മതത്തിന്റെ പേരില്‍ മനുഷ്യര്‍ അസഹിഷ്ണുക്കളായി മാറുന്നത് ഇന്ത്യയില്‍ ദിനം പ്രതിവര്‍ദ്ധിക്കുകയാണ്. ഓരോ മതവിഭാഗവും കൂടുതല്‍ സങ്കുചിതരായി മാറിക്കൊണ്ടിരിക്കുമ്പോള്‍ അവരുടെ ഇരകളായി തീരുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയാണ്. അത്തരം വാര്‍ത്തകള്‍ ഇപ്പോള്‍ ഒരു വാര്‍ത്തയേ അല്ലാതായും കഴിഞ്ഞിരിക്കുന്നു.

ഏറ്റവും ഒടുവിലായി മതവിചാരണയ്ക്ക് വിധേയനാക്കപ്പെട്ടിരിക്കുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യയാണ്. ഷമിയും ഭാര്യ ഹസിന്‍ ജഹാനും ഒരുമിച്ചിരിക്കുന്ന ഒരു ഫോട്ടോ ഷമി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം.

ഈ ചിത്രം ഷമി പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം അധിക്ഷേപ കമന്റുകള്‍ ഫോട്ടോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഹിജാബ് ധരിക്കാതെയും സ്ലീവ്‌ലെസ് വസ്ത്രം ധരിച്ചുമുള്ള ഹസിന്‍ ജഹാന്റെ ചിത്രമാണ് മുസ്ലിം മൗലികവാദികളെ ചൊടിപ്പിച്ചത്. നിങ്ങളെ കുറിച്ച് ലജ്ജ തോന്നു. ഒരു മുസ്ലിം ആയ താങ്കള്‍ ഭാര്യയെ എപ്പോഴും കര്‍ട്ടനു പിറകില്‍ നിര്‍ത്താനാണ് ശ്രമിക്കേണ്ടത് എന്നൊക്കെയുള്ള കമന്റുകളാണ് ഷമിയെ തേടിയെത്തുന്നത്. ഒരാള്‍ ചോദിക്കുന്നത്, നിങ്ങളുടെ ഭാര്യ ഒരു മുസ്ലിം ആണോ അതോ വേറെ മതത്തില്‍പ്പെട്ടതാണോ എന്ന സംശയമാണ്. ഷമി ഒരു മുസ്ലിം ആണോയെന്നു കോപിക്കുന്നവരും ഉണ്ട്.

ഹിജാബ് ധരിക്കാതെ ഭാര്യയുടെ ചിത്രം ഫേസ്ബുക്കില്‍; സോഷ്യല്‍ മീഡിയയില്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കു നേരെ മുസ്ലിം മൗലികവാദികള്‍

സെലിബ്രിറ്റികള്‍ ആയാലും അവവരുടെ മതങ്ങള്‍ നിഷ്‌കര്‍ഷിക്കുന്ന ചട്ടങ്ങളും നിയമങ്ങളും അനുസരിക്കണമെന്നും ഇല്ലെങ്കില്‍ കടുത്ത അധിക്ഷേപങ്ങള്‍ കേള്‍ക്കേണ്ടി വരുമെന്ന സോഷ്യല്‍ മീഡിയ കാലത്തെ മതശാസനങ്ങളുടെ ആദ്യത്തെ ഇരയല്ല ഷമി. സാനിയ മിര്‍സ, സൈന നെഹ്വാള്‍, ദീപിക പള്ളിക്കല്‍, താനിയ സച്ച്‌ദേവ് എന്നിങ്ങനെ കായികരംഗത്തും അതേപോലെ സിനിമരംഗത്തുമുള്ള എത്രയോ പേര്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും അശ്ലീലവും ആക്ഷേപകരവുമായ ഉപദേശങ്ങളും ശകാരങ്ങളും കേള്‍ക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here