ശ്രീനഗർ ∙ കശ്മീരിൽ സൈന്യം നടത്തിയ വെടിവയ്‌പിൽ പരുക്കേറ്റ ഒരാൾകൂടി മരിച്ചതോടെ മരണസംഖ്യ നാലായി. സൈന്യത്തിനെതിരായ പ്രതിഷേധം വടക്കൻ കശ്മീരിലെ കൂടുതൽ പ്രദേശങ്ങളിലേക്കു വ്യാപിച്ചതോടെ, പലയിടത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ചില സൈനികർ കോളജ് വിദ്യാർഥിനിയെ മാനഭംഗപ്പെടുത്തിയെന്നാരോപിച്ചു ചൊവ്വാഴ്ച ഹാന്ദ്വാര മേഖലയിൽ നാട്ടുകാരുടെ പ്രതിഷേധം അക്രമാസക്തമായതോടെയാണു വെടിവയ്പുണ്ടായത്. ചൊവ്വാഴ്ച ഒരു സ്ത്രീ അടക്കം മൂന്നു പേരാണു കൊല്ലപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ ജഹാംഗിർ അഹമ്മദ് വാനിയാണ് ഇന്നലെ മരിച്ചത്.

എന്നാൽ ഇതു പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ഹാന്ദ്വാര, കുപ്‌വാര പട്ടണങ്ങളിൽ നിരോധനാജ്ഞ ലംഘിച്ചും ഇന്നലെ പ്രതിഷേധമുണ്ടായി. ശ്രീനഗറിലെയും ഒട്ടേറെ മേഖലകളിൽ നിരോധനാജ്ഞയുണ്ട്. വിഘടനവാദി നേതാക്കളിലേറെയും വീട്ടുതടവിലോ കരുതൽതടവിലോ ആണ്. വെടിവയ്‌പിൽ ഖേദം പ്രകടിപ്പിച്ച സൈന്യം, വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. സൈനികർ ചട്ടലംഘനം നടത്തിയിട്ടുണ്ടോ എന്നാകും അന്വേഷണം.

സൈന്യത്തിനെതിരെ രോഷം വ്യാപകമായ സാഹചര്യത്തിൽ, തന്നെ സൈനികർ ഉപദ്രവിച്ചിട്ടില്ലെന്നു പെൺകുട്ടി മൊഴിനൽകുന്ന വിഡിയോയും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. എന്നാൽ പൊലീസ് കസ്റ്റഡിയിൽ ചിത്രീകരിച്ച വിഡിയോ പ്രചരിപ്പിക്കുന്നതു നിയമവിരുദ്ധമാണെന്നും ആക്ഷേപമുയർന്നു. സംഭവത്തിൽ കുപ്‌വാര ഡപ്യൂട്ടി കമ്മിഷണർ കുമാർ രാജീവ് രഞ്ജൻ മജിസ്ട്രേട്ട്തല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

യുവ ക്രിക്കറ്റ് താരം നയീം കാദിർ ഭട്ട്, മുഹമ്മദ് ഇക്ബാൽ (21), രാജ ബീഗം (70) എന്നിവരാണു ചൊവ്വാഴ്ച മരിച്ചത്. ഡൽഹിയിലുള്ള മുഖ്യമന്ത്രി മെഹബൂബ മുഫ്‌തി, കേന്ദ്ര പ്രതിരോധമന്ത്രി മനോഹർ പാരിക്കറുമായി ചർച്ച നടത്തി. ഹാന്ദ്വാര സംഭവത്തിൽ അന്വേഷണവും നടപടിയുമുണ്ടാകുമെന്നു പ്രതിരോധമന്ത്രി ഉറപ്പുതന്നതായി മുഖ്യമന്ത്രി അറിയിച്ചു. ഈ മാസം നാലിനു മുഖ്യമന്ത്രിയായി ചുമതലയേറ്റ മെഹബൂബ മുഫ്‌തി നേരിടുന്ന പ്രധാന ക്രമസമാധാന വെല്ലുവിളിയായി പ്രക്ഷോഭം മാറിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here