കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ നാലാംഘട്ട വോട്ടെടുപ്പില്‍ സംസ്ഥാന വ്യാപകമായി അക്രമണം. 68 ശതമാനം പോളിംഗാണ് സംസ്ഥാനത്ത് ഇന്ന് രേഖപ്പെടുത്തിയത്. കൂച്ച്ബിഹാര്‍ ജില്ലയില്‍ ബിജെപി-തൃണമൂല്‍ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലും വെടിവെപ്പിലും മരണസംഖ്യ അഞ്ചായി എന്നും റിപ്പോര്‍ട്ട്. പോളിംഗ് ഏജന്റിനെ ബൂത്തില്‍ നിന്നും വിളിച്ചിറക്കി വെടിവെച്ചുകൊന്നു. ഇതായിരുന്നു അക്രമ സംഭവങ്ങളുടെ തുടക്കം. ഇതേത്തുടര്‍ന്ന് കേന്ദ്രസേന വെടിയുതിര്‍ക്കുകയും ഇതിലാണ് മറ്റു നാലുപേര്‍ കൊല്ലപ്പെട്ടതെന്നുമാണ് വിവരം.

കേന്ദ്ര സേന വെടിവെച്ചതില്‍ പ്രതിഷേധവുമായി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ടു തേടിയിരിക്കുകയാണ്. ഹൂഗ്‌ളിയിലും വോട്ടെടുപ്പിനിടെ സംഘര്‍ഷമുണ്ടായി. ബിജെപി എം പിയും സ്ഥാനാര്‍ത്ഥിയുമായ ലോക്കറ്റ് ചാറ്റര്‍ജിയുടെ വാഹനത്തിനു നേരം ആക്രമണമുണ്ടായി. ചിലയിടങ്ങളില്‍ ബോംബേറുവരെ ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.

സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ഇതിനായി 789 കമ്പനി കേന്ദ്ര സേനയെയാണ് പ്രദേശത്ത് വിന്യസിപ്പിച്ചിരിക്കുന്നത്. ബംഗാളില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ രാഷ്ട്രപതി ഭരണമാണ് നടക്കുന്നതെന്ന ആരോപണവുമായി അക്രമസംഭവങ്ങളെ ഉദ്ധരിച്ച് മമത ബാനര്‍ജിയും രംഗത്തുവന്നു. ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി ബംഗാളില്‍ നാലാംഘട്ട തിരഞ്ഞെടുപ്പും പൂര്‍ത്തിയാകുമ്പോള്‍ അവശേഷിക്കുന്ന നാല് ഘട്ടങ്ങള്‍ക്കൂടി സംസ്ഥാനത്ത് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here