ജയ്പൂർ∙ ഇന്ത്യയിലെ മഹാന്മാരായ സന്യാസിമാരുടെ പട്ടികയില്‍ ലൈംഗികാരോപണക്കേസില്‍ അറസ്റ്റിലായ വിവാദ സന്യാസി ആസാറാം ബാപ്പുവും. രാജസ്ഥാനിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥികളുടെ പാഠപുസ്തകത്തിലാണ് സ്വാമി വിവേകാനന്ദനും മദര്‍ തെരേസയ്ക്കുമൊപ്പം ആസാറാം ബാപ്പുവും ഇടംപിടിച്ചത്. സംഭവത്തെക്കുറിച്ച് രാജസ്ഥാന്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം തുടങ്ങി.

നയാ ഉജാല എന്ന പേരിലുള്ള സന്മാര്‍ഗ പാഠപുസ്തകത്തിലാണ് ഇന്ത്യയിലെ മഹത്തായ സന്യാസികളുടെ പട്ടികയില്‍ ലൈംഗികാരോപണക്കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ആസാറാം ബാപ്പുവിനേയും ഉള്‍പ്പെടുത്തിയത്. പുസ്തകത്തിന്‍റെ നാല്‍പതാം പേജില്‍ സ്വാമി വിവേകാനന്ദന്‍, ഗുരുനാനാക്ക്, ശ്രീരാമകൃഷ്ണ പരമഹംസര്‍, മദര്‍ തെരേസ തുടങ്ങിയവരുടെ ചിത്രത്തോടൊപ്പം ആസാറാം ബാപ്പുവിന്‍റെ ചിത്രവുമുണ്ട്. യോഗാഗുരു ബാബാ രാംദേവിനേയും മഹത്തായ സന്യാസിമാരുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗുരുകുല്‍ പ്രകാശന്‍ എന്ന സ്ഥാപനമാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. എന്‍സിഇആര്‍ടിയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് പുസ്തകം തയാറാക്കിയതെന്നാണ് പ്രസാധകരുടെ നിലപാട്.

പുസ്തകം സ്കൂളുകളില്‍ പഠിപ്പിക്കരുതെന്നും, സംഭവത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു. വിവാദം ശക്തമായതോടെ പ്രശ്നത്തില്‍ ഇടപെട്ട രാജസ്ഥാന്‍ വിദ്യാഭ്യാസ വകുപ്പ്, പുസ്തകം പഠിപ്പിക്കുന്ന എല്ലാ സ്കൂളുകള്‍ക്കും നോട്ടീസ് അയച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here