മനാമ: സൗദിയില്‍ വീണ്ടും അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഒരാഴ്ചക്കാലത്തേക്ക് താല്‍ക്കാലിക വിലക്ക്. കര അതിര്‍ത്തികളും തുറമുഖങ്ങളും അടച്ചു. സൗദി ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എസ്പിഎ റിപ്പോര്‍ട്ട് ചെയ്തതാണ് ഇക്കാര്യം.

ബ്രിട്ടനിലും ചില യൂറോപ്യന്‍ രാജ്യങ്ങളിലും അതിവേഗം വ്യാപിക്കുന്ന പുതിയ രൂപത്തിലുള്ള കൊറോണവൈറസ് റിപ്പോര്‍ട്ട് ചെയ്ത പാശ്ചാത്തലത്തിലാണ് തീരുമാനം. ഈ വൈറസിന്റെ സ്വഭാവത്തെക്കുറിച്ചുള്ള മെഡിക്കല്‍ വിവരങ്ങള്‍ വ്യക്തമാകുന്നതുവരെ വിമാന നിരോധനം നീട്ടിക്കൊണ്ടുപോയേക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വൃത്തങ്ങള്‍ വ്യക്തമാക്കി.

ഒരാഴ്ചക്കാലം അസാധാരണ സാഹചര്യങ്ങളിലുള്ള വിമാന സര്‍വിസുകള്‍ അനുവദിക്കും. നിലവില്‍ സൗദിയിലുള്ള വിദേശ വിമാനങ്ങള്‍ക്ക് തിരിച്ചു പോകാന്‍ അനുവാദമുണ്ടാകും. പുതിയ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യാത്ത രാജ്യങ്ങളില്‍ നിന്നുള്ള ചരക്ക് ഗാതഗതത്തെ വിലക്കില്‍ നിന്ന് ഒഴിവാക്കി.

റോഡു മാര്‍ഗവും തുറമുഖങ്ങള്‍ വഴിയും രാജ്യത്തേക്ക് പ്രവേശനം അനുവദിക്കില്ല.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഏതെങ്കിലും യൂറോപ്യന്‍ രാജ്യത്ത് നിന്ന് മടങ്ങിയെത്തിയവര്‍ അല്ലെങ്കില്‍ കടന്നുപോയവര്‍ കോവിഡ് പരിശോധന നടത്തണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു. ഡിസംബര്‍ എട്ട് മുതല്‍ ഏതെങ്കിലും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നോ, പകര്‍ച്ചവ്യാധി പ്രത്യക്ഷപ്പെട്ട ഏതെങ്കിലും രാജ്യത്തു നിന്നോ സൗദിയിലെത്തിയവര്‍ രാജ്യത്തേക്ക് പ്രവേശിച്ച തീയതി മുതല്‍ രണ്ടാഴ്ചത്തേക്ക് ഗാര്‍ഹിക ഒറ്റപ്പെടലിന് വിധേയമാകണം. ക്വാറന്റൈന്‍ കാലയളവില്‍ ഒരോ അഞ്ച് ദിവസത്തിലും കോവിഡ് പരിശോധന നടത്തണം.

കോവിഡ് 19 വൈറസ് അതിവേഗം പടരുന്നതായി ബ്രിട്ടീഷ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ലണ്ടനിലും സമീപ പ്രദേശങ്ങളിലും ബ്രിട്ടീഷ് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി. കൊറോണ വൈറസ് ബാധയെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടെ ബ്രിട്ടനില്‍ നിന്നുള്ള വിമാനങ്ങള്‍ കുവൈറ്റ് നിരോധിച്ചു.

കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് മാര്‍ച്ചില്‍ സൗദി അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു. കഴിഞ്ഞ സ്‌പെതംബര്‍ 15ന് ഇത് ഭാഗിമായി പിന്‍വലിച്ചു. ജനുവരി ഒന്നു മുതല്‍ പൂര്‍ണ തോതില്‍ പിന്‍വലിക്കാനിരിക്കെയാണ് വീണ്ടും വിമാന നിരോധനം എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here