രാജേഷ് തില്ലങ്കേരി

ഇന്ത്യൻ രാഷ്ട്രീയത്തിൽ കോൺഗ്രസിനുള്ള പ്രസക്തിയെകുറിച്ച് ആർക്കും സംശയമുണ്ടാവില്ല. മതേതരത്വും, സോഷ്യലിസവും മുറുകെപിടിക്കുന്ന ഒരു ദേശീയ സംഘടനയാണ് കോൺഗ്രസ്. ഇതിലൊന്നും ആർക്കും തർക്കമുണ്ടാവില്ല. എന്നാൽ ഇപ്പോൾ ചർച്ച ചെയ്യുന്നത് മറ്റൊരു വിഷയമാണ്, ദേശീയതലത്തിൽ ഇത്രയും പ്രസക്തമായൊരു സംഘടനയ്ക്ക് ഒരു അധ്യക്ഷനെ കണ്ടെത്താൻ കഴിയുന്നില്ല. എന്തൊരു ഗതികേടാണിതു സാർ. കോൺഗ്രസിന് അധികാരമില്ല, രാഷ്ട്രീയമായി ദേശീയതലത്തിൽ തിരിച്ചടികൾ തുടർച്ചയായി പ്രതിസന്ധികളെ നേരിട്ടുകൊണ്ടിരിക്കയാണ് ഈ ദേശീയപാർട്ടി. പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനുവേണ്ടിയാണ് ഗാന്ധികുടുംബത്തിൽ നിന്നും പുറത്തുള്ള ഒരു നേതാവ് അധ്യക്ഷസ്ഥാനത്തേക്ക് വരണമെന്ന നിർദ്ദേശമുണ്ടായത്. പാർട്ടിക്ക് ഒരു മുഴുവൻ സമയ അധ്യക്ഷനെ വേണമെന്ന നിർദ്ദേശവുമായി ജി 23 നേതാക്കൾ വിമത ശബ്ദമുയർത്തിയതിനെ തുടർന്നാണ് രാഹുൽ ഗാന്ധിയും ഗാന്ധികുടുംബത്തിൽനിന്നും ആരും പ്രസിഡന്റാവാനില്ലെന്ന നിലപാട് പ്രഖ്യാപിച്ചത്.

കോൺഗ്രസ് പാർട്ടിയെ മൂടോടെ നശിപ്പിക്കാൻ എല്ലാ വഴിയും നോക്കിക്കൊണ്ടിരിക്കുന്ന ബി ജെ പി , അവർ വെട്ടിത്തുറന്ന പാതയിൽ വണ്ടി ഇടിച്ചുകയറിയ ഗുലാംനബിയെപോലുള്ളവർ. അധികാരം നഷ്ടപ്പെട്ടതോടെ പാർട്ടിയെ അപ്പാടെ തള്ളിപ്പറഞ്ഞ് ബി ജെ പിയിലെത്തിയ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. ഇങ്ങിനെ എത്രയോ നേതാക്കൾ കോൺഗ്രസിനെ വിട്ട് പോയിക്കഴിഞ്ഞു. കേരളത്തിൽ ആദ്യം പി സി ചാക്കോയാണ് മറുകണ്ടം ചാടിയത്. കോൺഗ്രസിൽ നിന്നും എല്ലാ സുഖസൗകര്യങ്ങളും നേടിയെടുത്തതിന് ശേഷം ഒരു ദിവസം കോൺഗ്രസ് വിട്ട് എൻ സി പിയുടെ സംസ്ഥാന പ്രസിഡന്റായ പി സി ചാക്കോ. നിർണ്ണായക ഘട്ടത്തിൽ കോൺഗ്രസിനെ തള്ളിപ്പറഞ്ഞ മുൻ കേന്ദ്രമന്ത്രി പ്രൊഫ. കെ വി തോമസ് തുടങ്ങി നിരവധി നേതാക്കൾ കോൺഗ്രസിന്റെ വലിയ തകർച്ചയ്ക്ക് വഴിയൊരുക്കി.

അപ്പോഴെല്ലാം കോൺഗ്രസിന്റെ ശക്തനായ വക്താവായി നിലകൊണ്ട നേതാവാണ് ശശിതരൂർ.
തിരുവനന്തപുരത്തുനിന്നും 2009 ൽ മത്സരിക്കാൻ എത്തുമ്പോൾ ശശി തരൂരിന് കോൺഗ്രസ് നേതാവ് എന്ന ഇമേജായിരുന്നില്ല. യു എൻ സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് മത്സരിക്കാൻ തീരുമാനിച്ച ഒടുവിൽ മത്സരരംഗത്തുനിന്നും അവസാന നിമിഷം പിൻവാങ്ങിയിരുന്നു. അതിനു ശേഷമാണ് കോൺഗ്രസ് നേതാവായി ശശിതരൂർ മാറുന്നത്. ലോകം ഏറെ ആരാധനയോടെ ഉറ്റുനോക്കിയ വ്യക്തിയായിരുന്നു ശശി തരൂർ. എഴുത്തുകാരൻ, മികച്ച വാഗ്മി, ഭാഷാ പണ്ഡിതൻ എന്നിങ്ങനെ വിവിധ രംഗങ്ങളിൽ തിളങ്ങിനിൽക്കവെയാണ് തരൂർ കോൺഗ്രസിൽ എത്തുന്നതും, തിരുവനന്തപുരത്തുനിന്നും ജനവിധി തേടുന്നതും. കോൺഗ്രസിന് ഏറെക്കാലമായി ലഭിക്കാതിരുന്ന തിരുവനന്തപുരം സീറ്റിൽ പിന്നീട് ശശി തരൂർ എന്ന വിശ്വപൗരൻ നാലു ടേം വിജയിച്ചു. രണ്ട് തവണ കേന്ദ്രമന്ത്രിയായി.

എന്നാൽ അപ്പോഴെല്ലാം തരൂരിനോട് കേരളനേതാക്കൾക്ക് അകൽച്ചയായിരുന്നു. തരൂരിന് യുവാക്കൾക്കിടയിലുള്ള സ്വാധീനമാണ് തിരുവനന്തപുരത്തെ തുടർവിജയത്തിന്റെ രഹസ്യമെന്നൊക്കെ എല്ലാവർക്കും അറിയാവുന്നതാണ്. അതിനാൽ തെരഞ്ഞെടുപ്പ് കാലത്ത് തരൂരിനെ പുറത്തിറക്കും, ഐ ടി പ്രൊഷണലുകളുമായുള്ള സംവാദം തുടങ്ങിയ പ്രചരണപരിപാടിയുടെ ചുമതലയും തരൂരിന് നൽകും, എന്നാൽ കൂടുതൽ അംഗീകാരം തരൂരിന് വേണ്ടെന്ന് ചിലനേതാക്കൾ നേരത്തെ തന്നെ തീരുമാനിച്ചിട്ടുണ്ട്.

ജി 23 നേതാക്കളിൽ ഒരാളാണ് തരൂർ. അതുകൊണ്ടുതന്നെ ദേശീയ നേതാക്കൾക്കും ഹൈക്കമാൻഡിനും തരൂരിനോട് താല്പര്യമുണ്ടാവാൻ സാധ്യതയില്ല. ശശി തരൂർ കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാൻ തീരുമാനിച്ചപ്പോൾതന്നെ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരുന്നു. ഹൈക്കമാൻഡുമായി അടുത്ത ബന്ധം പുലർത്തുന്ന ഒരാളെ ഡമ്മി പ്രസിഡന്റാക്കുകയായിരുന്നു രാഹുൽ ഗാന്ധിയുടെയും സോണിയാ ഗാന്ധിയുടെയും നീക്കം, അതിനാണ് അശോക് ഗലോട്ടിനെ അധ്യക്ഷസ്ഥാനത്തേക്ക് മത്സരിപ്പിക്കാൻ തീരുമാനിച്ചത്. എന്നാൽ രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ ഗലോട്ടിന് താല്പര്യമുണ്ടായിരുന്നില്ല. അതിനാൽ വിശ്വസ്ഥനായി വന്ന ഗലോട്ട് ഹെക്കമാൻഡിനെ ധിക്കരിച്ചു, രാജസ്ഥാനിലെ കോൺഗ്രസ് എം എൽ എമാരെ നിരത്തി , സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കം തടഞ്ഞു. രാജസ്ഥാനിൽമാത്രം ഒതുങ്ങുന്ന നേതാവാണെന്ന് താനെന്ന് വ്യക്തമാക്കുന്നനിലാപാടാണ് ഗലോട്ട് കൈക്കൊണ്ടത്. ഇതോടെ വലിയ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് കോൺഗ്രസ് നേതൃത്വം എത്തിച്ചേർന്നു. എന്തു ചെയ്യണമെന്നറിയാതെ സോണിയാഗാന്ധി എ കെ ആന്റണിയെ വിളിച്ചു, കെ സി യെ വിളിച്ചു. ഒടുവിൽ ജോഡോയാത്രയിലായി മകനെയും വിളിച്ചു. എന്തായാലും വിശ്വസ്ഥനായി വന്ന അശോക് ഗലോട്ട് ഉണ്ടാക്കിയ പ്രതിസന്ധിയിൽ നിന്നും കരകയറാനുള്ള അവസാന ശ്രമത്തിലാണ് ഹൈക്കമാൻഡ്, നിലവിൽ പ്രതിസന്ധിക്ക് അയവുണ്ടായിട്ടി, കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള മത്സരത്തിൽ മാറ്റമില്ലെന്ന് ശശി തരൂർ വ്യക്തമാക്കിയിട്ടുണ്ട്.

ഭാരത് ജോഡോയാത്ര പട്ടാമ്പിയിൽ എത്തിയപ്പോൾ രാഹുൽ ഗാന്ധിയെ നേരിട്ട് കണ്ട് ഇക്കാര്യം തരൂർ ഒരിക്കൽകൂടി അറിയിച്ചു. ഇതോടെ തരൂർ അധ്യക്ഷനാവാതിരിക്കാനുള്ള തീവ്രശ്രമത്തിലാണ് കോൺഗ്രസിലെ കേരള നേതാക്കൾ. ഇതിനിടയിൽ മുതിർന്ന നേതാവ് ദ്വിഗ്വിജയ് സിംഗ് മത്സരിക്കാനെത്തുന്നുവെന്നതാണ് ഏറ്റവും പുതിയ വാർത്ത. ദ്വിഗ്വിജയ് സിംഗ് മത്സരിക്കാനെത്തുന്നത് ഹൈക്കമാൻഡ് സ്ഥാനാർത്ഥിയാവുമെന്നും വാർത്തകളുണ്ട്.
എന്തായാലും ഒരു ദിവസം മാത്രമാണുള്ളത് ചിത്രം വ്യക്തമാവാൻ. കെ സി വേണുഗോപാൽ അധ്യക്ഷനായാലും അത്ഭുതപ്പെടാനില്ല. കാരണം കോൺഗ്രസിന് വേണ്ടത് തലയെടുപ്പുള്ളൊരു അധ്യക്ഷനെ അല്ല, അവർക്ക് വേണ്ടത് ഒരു ഡമ്മിയെ ആണ്. രാഹുൽ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും അനുസരിച്ച് കോൺഗ്രസിനെ മു്‌ന്നോട്ടു കൊണ്ടുപോകാനുള്ള ഒരു ഡമ്മി പ്രസിഡന്റ്. തരൂർ വന്നാൽ അതാവില്ലല്ലോ. എങ്ങിനെയെങ്കിലും കോൺഗ്രസ് രക്ഷപ്പെട്ടാലോ, എന്ന സംശയമാണ് ഹൈക്കമാൻഡിന്.

LEAVE A REPLY

Please enter your comment!
Please enter your name here