ന്യൂഡല്‍ഹി: ചരിത്രത്തിലാദ്യമായി ലോക്‌സഭ സ്പീക്കറുടെ ഇരിപ്പിടത്തില്‍നിന്ന് വനിത ശബ്ദം മുഴങ്ങി കേട്ടത് മീരാകുമാറിലൂടെയായിരുന്നു. 2009 ല്‍ പതിനഞ്ചാം ലോക്‌സഭയിലായിരുന്നു അത്. ആദ്യ വനിത സ്പീക്കര്‍ ദലിത് വിഭാഗക്കാരിയായതും ചരിത്രമായി. പിതാവ് ജഗ്ജീവന്‍ റാം 25 വര്‍ഷം മുമ്പിരുന്ന കസേരയില്‍ മകള്‍ ഇരുന്നതും അപൂര്‍വ അനുഭവമായി. 1980ലും 1984ലും ജഗ്ജീവന്‍ റാം ലോക്‌സഭ പ്രോട്ടേം സ്പീക്കറായിരുന്നു.

ബാബുജി എന്ന ബാബു ജഗ്ജീവന്‍ റാമിന്റെ പ്രിയപുത്രി മീര സ്പീക്കര്‍ പദവിയില്‍ തിളങ്ങി. എതിരില്ലാതെയാണ് അവര്‍ തെരഞ്ഞെടുക്കപ്പെട്ടത്. സഭ ഇളകിമറിഞ്ഞ സന്ദര്‍ഭങ്ങളില്‍ പോലും അവരുടെ ശാന്തസ്വഭാവവും സൗമ്യ ഭാഷണവും സഭക്ക് പുതുമയായി. സദാ പുഞ്ചിരിത്തിളക്കവുമായി അവര്‍ ഏവരുടെയും ആദരവ് പിടിച്ചുപറ്റി. മികച്ച സ്പീക്കര്‍ എന്ന പേരുമായാണ് 2014ല്‍ പടിയിറങ്ങിയത്.

എം.എ, എല്‍എല്‍.ബി ബിരുദധാരിയായ അവര്‍ക്ക് സ്പാനിഷില്‍ ഡിപ്ലോമയുണ്ട്. 1945 മാര്‍ച്ച് 31ന് പട്‌നയിലാണ് ജനനം. സ്വാതന്ത്യസമര സേനാനിയായ പിതാവിന്റെ രാഷ്ട്രീയം തന്നെയാണ് അവര്‍ പിന്തുടര്‍ന്നത്. പിതാവ് ജഗജീവന്‍ റാം ഉപപ്രധാന മന്ത്രി പദവും അലങ്കരിച്ചു. അമ്മ ഇന്ദാണി. ഇന്ത്യന്‍ ഫോറിന്‍ സര്‍വിസ് (ഐ.എഫ്.എസ്) വിട്ടാണ് മീരാകുമാര്‍ രാഷ്്ട്രീയത്തില്‍ ഇറങ്ങിയത്. 1973ല്‍ ഐ.എഫ്.എസില്‍ പ്രവേശിച്ച അവര്‍ സ്‌പെയിന്‍, യു.കെ, മൊറീഷ്യസ് എംബസികളില്‍ സേവനമനുഷ്ഠിച്ചു.

1985ല്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. അഞ്ചുതവണ ലോക്‌സഭയിലെത്തി. 2000ല്‍ നേതൃത്വവുമായുള്ള ഭിന്നതയെ തുടര്‍ന്ന് മീര പാര്‍ട്ടി വിട്ടു. എന്നാല്‍, 2002ല്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തി. യു.പി.എയുടെ ആദ്യ മന്ത്രിസഭയില്‍ അംഗമായി. സാമൂഹിക നീതി, ജലവിഭവ വകുപ്പിന്റെ ചുമതലയായിരുന്നു അവര്‍ക്ക്. 1990ലും 1996ലും 1998ലും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗവുമായി. സുപ്രീംകോടതി അഭിഭാഷകനായ മഞ്ജുള്‍ കുമാര്‍ ആണ് ഭര്‍ത്താവ്. ഒരു മകനും രണ്ടു പെണ്‍മക്കളുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here