ന്യൂഡല്‍ഹി: പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥി ജിഷ്ണു ആതമഹത്യചെയ്ത കേസില്‍ സി ബി ഐക്ക് വീണ്ടും സുപ്രിം കോടതിയുടെ രൂക്ഷ വിമര്‍ശനം. കേസ് ഏറ്റെടുക്കാന്‍ കഴിയില്ലെന്ന സി ബി ഐയുടെ നിലപാടില്‍ അപാകതയുണ്ടെന്ന് വിലയിരുത്തിയ പരമോന്നത കോടതി വിഷയത്തില്‍ കേന്ദ്രസര്‍ക്കാരുമായി ചേര്‍ന്ന് ഒരു ദിവസത്തിൽ നിലപാട് അറിയിക്കണമെന്നും നിര്‍ദേശിച്ചു. ജിഷ്ണു കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയിലാണ് സുപ്രിം കോടതിയുടെ വിമര്‍ശനം.

കേസുമായി ബന്ധപ്പെട്ട് സി ബി ഐയുടെ നടപടിക്രമങ്ങളില്‍ വീഴ്ച സംഭവിച്ചതായും കോടതി ചൂണ്ടിക്കാട്ടി. അതേസമയം സി ബി ഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിട്ടും എന്തുകൊണ്ട് അപേക്ഷ നല്‍കിയില്ലെന്ന് ചോദിച്ച കോടതി അന്വേഷണ വിഷയത്തില്‍ നിലപാട് അറിയിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നിരിക്കെ സി ബി ഐയുടെ ചെന്നൈ യൂണിറ്റ് ജോയിന്റ് ഡയറക്ടര്‍ നിലപാട് അറിയിച്ചത് ശരിയായില്ലെന്നും നിരീക്ഷിച്ചു.

നേരത്തേ കേസ് പരിഗണിച്ചപ്പോഴും സിബിഐയെ കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. കേസ് ഏറ്റെടുക്കാന്‍ കഴിയില്ലെന്ന നിലപാട് വൈകി അറിയിച്ചതിനായിരുന്നു വിമര്‍ശനമുന്നയിച്ചത്. അന്തര്‍ സംസ്ഥാന കേസല്ലെന്നും നിലവില്‍ ജോലി ഭാരം കൂടുതലായതിനാല്‍ കേസ് ഏറ്റെടുക്കാന്‍ കഴിയില്ലെന്നും സി ബി ഐ അറിയിച്ചപ്പോള്‍ കേസ് ഏറ്റെടുക്കാന്‍ കഴിയാത്തത് സി ബി ഐ വിശദീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here