ന്യൂ ഡൽഹി: പഞ്ചാബ് അടക്കം അഞ്ച് സംസ്ഥാനങ്ങളിലുണ്ടായ കനത്ത തോൽവിക്ക് പിന്നാലെ ഗാന്ധി കുടുംബത്തിനെതിരെ ആഞ്ഞടിച്ച ഗ്രൂപ്പ് 23 നേതാക്കളെ അനുനയിപ്പിക്കാൻ അടവുകളുമായി സോണിയാ ഗാന്ധി.   പുനഃസംഘടനയോടെ കൂടുതൽ ചുമതലകൾ നൽകാനാണ് തീരുമാനം. പാർലമെന്ററി ബോർഡിലും, കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയിലും പ്രാതിനിധ്യം നൽകും. നയരൂപീകരണ സമിതികളിൽ ഉൾപ്പെടുത്താനും ആലോചനയുണ്ട്. കൂടുതൽ നേതാക്കളുമായി ചർച്ചക്ക് തയ്യാറാണെന്നും സോണിയ ഗാന്ധി അറിയിച്ചു.

പഞ്ചാബ് അടക്കം അഞ്ച് സംസ്ഥാനങ്ങളിലുണ്ടായ കനത്ത തോൽവിക്ക് പിന്നാലെ ഗാന്ധി കുടുംബത്തിനെതിരെ ആഞ്ഞടിച്ച് ഗുലാബ് നബി ആസാദ് അടങ്ങുന്ന ഗ്രൂപ്പ് 23  നേതാക്കൾ രംഗത്തെത്തിയിരുന്നു. കോൺഗ്രസ് പാർട്ടിയിൽ കൂട്ടായ ചർച്ചകൾ നടക്കുന്നില്ലെന്നാണ് ഗ്രൂപ്പ് 23  ന്റെ വിമർശനം. രണ്ടും കൽപിച്ചുള്ള ഗ്രൂപ്പ് 23 ൻറെ നീക്കം പത്ത് ജൻപഥിനെ അക്ഷരാക്ഷർത്ഥത്തിൽ സമ്മർദ്ദിലാക്കിയിട്ടുണ്ട്. കൂടുതൽ നേതാക്കളുമായി സംസാരിക്കാൻ സോണിയ ഗാന്ധിയും രാഹുൽ  ഗാന്ധിയും സന്നദ്ധരാണ്. അധ്യക്ഷ സ്ഥാനത്ത് ഇല്ലാതിരുന്നിട്ടും പാർട്ടിയിലെ കാര്യങ്ങൾ രാഹുൽ ഗാന്ധി നിയന്ത്രിക്കുന്നതിലെ എതിർപ്പാണ് മനീഷ് തിവാരിയും പരസ്യമാക്കിയത്. സംഘടനാ ജനറൽ സെക്രട്ടറിയായി ഉത്തരേന്ത്യൻ രാഷ്ട്രീയവും ഹിന്ദിയും അറിയാവുന്ന പരിചയ സമ്പത്തുള്ളയാളെ കൊണ്ടുവരണമെന്ന് ഭൂപീന്ദർ ഹൂഡ ആവശ്യപ്പെട്ടിട്ടുണ്ട്.

കോൺഗ്രസ് പാർട്ടിയിൽ കൂട്ടായ ചർച്ചകൾ നടക്കുന്നില്ലെന്നാണ് വിമർശനം. ഗാന്ധി കുടംബം ഏകപക്ഷീയമായി തീരുമാനങ്ങളെടുത്ത് അടിച്ചേൽപിക്കുന്നു. സോണിയ ഗാന്ധിയെ പോലും നിശബ്ദയാക്കുന്ന ഒരു ഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ടെന്നും ഇവരുടെ സ്വാധീനത്തിലാണ് രാഹുൽ ഗാന്ധിയെന്നുമുള്ള വിമർശനവും യോഗത്തിൽ ഉയർന്നു. യോഗത്തിൻറെ വികാരം സോണിയ ഗാന്ധിയെ ഫോണിലൂടെ അറിയിച്ച ഗുലാം നബി ആസാദ് പ്രതിഷേധം സോണിയക്കെതിരെ അല്ലെന്നും വ്യക്തമാക്കിയിരുന്നു.

പഴയ രീതിയിൽ ഇനി മുൻപോട്ട് പോകാനാവില്ലെന്നാണ് ഗ്രൂപ്പ് 23 ൻറെ നിലപാട്. യുദ്ധം സോണിയ ഗാന്ധിക്കെതിരല്ലെന്ന് വ്യക്തമാക്കുമ്പോൾ ഉന്നം രാഹുൽ ഗാന്ധി തന്നെയാണ്. സംഘടന തെരഞ്ഞെടുപ്പ് നടപടികൾ പുരോഗമിക്കുമ്പോൾ രാഹുൽ ഗാന്ധിയെ വീണ്ടും അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരാൻ തന്നെയാണ് വിശ്വസ്തരുടെ നീക്കം. രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് പ്രവർത്തക സമിതിയുടെ കഴിഞ്ഞ യോഗത്തിലും മുറവിളി ഉയർന്നിരുന്നു. എന്നാൽ രാഹുലിൻറെ നേതൃത്വം അംഗീകരിക്കാനാവില്ലെന്നാണ് ഗ്രൂപ്പ് 23 ൻറെ പൊതുവികാരം.

 

LEAVE A REPLY

Please enter your comment!
Please enter your name here