വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന ആദ്യസംവാദത്തിൽ കൊണ്ടും കൊടുത്തും റിപ്പബ്ളിക്കൻ പാർട്ടി സ്ഥാനാർത്ഥിയായ നിലവിലെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡനും. ട്രംപിനെ നുണയനെന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു ജോ ബൈഡൻ സംവാദത്തിന് തുടക്കം കുറിച്ചത്. ഇതുവരെ ട്രംപ് പറഞ്ഞതെല്ലാം നുണയാണ് എന്നായിരുന്നു ബൈഡന്റെ ആരോപണം. അയാൾ നുണയനാണെന്ന് എല്ലാവർക്കും അറിയാം.

അതിനാൽ അതിനെക്കുറിച്ച് പറയാനല്ല വന്നതെന്ന് പറഞ്ഞ ബൈഡൻ കൊവിഡ് പ്രതിസന്ധി മറികടക്കുന്നതിൽ ട്രംപ് പൂർണപരാജയമാണെന്നും ചൂണ്ടിക്കാണിച്ചു. ഒഹിയോയിലെ ക്ളീവ് ലാന്റിലായിരുന്നു സംവാദം.കൊവിഡ് കാലത്തും ഏറെപ്പേർ പങ്കെടുത്ത തന്റെറാലികളെ ന്യായീകരിച്ചുകൊണ്ടാണ് ട്രംപ് ബൈഡനെ പ്രതിരോധിക്കാൻ ശ്രമിച്ചത്. താൻ എന്ത് പറയുന്നു എന്ന് ജനങ്ങൾക്ക് അറിയാന്‍ ആഗ്രഹമുണ്ടെന്നതിന് തെളിവാണ് വമ്പൻ റാലികൾ എന്നാണ് ട്രംപ് പറഞ്ഞത്. ഇതിനൊപ്പം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് കുറച്ച് ആളുകൾ മാത്രം പങ്കെടുത്ത ബൈഡന്റെ റാലികളെ അദ്ദേഹം കളിയാക്കുകയും ചെയ്തു. പലപ്പോഴും ബൈഡനെ തന്റെ വാചകം മുഴുമിപ്പിക്കാൻ ട്രംപ് അനുവദിച്ചില്ല. നിരന്തരം തടസപ്പെടുത്തിക്കൊണ്ടിരുന്ന ട്രംപ് വ്യക്തിപരമായും ആക്രമിച്ചു.

പലവട്ടം മോഡറേറ്റർക്ക് ഇടപെടേണ്ടിയും വന്നു.ബൈഡന്റെ കുടുംബത്തെക്കൂടി ട്രംപ് സംവാദത്തിലേക്ക് വലിച്ചിഴച്ചു. ജോയുടെ മകന്റെ കച്ചവടത്തെക്കുറിച്ചുള്ളതായിരുന്നു അത്. മുമ്പ് ട്രംപിന് എതിരായ ഇംപീച്ച്‌മെന്റ് പ്രമേയം വന്ന സമയത്ത്, പ്രതിരോധത്തിനായി ബൈഡന്റെ മകന്റെ യുക്രൈനിലെ ബിസിനസ് ഇടപാടുകൾ റിപ്പബ്ലിക്കൻ പാർട്ടി ഉപയോഗിച്ചിരുന്നു.ചർച്ചയെ കൊവിഡുമായി ബന്ധപ്പെടുത്താനായിരുന്നു ബൈഡന്റെ ശ്രമം.ഇത് ഓരോ അമേരിക്കക്കാരന്റെയും കുടുംബത്തെ കുറിച്ചുള്ളതാണെന്നും അല്ലാതെ തന്റെ കുടുംബത്തെ കുറിച്ചുള്ളതല്ലെന്നും ബൈഡൻ പറഞ്ഞു.ഇരുവരും പങ്കെടുക്കുന്ന സംവാദ പരമ്പരയിലെ ആദ്യത്തേതാണ് കഴിഞ്ഞദിവസം നടന്നത്‌. ഇനി രണ്ട് സംവാദം കൂടിയുണ്ട്. വളരെക്കുറച്ചുപേർ മാത്രമാണ് സംവാദം കേൾക്കാനായി എത്തിയത്. നവംബർ മൂന്നിന് നടക്കുന്ന പ്രസിഡന്റ് തിരഞ്ഞടുപ്പിൽ ആരെ പിന്തുണയ്ക്കണമെന്ന് തീരുമാനമെടുക്കാത്ത വോട്ടർമാരെ സ്വാധീനിക്കുന്നതാകയാൽ ഇൗ സംവാദം വളരെ നിർണായകമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here