കൊൽക്കത്ത: ദുർമന്ത്രവാദത്തിന്റെ ഭാഗമായി യുവാവിനെ അമ്മിക്കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്ന് നെയ്യും മസാലക്കൂട്ടും കർപ്പൂരവും ചേർത്ത് വലിയ ചീനിച്ചട്ടിയിൽ വറുത്തെടുത്ത കേസിൽ അമ്മയും സഹോദരനും അറസ്റ്റിൽ.കൊൽക്കത്ത സാൾട്ട് ലേക്കിൽ താമസിക്കുന്ന ഗീത മഹെൻസാരിയ, മകൻ വിധുർ (22) എന്നിവരെയാണ് ബിദാനഗർ ഈസ്റ്റ് പൊലീസ് കഴിഞ്ഞദിവസം പിടികൂടിയത്. ഗീതയുടെ മൂത്ത മകനായ അർജുനെയാണ് (25) ഇരുവരും ചേർന്ന് കൊലപ്പെടുത്തിയതെന്നും ശേഷം മൃതദേഹം കത്തിക്കുകയാണ് ചെയ്തതെന്നും പൊലീസ് പറഞ്ഞു.മൂത്ത മകനെ കാണാനില്ലെന്ന് ഗീതയുടെ ഭർത്താവ് അനിൽ മഹെൻസാരിയ ഡിസംബർ പത്തിന് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് സംഘം ഗീതയുടെ വീട് പരിശോധിച്ചപ്പോൾ ടെറസിന് മുകളിൽ കത്തിക്കരിഞ്ഞ നിലയിൽ അസ്ഥികൾ കണ്ടെത്തി. ഇതാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

ഗീതയുടെ ദുർമന്ത്രവാദവും അന്ധവിശ്വാസങ്ങളും കാരണം അനിൽ ഒരു വർഷം മുമ്പ് വീട് വിട്ടിറങ്ങിയിരുന്നു. എന്നാൽ ബിസിനസ് നോക്കിനടത്തിയിരുന്ന മൂത്ത മകനുമായി നല്ല ബന്ധത്തിലായിരുന്നു. മകനെ ഫോണിൽ വിളിച്ചിട്ട് കിട്ടാതായതോടെയാണ് പിതാവിന് സംശയം തോന്നിയത്. ഇതിനിടെ ഭാര്യയും മക്കളും കൊൽക്കത്തയിലെ വീട് പൂട്ടി റാഞ്ചിയിലെ സ്വവസതിയിലേക്ക് പോയെന്ന് അനിലിന് വിവരം ലഭിച്ചിരുന്നു. റാഞ്ചിയിലെ ഭാര്യാസഹോദരിയെ വിളിച്ചപ്പോൾ മൂത്തമകൻ അർജുൻ അവിടെ വന്നിട്ടില്ലെന്ന് സ്ഥിരീകരിച്ചു. ഇതിനുപിന്നാലെയാണ് പൊലീസിൽ പരാതി നൽകിയത്.വീടിന്റെ ടെറസിൽനിന്ന് അസ്ഥികൾ കണ്ടെടുത്ത പൊലീസ് സംഘം ഗീതയെ മണിക്കൂറുകളോളം വിശദമായി ചോദ്യംചെയ്‌തപ്പോഴാണ് കുറ്റം സമ്മതിച്ചത്.അമ്മിക്കല്ല് കൊണ്ട് തലയ്ക്കടിച്ചാണ് ഗീത മകനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇതിനുശേഷം വലിയ ചീനിച്ചട്ടിയിലിട്ട് മൃതദേഹം റോസറ്റ് ചെയ്തു.

ഗന്ധം പുറത്തറിയാതിരിക്കാനായി നെയ്യും മസാലക്കൂട്ടുകളും കർപ്പൂരവും ചേർത്തു. ഇതിനുശേഷം കരിഞ്ഞ അസ്ഥികൾ തുണിയിൽ പൊതിഞ്ഞ് ടെറസിന് മുകളിൽ സൂക്ഷിക്കുകയായിരുന്നു.കൊല്ലാൻ ഉപയോഗിച്ച അമ്മിക്കല്ലും മൃതദേഹം കത്തിച്ച വലിയ ചീനിച്ചട്ടിയും വീട്ടിൽനിന്ന് കണ്ടെടുത്തായി പൊലീസ് പറഞ്ഞു. വീടിന്റെ ഒന്നാം നിലയിലെ പൂജാ മുറിയിൽ തീപിടിച്ചതിന്റെ പാടുകളുണ്ടായിരുന്നു. അമ്മിക്കല്ലിൽ രക്തക്കറയും കണ്ടു. അതേസമയം, കൊലപാതകത്തിന്റെ വ്യക്തമായ കാരണം പ്രതികൾ വെളിപ്പെടുത്തിയിട്ടില്ല.സാമ്പത്തികമായി ഉയർന്ന നിലയിലുള്ള കുടുംബമായതിനാൽ സ്വത്ത് തർക്കമോ സാമ്പത്തിക പ്രശ്‌നമോ അല്ല കൊലപാതകത്തിന് കാരണമെന്നാണ് അനുമാനം.കോടതിയിൽ ഹാജരാക്കിയ പ്രതികളെ വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കും. പ്രതികളുടെ മാനസികനിലയും മറ്റും വിശദമായി പരിശോധിക്കുമെന്നും ഗീതയുടെ മകളെ ചോദ്യംചെയ്യാനായി വിളിപ്പിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

 

LEAVE A REPLY

Please enter your comment!
Please enter your name here