വാഷിംഗ്ടണ്‍: അമേരിക്കന്‍ ഗവണ്‍മെന്റുകളുടെ ചരിത്രം തിരുത്തി കുറിച്ചു ഇന്ത്യന്‍ അമേരിക്കന്‍ വംശജക്ക് ആദ്യമായി കാബിനറ്റ് തല റാങ്കില്‍ നിയമനം. നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് നവം.2ന് ബുധനാഴ്ച അമേരിക്കയുടെ യു.എന്‍. അംബാസിഡറായി സൗത്ത് കരോളിനാ ഗവര്‍ണറും ഇന്ത്യന്‍ വംശജയുമായ നിക്കി ഹേലിയെ നിയമിച്ചതോടെ, ഉയര്‍ന്ന പദവിയില്‍ നിയമിക്കപ്പെടുന്ന വെള്ളക്കാരല്ലാത്ത പ്രഥമ വനിത എന്ന ബഹുമതിയും നിക്കി ഹേലിക്ക് ലഭിച്ചു.

ഗവര്‍ണ്ണര്‍ പദവിയിലിരുന്ന് ചരിത്രപരമായി നിരവധി പ്രഖ്യാപനങ്ങള്‍ നടത്തിയ ഹേലി   അമേരിക്കന്‍ രാഷ്ട്രീയത്തിലെ ഉദിച്ചുയരുന്ന ഒരു താരമായാണ് അറിയപ്പെടുന്നത്. അമേരിക്കയിലേക്ക് കുടിയേറിയ സിക്ക് മാതാപിതാക്കളുടെ മകളാണ് നിക്കി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്നത്( Nimratha Nikki Randhawa Haley).

ജാതി-മത-വര്‍ണ്ണ-വര്‍ഗ വ്യത്യാസമില്ലാതെ ജനങ്ങളെ ഒന്നിച്ചു നിര്‍ത്തുന്നതില്‍ ഹേലി   പ്രകടിപ്പിച്ച മനോവീര്യം, സൗത്ത് കരോളിനാ സംസ്ഥാനത്തിന്റേയും, രാജ്യത്തിന്റേയും ഉയര്‍ച്ചയെ ലക്ഷ്യമാക്കി രാഷ്ട്രീയത്തിനതീതമായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഇവയാണ് പുതിയ ഉത്തരവാദിത്വ സ്ഥാനത്തേക്ക് നിയമിക്കുന്നതിന് പ്രചോദനമേകിയതെന്ന് ട്രമ്പ് നിയമനവുമായി ബന്ധപ്പെട്ടു പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

‘രാജ്യത്തിനകത്തും, പുറത്തും അമേരിക്ക വലിയ വെല്ലുവിളി നേരിടുകയാണ്. ഈ സാഹചര്യത്തില്‍ യു.എന്‍. അംബാസിഡര്‍ പദവി നല്‍കി ആദരിച്ചതില്‍ അതീവ കൃതാര്‍ത്ഥയാണ്’ നിയമനം സ്വീകരിച്ചു ട്രമ്പിന് നന്ദി പ്രകടിപ്പിച്ചു എഴുതിയ കത്തില്‍ നിക്കി വ്യക്തമാക്കി.

അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഇന്ത്യന്‍ വംശജര്‍ക്ക് ലഭിക്കുന്ന അംഗീകാരം ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുന്നതിനിടയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

niki with family

LEAVE A REPLY

Please enter your comment!
Please enter your name here