ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയില്‍ മഹാത്മാഗാന്ധി ആദ്യമായി സ്ഥാപിച്ച ഫീനിക്‌സ് ആശ്രമത്തില്‍ ഒക്ടോബര്‍ രണ്ടിന് നടക്കുന്ന ഗാന്ധി ജയന്തി ആഘോഷത്തിലും ഗാന്ധി സമാധാന സമ്മാന വിതരണത്തിലും പങ്കെടുക്കാന്‍ ഡോ. പ്രകാശന്‍ പുതിയേട്ടിക്ക് ക്ഷണം. മാതൃഭൂമി ന്യൂഡല്‍ഹി ചീഫ് കറസ്‌പോണ്ടന്റായ പ്രകാശന്‍ ഗാന്ധിയന്‍ തത്വശാസ്ത്രത്തിലാണ് പി.എച്ച്.ഡി. നേടിയത്. ഗാന്ധിജിയുടെ കൊച്ചുമകളും ഫീനിക്‌സ് ചെയര്‍ പേഴ്‌സണുമായ ഇള ഗാന്ധിയില്‍ നിന്നാണ് ഔദ്യോഗിക ക്ഷണം ലഭിച്ചത്.

അഹിംസാ സിദ്ധാന്തത്തിന്റെ ആവശ്യകത ഏറ്റവും കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്ന കാലത്ത് ഗാന്ധിയന്‍ ആശയത്തിലൂന്നിയാവും ഫീനിക്‌സിലെ പരിപാടികളെന്ന് ഇള ഗാന്ധി അറിയിച്ചു. ഫീനിക്്‌സിന്റെ പ്രസിദ്ധീകരണമായ സത്യാഗ്രഹയിലെ പത്ര പ്രവര്‍ത്തകരുമായി പ്രകാശന്‍ പുതിയേട്ടി സംവാദം നടത്തും. ‘മാധ്യമങ്ങളുടെ ഉപയോഗവും ദുരുപയോഗവും’ എന്ന വിഷയത്തില്‍ ഡര്‍ബന്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രബന്ധവും അവതരിപ്പിക്കും. പരിപാടിയില്‍ ഗാന്ധി സമാധാന പുരസ്‌കാരം കില മുന്‍ ഡയറക്ടറും കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയം സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ.പി.പി. ബാലന് സമ്മാനിക്കും.

ഗാന്ധിജി 1904-ല്‍ സ്ഥാപിച്ച ആശ്രമം 1985 കലാപത്തില്‍ തകര്‍ന്നിരുന്നു. രണ്ടായിരത്തില്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് താബോ എംബക്കിയുടെ സാന്നിധ്യത്തില്‍ വീണ്ടും തുറന്നു. ഗാന്ധിജിയുടെ മകന്‍ മണിലാല്‍ ഗാന്ധിയുടെ മകള്‍ ഇള ഗാന്ധിക്കാണ് ഇപ്പോഴത്തെ ചുമതല.

LEAVE A REPLY

Please enter your comment!
Please enter your name here