ഉന്നയിച്ച ആരോപണങ്ങൾ എല്ലാം ആർക്കും അംഗീകരിക്കുവാൻ പറ്റാത്തതാണ്. അത് കൊണ്ട് ഫൊക്കാനയുടെ തെരഞ്ഞെടുപ്പ് ഫൊക്കാനയെ സംബന്ധിച്ചും, ഫൊക്കാനയെ സ്നേഹിക്കുന്നവരെ സംബന്ധിച്ചും നിർണ്ണായകമാണ്. അതുകൊണ്ടു ഫൊക്കാനയുടെ 2016-18 വർഷത്തേക്കുള്ള തെരഞ്ഞെടുപ്പിൽ വോട്ടുള്ള ഫൊക്കാനയുടെ എല്ലാ അംഗംങ്ങളും വോട്ടു ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. ഒരു വ്യക്തിയെ ദുരാരോപണം ഉന്നയിച്ചു  ഇല്ലാതാകരുത് സമവായ ശ്രമങ്ങൾക്കു സമയമുണ്ടെന്നു മാധവൻ നായർ തന്നെ വ്യക്തമാക്കിയെങ്കിലും ഒരു തെരെഞ്ഞെടുപ്പിന്റെ സാധ്യത തന്നെയാണ് ഇപ്പോൾ ഉള്ളത്. മാധവൻ നായർ, ഫിലിപ്പോസ് ഫിലിപ്പ് എന്നിവർ നേതൃത്വം നൽകുന്ന ടീമിനെ ഫൊക്കാനയുടെ അമരത്തു കൊണ്ടുവരണമെന്ന് ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു. ഫൊക്കാനയ്ക്കു ന്യൂ ജേഴ്സിയിൽ ഒരു ആസ്ഥാനവും, മികച്ച ഒരു കൺവൻഷനുമാണ് ഈ ട്ടീമിന്റെ ലക്‌ഷ്യം. സെക്രട്ടറിയും പ്രസിഡന്റുമൊക്കെ ഒന്നിച്ചു പ്രവർത്തിക്കുവാൻ മാധവൻ നായർ നയിക്കുന്ന ടീമിന് സാധിക്കും  എന്ന് ഞങ്ങൾക്ക്  ഉറപ്പുണ്ട്.

ഫൊക്കാന കണ്‍വന്‍ഷന് വേദിയായി, മുമ്പൊരിക്കലും കണ്‍വന്‍ഷന്‍ നടന്നിട്ടില്ലാത്ത സ്ഥലങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയാണ് ഫൊക്കാനയില്‍ ഇതുവരെ കണ്ടു വരുന്ന രീതി അതുകൊണ്ടാണ് ഫൊക്കാനാ കൺവൻഷൻ ന്യൂ ജേഴ്സിയിൽ വേണമെന്ന് തീരുമാനിച്ചത്. അമേരിക്കയിലെ മിക്കവാറും നഗരങ്ങളും സ്റ്റേറ്റുകളും കണ്‍വന്‍ഷന് വേദിയായിക്കഴിഞ്ഞു. പ്രസ്തുത സ്ഥലങ്ങളിലൊക്കെ രണ്ടാം റൗണ്ട് കണ്‍വന്‍ഷന് സമയമായിട്ടുണ്ട്. അങ്ങനെയെങ്കില്‍ വാഷിംഗ്ടണ്‍, ന്യൂജേഴ്‌സി, ഡാളസ്, ഫിലഡല്‍ഫിയ എന്നിങ്ങനെയാണ് രണ്ടാംറൗണ്ടിലെ മുന്‍ഗണനാക്രമം. വാഷിംഗ്ടണില്‍ നിന്നും ആരും താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ലാത്ത സ്ഥിതിക്ക് ന്യൂജേഴ്‌സിക്ക് തന്നെയാണ് കണ്‍വന്‍ഷന്‍ നടത്താന്‍ മുന്‍ഗണന ലഭിക്കേണ്ടത്. വാഷിംഗ്ടണും ന്യൂജേഴ്‌സിയും ഡാളസും കഴിഞ്ഞശേഷമേ ഫിലഡല്‍ഫിയയെ ഇക്കാര്യത്തില്‍ പരിഗണിക്കേണ്ടതുള്ളൂ. എല്ലാവര്‍ക്കും വന്നുചേരാന്‍  യാത്രാസൗകര്യമുള്ള, അമേരിക്കന്‍ മലയാളികളുടെ കായിക, സാമൂഹ്യ, സാംസ്‌കാരിക കേന്ദ്രമായ, പ്രഗല്‍ഭരായ സംഘാടകരുടെ സമ്മേളനകേന്ദ്രമായ ന്യൂജേഴ്‌സിയില്‍ 2018 കണ്‍വന്‍ഷന്‍ നടത്തുന്നത് എന്തുകൊണ്ടും ഉചിതം തന്നെ. ഇവിടെ കണ്‍വന്‍ഷന്‍ നടത്തുവാന്‍ കേരളകള്‍ചറല്‍ ഫോറം അടക്കം മൂന്ന് സംഘടനകള്‍ തയാറായി രംഗത്തുവന്നിട്ടുണ്ട്. 

ഫൊക്കാന തുടങ്ങിവച്ച ഭാഷയ്‌ക്കൊരു ഡോളര്‍ പദ്ധതി തിരുവനന്തപുരം യൂണിവേഴ്‌സിറ്റിയില്‍ മാത്രം ഒതുക്കിനിര്‍ത്താതെ മറ്റ് യൂണിവേഴ്‌സിറ്റികളിലേക്കും വ്യാപിപ്പിക്കുക, ഗ്രാമസംഗമം, നഗരസംഗമം പദ്ധതി പുനരാരംഭിക്കുക, ഇന്ത്യയിലെയും കേരളത്തിലെയും പ്രത്യേക സാഹചര്യത്തില്‍ മതസൗഹാര്‍ദസന്ദേശം പ്രചരിപ്പിക്കാന്‍ നേതൃത്വമെടുക്കുക, അമേരിക്കന്‍ മലയാളികളുടെ സാമൂഹ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുക, പ്രവാസിമലയാളികളുടെ ജീവനും സ്വത്തിനും നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ പരിഹാരം കാണുക, അമേരിക്കയിലെ മലയാളിയുവാക്കളില്‍ കണ്ടുവരുന്ന ആത്മഹത്യ, കൊലപാതകം തുടങ്ങിയ വിപത്തുകള്‍ക്കെതിരെ ബോധവല്‍കരണം നടത്തുക, ഇവിടേക്ക് വരുന്ന മലയാളികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുക തുടങ്ങി വന്‍കര്‍മപദ്ധതികള്‍ക്ക് നേതൃത്വം കൊടുക്കാന്‍ ഫൊക്കാന വിഭാവന ചെയ്യുന്നു എന്നും ടി എസ് ചാക്കോ കൂട്ടിച്ചേര്‍ത്തു.

PresidentandTeam-new1-2

LEAVE A REPLY

Please enter your comment!
Please enter your name here