പത്തനംതിട്ട∙ കോന്നി പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് വിദ്യാർഥി നേതാവടക്കം മൂന്നു യുവാക്കൾ നിരീക്ഷണത്തിൽ. വിദ്യാർഥി നേതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം ഉപാധികളോടെ വിട്ടയച്ചു. മറ്റു രണ്ടുപേരെ പൊലീസ് നിരീക്ഷിച്ചു വരികയാണ്. യുവാക്കൾ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ പെൺകുട്ടികളുമായി നിരന്തരം സൗഹൃദം സ്ഥാപിച്ചിരുന്നു. ഇതിലെ നമ്പറുകളും വിവരങ്ങളും സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് പരിശോധിച്ചു വരികയാണ്.

പെൺകുട്ടികളുടെ തിരോധാന ദിവസം വിദ്യാർഥി നേതാവ് എറണാകുളത്തും അങ്കമാലിയിലുമായി ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. ജോലി ആവശ്യത്തിനായി പോയതാണെന്നാണ് യുവാവ് നൽകിയിരിക്കുന്ന മൊഴി. ഇയാളുടെ മൊബൈൽ നമ്പറുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്. കോന്നി പൊലീസ് സ്റ്റേഷൻ പരിധി വിട്ടുപോകരുതെന്ന കർശന നിർദേശമാണ് യുവാവിന് നൽകിയിട്ടുള്ളത്.

അതേസമയം, വീട്ടുകാരും സ്കൂൾ അധികൃതരുമറിയാതെ പെൺകുട്ടികൾ മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നതായും തെളിഞ്ഞിട്ടുണ്ട്.

ഫെയ്സ്ബുക്കിലൂടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റു രണ്ടു യുവാക്കളെ പൊലീസ് നിരീക്ഷിക്കുന്നത്. ടാബ്‌ലെറ്റിലെയും ഫെയ്സ്ബുക്കിലെയും കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതോടെ പെൺകുട്ടികളുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here