തമിഴ്‌നാട്ടില്‍ ആര് മുഖ്യമന്ത്രിയാവുമെന്നതു സംബന്ധിച്ച ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നതിനിടെ, സര്‍ക്കാര്‍ രൂപീകരിക്കാന്‍ എടപ്പാടി പളനിസാമിയെ ക്ഷണിച്ചിട്ടില്ലെന്ന് ഗവര്‍ണര്‍. പളനിസ്വാമിയെയോ പനീര്‍സെല്‍വത്തെയോ ചര്‍ച്ചക്ക് ക്ഷണിച്ചിട്ടില്ലെന്ന് ഗവര്‍ണറുടെ വക്താവ് വെളിപെടുത്തി. 

ശശികല കീഴടങ്ങിയ ബുധനാഴ്ച എടപ്പാടി പളനിസാമി വിഭാഗവും പനീര്‍സെല്‍വം വിഭാഗവും ഗവര്‍ണറെ കണ്ടിരുന്നു.എന്നാല്‍ തീരുമാനമായില്ല. ഇരു വിഭാഗവും ഗവര്‍ണറോട് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. പിന്തുണക്കുന്ന എം.എല്‍.എമാരുടെ പട്ടികയും ഇരുവരും ഗവര്‍ണര്‍ക്ക് കൈമാറിയിട്ടുണ്ട്. വിശ്വാസ വോട്ടെടുപ്പിന് അവസരം ലഭിക്കണമെന്ന ആവശ്യമാണ് ഇരുവരും ഗവര്‍ണര്‍ക്കുമുന്നില്‍ ഉന്നയിച്ചത്.
234 അംഗ തമിഴ്‌നാട് നിയമസഭയില്‍ 134 എം.എല്‍.എമാരാണ് എ.ഐ.എ.ഡി.എം.കെക്കുള്ളത്. ഇവരില്‍ ഭൂരിപക്ഷവും കഴിഞ്ഞദിവസം ജയിലിലായ ശശികല നേതൃത്വം നല്‍കുന്ന വിഭാഗത്തിനൊപ്പമാണ്. സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ ഗവര്‍ണര്‍ കാലതാമസം വരുത്തുന്നുവെന്ന പരാതി ശശികല വിഭാഗം ഉന്നയിച്ചുകഴിഞ്ഞു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ പളനിസാമിയെ ക്ഷണിക്കാതെ കൂത്തൂരിലെ റിസോര്‍ട്ടില്‍നിന്ന് പുറത്തിറങ്ങില്ലെന്ന നിലപാടിലാണ് അവര്‍. എന്നാല്‍ ഗോള്‍ഡന്‍ ബേ റിസോര്‍ട്ടിലുള്ള എം.എല്‍.എമാരെ പുറത്തുവിടണമെന്ന ആവശ്യമാണ് ഒ.പി.എസ് വിഭാഗം ഉന്നയിക്കുന്നത്.
അതിനിടെ, സംസ്ഥാനത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ താമസിയാതെ തെരഞ്ഞടുപ്പ് നടക്കുമെന്നും ഇതിനെ നേരിടാന്‍ തയ്യാറാകണമെന്നും ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ സ്റ്റാലിന്‍ പ്രവര്‍ത്തകര്‍ക്ക് ആഹ്വാനം നല്‍കി. കോയമ്പത്തൂര്‍ ചിന്നിയംപാളത്ത് പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ പനീര്‍സെല്‍വമോ, അണ്ണാ ഡി.എം.കെ നേതാക്കളോ സര്‍ക്കാരുണ്ടാക്കിയാല്‍ നിലനില്‍ക്കില്ല. ജൂണിലോ ജൂലൈയിലോ ഒരുപക്ഷേ, പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പു പോലും ഇടക്കാല തെരഞ്ഞടുപ്പ് പ്രതീക്ഷിക്കാമെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here