മസ്‌കത്ത്: ഒമാനില്‍ തൊഴില്‍ പെര്‍മിറ്റ് കാലാവധി കഴിഞ്ഞ് ഈ വര്‍ഷം നാട്ടിലേക്ക് മടങ്ങുന്ന വിദേശ തൊഴിലാളികള്‍ക്ക് തൊഴില്‍ പെര്‍മിറ്റുമായി ബന്ധപ്പെട്ട ഫീസുകളും പിഴകളും ഒഴിവാക്കി നല്‍കും. നവംബര്‍ 15 മുതല്‍ ഡിസംബര്‍ 31 വരെയാണ് ഈ ആനുകൂല്യം ലഭിക്കുക.

കൊറോണവൈറസ് പ്രതിസന്ധി കൈകാര്യം ചെയ്യുന്ന സുപ്രീം കമ്മിറ്റി തീരുമാനപ്രകാരമാണ് നടപടി. റോയല്‍ ഒമാന്‍ പൊലീസിനും മറ്റ് ഏജന്‍സികള്‍ക്കും നല്‍കേണ്ട ഫീസിനും പിഴയകള്‍ക്കും ഇത് ബാധകമല്ല.

പിഴ ഒഴിവാക്കല്‍ ആനുകൂല്യം വിദേശ തൊഴിലാളിക്കും അവരുടെ തൊഴിലുടമക്കും ഒരുപോലെ ലഭിക്കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. ആനുകൂല്യത്തിന് അര്‍ഹരാണോ എന്നറിയാന്‍ പ്രവാസികള്‍ ചെക്ക് ഇന്‍ ചെയ്യുന്നതിന് മുമ്പായി മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ തൊഴില്‍ മന്ത്രാലയത്തിന്റെ ഓഫീസ് സന്ദര്‍ശിക്കണം. പാസ്‌പോര്‍ട്ടിനും ടിക്കറ്റിനും പുറമെ പിസിആര്‍ ടെസ്റ്റു റിസള്‍ട്ടും വേണം.

പാസ്‌പോര്‍ട്ട് കാലാവധി കഴിഞ്ഞവര്‍ എംബസിയുമായി ബന്ധപ്പെട്ട് അവ പുതുക്കണം. തുടര്‍ന്ന് വിമാനത്താവളത്തിലെ തൊഴില്‍ മന്ത്രാലയത്തിന്റെ ഓഫീസില്‍ എത്തി യാത്രാ നടപടികള്‍ പൂര്‍ത്തീകരിക്കണം.

രാജ്യത്ത് നിന്ന് പുറത്തുപോകാന്‍ ആഗ്രഹിക്കുന്ന വിദേശ തൊഴിലാളികളുടെ വിവരങ്ങള്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. വിദേശ തൊഴിലാളികളെക്കുറിച്ച് പരാതികള്‍ ഉള്ളവര്‍ ഒരാഴ്ചക്കുള്ളില്‍ തെളിവുകള്‍ സഹിതം മന്ത്രാലയവുമായി ബന്ധപ്പെടണം. വിദേശ തൊഴിലാളികള്‍ രാജ്യം വിട്ടുകഴിഞ്ഞാല്‍ തൊഴിലുടമകള്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ അക്കാര്യം പുതുക്കണമെന്നും നിര്‍ദേശമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here