ന്യൂഡൽഹി: നേതാജി സുഭാഷ് ചന്ദ്രബോസിനെ സംബന്ധിച്ച രണ്ട് നിർണായക ഫയലുകൾ ജപ്പാൻ ഈ വർഷം പരസ്യപ്പെടുത്തുമെന്ന് കേന്ദ്രസർക്കാർ. എന്നാൽ ജപ്പാന്റെ കയ്യിലുള്ള ബാക്കി മൂന്ന് ഫയലുകൾ സംബന്ധിച്ച് യാതൊരു ഉറപ്പും ലഭിച്ചിട്ടില്ലെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജിജുവാണ് ലോക്‌സഭയിൽ ഇക്കാര്യം അറിയിച്ചത്. നേതാജിയുടെ തിരോധാനം സംബന്ധിച്ച ദുരൂഹത നീക്കുന്നതിൽ ജപ്പാന്റെ കയ്യിലുള്ള അഞ്ച് ഫയലുകൾ നിർണായകമായിരിക്കുമെന്നും കിരൺ റിജിജു അഭിപ്രായപ്പെട്ടു.

അതേസമയം ബാക്കിയുള്ള മൂന്ന് ഫയലുകൾ കൂടി ജപ്പാൻ പുറത്തുവിടുമെന്നാണ് പ്രതീക്ഷയെന്നും റിജിജു പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫീസിലും ആഭ്യന്തര മന്ത്രാലയത്തിലുമുള്ള രണ്ട് ഫയലുകൾ കാണാനില്ലെന്നും ഇത് കണ്ടെത്താനുള്ള ശ്രമം നടത്തിവരുകയാണെന്നും റിജിജു പറഞ്ഞു. ബോസിന്റെ ചിതാഭസ്‌മമെന്ന് കരുതപ്പെടുന്നതുമായി ബന്ധപ്പെട്ട ഫയലുകളാണിവ. പല രാജ്യങ്ങളോടും ബോസുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരങ്ങൾ ഉണ്ടെങ്കിൽ കൈമാറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ബോസുമായി ബന്ധപ്പെട്ട ഫയലുകളൊന്നും തങ്ങളുടെ കൈവശമില്ലെന്ന് ആസ്ട്രേലിയയും അമേരിക്കയും റഷ്യയും മറുപടി നൽകി. ബ്രിട്ടന്റെ കൈവശമുള്ള 62 ഫയലുകൾ പരസ്യപ്പെടുത്തിയതായും ബ്രിട്ടീഷ് ലൈബ്രറിയിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കിയതായുമാണ് ബ്രിട്ടീഷ് സർക്കാർ അറിയിച്ചത്. ജർമ്മനിയും സമാനമായ മറുപടിയാണ് നൽകിയത്.

ഇതുവരെ നേതാജിയുമായി ബന്ധപ്പെട്ട 150 ഫയലുകൾ പരസ്യപ്പെടുത്തിയിട്ടുണ്ടെന്നും അവ ഓൺലൈനിൽ ലഭ്യമാണെന്നും റിജിജു പറഞ്ഞു. കഴിഞ്ഞ വർഷം ഒക്ടോബറിൽ സുഭാഷ് ചന്ദ്ര ബോസിന്റെ ബന്ധുക്കളുടെ ആവശ്യപ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഫയലുകൾ പരസ്യപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here