ന്യൂഡൽഹി: പുണെ സെറം ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡ്, ഹൈദരാബാദിലെ ഭാരത്‌ ബയോടെക് നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ കോവാക്‌സിൻ എന്നിവയുടെ അടിയന്തിര ഉപയോഗത്തിന്‌ ആരോഗ്യ വിദഗ്‌ധരുടെ സമിതി അനുമതി നൽകിയില്ല. അടുത്ത യോഗത്തിന്‌ മുമ്പ്‌ കൂടുതൽ വിവരങ്ങൾ ഹാജരാക്കണമെന്ന്‌ കേന്ദ്ര ഡ്രഗ്‌ സ്‌റ്റാൻഡേർഡ്‌ കൺട്രോൾ ഓർഗനൈസേഷന്റെ‌ (സിഡിഎസ്‌ഒ) യുടെ കീഴിലുള്ള സമിതി ആവശ്യപ്പെട്ടു. രാജ്യത്ത്‌ അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാന്‍ അനുമതി തേടി മൂന്ന്‌ കമ്പനികളാണ്‌ സിഡിഎസ്‌ഒക്ക്‌ അപേക്ഷ നൽകിയത്‌. അടിയന്തര അനുമതി മാറ്റിവച്ചവക്ക്‌ പുറമെ അമേരിക്കൻ കമ്പനി ഫൈസറും അപേക്ഷ നൽകിയിട്ടുണ്ട്‌. കോവാക്‌സിൻ, കോവിഷീൽഡ്‌, ബിഎൻടി162ബി2 വാക്‌സിനുകളുടെ കാര്യത്തില്‍ സിഡിഎസ്‌ഒ വിദഗ്‌ധസമിതി അന്തിമ തീരുമാനമെടുക്കും. കോവാക്‌സിനും കോവിഷീൽഡും മൂന്നാംഘട്ട പരീക്ഷണത്തിലാണ്. ഫൈസറിന്റെ ബിഎൻടി162ബി2 ഇന്ത്യയിൽ ക്ലിനിക്കൽ ട്രയൽ നടത്തിയിട്ടില്ല.

● കോവിഷീൽഡ്‌
ഓക്‌സ്‌ഫഡ്‌ സർവകലാശാലയും ബ്രിട്ടീഷ്‌–-സ്വീഡിഷ്‌ മരുന്നുകമ്പനി അസ്‌ട്രാസെനെക്കയും വികസിപ്പിച്ച വാക്‌സിൻ ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്നത് പുണെ സെറം ഇൻസ്‌റ്റിറ്റ്യൂട്ട്. ഒന്ന്‌, രണ്ട്‌ പരീക്ഷണഘട്ടങ്ങളിലെ വിവരങ്ങളാണ്‌ അപേക്ഷയ്‌ക്കൊപ്പം സെറം ഇൻസ്‌റ്റിറ്റ്യൂട്ട്‌ നൽകിയത്‌. ബ്രിട്ടനിലെ പരീക്ഷണത്തിൽ 60 മുതൽ 70 ശതമാനംവരെ ഫലസിദ്ധി.

● കോവാക്‌സിൻ
ഹൈദരാബാദിലെ ഭാരത്‌ ബയോടെക് നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ വൈറോളജി സഹായത്തോടെ വികസിപ്പിച്ച വാക്സിന്‍ ഒന്ന്‌, രണ്ട്‌ ഘട്ടങ്ങളിലെ റിപ്പോർട്ട്‌ പ്രകാരം 60 ശതമാനത്തിലേറെ ഫലസിദ്ധി ഉറപ്പാക്കുന്നു. പരീക്ഷണഘട്ടത്തിനിടെ ബയോടെക് കോവാക്‌സിന്റെ ഡോസ്‌ കൂട്ടിയത് ചര്‍ച്ചയായി.

● ഫൈസറിന്റെ വാക്സിന്‍
അമേരിക്കൻ കമ്പനി ഫൈസറും ജർമൻ കമ്പനി ബയോ എൻ ടെക്കും വികസിപ്പിച്ച ബിഎൻടി162ബി2 വാക്‌സിന്‍ ഇന്ത്യയില്‍ ക്ലിനിക്കൽ ട്രയൽ നടത്തിയിട്ടില്ല. ഇന്ത്യക്കാരിലും ഇന്ത്യൻ വംശജരിലും വാക്‌സിൻ പ്രയോഗിച്ച്‌ തൃപ്‌തികരമായ ഫലം ഉണ്ടാകേണ്ടതുണ്ട്‌. യുകെയും ബഹ്‌റൈനും വാക്‌സിന്‌ അടിയന്തര ഉപയോഗാനുമതി നൽകിയിട്ടുണ്ട്‌. വാക്‌സിന്‌ 90 ശതമാനം ഫലസിദ്ധിയുണ്ടെന്നാണ്‌ ഫൈസറിന്റെ അവകാശവാദം.

ഉത്തരവില്ലാതെ കോവിഡ്‌ പോസ്‌റ്റർ പതിക്കരുത്‌
ദേശീയ ദുരന്ത നിവാരണ നിയമം അനുസരിച്ച് അധികൃതരുടെ നിർദേശം ഉണ്ടെങ്കിൽ മാത്രമേ കോവിഡ്‌ ബാധിതര്‍ താമസിക്കുന്ന സ്ഥലത്തിന്‌ പുറത്ത്‌ പോസ്‌റ്ററുകളോ അടയാളങ്ങളോ പതിക്കാൻ പാടുള്ളുവെന്ന്‌ സുപ്രീംകോടതി. കോവിഡ്‌ ഉള്ളവര്‍ താമസിക്കുന്ന ഇടം എന്ന് പോസ്‌റ്ററുകൾ പതിക്കുന്നത്‌ ഒറ്റപ്പെടുത്തലാണെന്ന ഹർജിയിലാണ്‌ നിര്‍ദേശം. ഇത്തരം‌ പോസ്‌റ്റർ ഒട്ടിക്കുന്നത്‌ തടയാൻ സംസ്ഥാനങ്ങൾക്ക്‌ നിർദേശം നൽകാൻ പറ്റുമോയെന്ന്‌ കഴിഞ്ഞ വാദംകേൾക്കലിൽ കോടതി കേന്ദ്രസർക്കാരിനോട്‌ ആരാഞ്ഞിരുന്നു. നിർദേശം നിലവിൽ ഉണ്ടെന്ന്‌ കേന്ദ്രസർക്കാരിന്‌ വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർമെഹ്‌ത പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here