ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കഴിഞ്ഞ മൂന്നാഴ്‌ചകളായി സമരം ചെയ്യുന്ന കർഷകരെ അടിയന്തിരമായി നീക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്‌റ്റിസ് എസ്.എ ബോബ്‌ഡെയുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. നിയമ വിദ്യാർത്ഥിയായ ഋഷഭ് ശർമ്മയാണ് ഹർജി നൽകിയത്.സമരക്കാരെ നേരിടാൻ പൊലീസ് വഴി തടയുന്നത് മൂലം യാത്രക്കാർ നേരിടുന്ന പ്രശ്‌നങ്ങളും കർഷകർ ഒത്തുചേരുന്നത് മൂലം കൊവിഡ് ഭീഷണിയുണ്ടെന്നും ഹർജിയിൽ പറയുന്നു. ഡൽഹിയിലെ നിരൻകാരി മൈതാനത്തിൽ കർഷകർക്ക് സമരം ചെയ്യാൻ പൊലീസ് സ്ഥലം അനുവദിച്ചിട്ടും പൊതുനിരത്ത് അവർ കൈയേറിയിരിക്കുകയാണെന്നും ഹർജിയിൽ പറയുന്നുണ്ട്.

വേണമെങ്കിൽ കർഷകർ‌ക്ക് കൊവിഡ് പ്രതിസന്ധി കഴിഞ്ഞ ശേഷം സമരം ചെയ്യാമെന്ന് ഹർജിക്കാരന്റെ വാദം.അതേസമയം മൂന്ന് കാർഷിക ബില്ലുകൾക്കെതിരെ സമരം ചെയ്യുന്ന കർഷകർ നിലപാടിൽ ഉറച്ച് നിൽക്കുകയാണ്. കേന്ദ്രസർക്കാർ കർ‌ഷകരുടെ ആശങ്കകൾ പരിഹരിക്കാൻ പരാജയപ്പെട്ടെന്നും ഇത് ദേശീയ ജനാധിപത്യ സഖ്യത്തിന് പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ടെന്നും പ്രതിപക്ഷ കക്ഷികൾ ഇതിന് ഉത്തരവാദികളേയല്ലെന്നാണ് വിവിധ പ്രതിപക്ഷ പാർട്ടികൾ അഭിപ്രായപ്പെടുന്നത്. അതേസമയം സമരം ചെയ്യുന്ന കർഷകർക്ക് അടിസ്ഥാന സൗകര്യം ഉറപ്പാക്കണം എന്നാവശ്യപ്പെട്ട ഒരു ഹർജിയും സുപ്രീംകോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. കേന്ദ്രം സമരം ചെയ്യുന്ന കർഷകരുടെ ആവശ്യങ്ങൾ പരിഗണിക്കണം എന്നാവശ്യപ്പെട്ടുള‌ള ഹർജിയാണിത്.സമരം ചെയ്യുന്ന കർഷകർക്ക് മനുഷ്യാവകാശ ലംഘനം നേരിടേണ്ടി വരുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും പൊലീസിൽ നിന്നേ‌റ്റ ആക്രമണത്തിൽ അവർക്ക് മതിയായ നഷ്‌ടപരിഹാരം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here