ന്യൂഡൽഹി: ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ചെടുത്ത ആദ്യ കൊവിഡ് 19 വാക്സിനായ കൊവാക്സിന്റെ മനുഷ്യരിലുള്ള ആദ്യഘട്ട ക്ലിനിക്കൽ ട്രയൽ ഇന്ന് ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിൽ ( എയിംസ് ) നടക്കും. ഇന്ന് അഞ്ച് പേരിൽ വാക്സിൻ പരീക്ഷണം നടത്തും. ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസേർച്ചിന്റെ സഹകരണത്തോടെ ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കൊവാക്സിന്റെ ക്ലിനിക്കൽ ട്രയലിൽ പങ്കെടുക്കാൻ സന്നദ്ധത അറിയിച്ച് രജിസ്റ്റർ ചെയ്തിരിക്കുന്നത് 3,500 ഓളം പേരാണ്.

ആരോഗ്യപൂർണരായ 100 പേരെ ഉൾപ്പെടുത്തിയാണ് എയിംസിൽ ആദ്യ ഘട്ട ട്രയൽ നടക്കുന്നത്. പത്ത് പേരിൽ ആദ്യം വാക്സിൻ പരീക്ഷണം നടത്തിയ ശേഷം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എത്തിക്സ് കമ്മിറ്റി പരീഷണ റിപ്പോർട്ട് പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തും. ശേഷം മറ്റുള്ളവരിലേക്കും വാക്സിനേഷൻ വ്യാപിപ്പിക്കും.വാക്സിൻ ട്രയലിൽ പങ്കെടുക്കാൻ സന്നദ്ധതയറിയിച്ച വോളന്റിയർമാരെയെല്ലാം എയിംസിൽ നിരീക്ഷിച്ച് വരികയാണ്. ഡയബറ്റീസ്, ഉയർന്ന രക്തസമ്മർദ്ദം, ഹൃദയ സംബന്ധമായ രോഗങ്ങൾ, വൃക്ക – കരൾ രോഗങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട് 50 ഓളം വ്യത്യസ്ത പരിശോധനകൾക്ക് വിധേയമാക്കിയ ശേഷമാണ് പൂർണ ആരോഗ്യത്തോടെയുള്ള വോളന്റിയർമാരെ തിരഞ്ഞെടുത്തിരിക്കുന്നത്.

ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡോ. ഡാൻഗ്സ് ലാബും കൊവാക്സിന്റെ ക്ലിനിക്കൽ ട്രയലിനായി ഭാരത് ബയോടെകുമായി സഹകരിക്കുന്നുണ്ട്. കൊവാക്സിന്റെ സുരക്ഷാ പരിശോധനകൾ സംബന്ധിച്ച പഠനങ്ങൾ ഇവിടെയും നടക്കുന്നുണ്ട്. ഇന്ത്യയിൽ എയിംസ് ഉൾപ്പെടെ 12 സ്ഥാപനങ്ങളെയാണ് കൊവാക്സിന്റെ ക്ലിനിക്കൽ ട്രയൽ നടത്താൻ ഐ.സി.എം.ആർ തിരഞ്ഞെടുത്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here