മുംബൈ:കരഞ്ഞുതീര്‍ക്കാമായിരുന്ന ഒരു ജീവിതത്തെ പുഞ്ചിരിയോടെ നേരിട്ട  നിഹാല്‍ ബിട്ല ഒടുവില്‍ ലോകത്തോടു വിടവാങ്ങി. സാധാരണ മനുഷ്യരെ അപേക്ഷിച്ച് എട്ടിരട്ടി വേഗത്തില്‍ വയസ്സാവുന്ന പ്രൊജീറിയ എന്ന അപൂര്‍വരോഗം ബാധിച്ച ലോകത്തിലെ 124 കുട്ടികളില്‍ ഒരാളായിരുന്നു നിഹാല്‍. പതിനഞ്ചാം വയസ്സില്‍ തൊണ്ണൂറുകാരന്‍റെ ശരീരമായിരുന്നു നിഹാലിനുണ്ടായിരുന്നത്. നാലു വയസ്സായപ്പോഴാണ് നിഹാലിന് ഈ രോഗം ബാധിച്ചതായി കണ്ടെത്തിയത്. നാലു വയസ്സില്‍ പല്ലുകളെല്ലാം ഒന്നാകെ കൊഴിഞ്ഞുപോയപ്പോള്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

നിഹാല്‍ 13 വയസ്സിനപ്പുറം ജീവിക്കില്ലെന്നാണു ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ അതിനു ശേഷവും നിഹാല്‍ ജീവിച്ചു. യുഎസിലെ ബോസ്റ്റണില്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 40 പ്രൊജീറിയ രോഗികള്‍ക്കൊപ്പം ചികില്‍സാ പരീക്ഷണത്തില്‍ പങ്കെടുക്കുകയും ചെയ്തു. ഈ രോഗത്തിന് ഇതുവരെ ഫലപ്രദമായ ചികില്‍സ കണ്ടുപിടിച്ചിട്ടില്ല.

പതിനേഴാം വയസ്സില്‍ മരിച്ച സാം ബേണ്‍സ് ആണ് ലോകത്ത് ഈ രോഗം ബാധിച്ചവരില്‍ ഏറ്റവും കൂടുതല്‍ കാലം ജീവിച്ചിരുന്നത്. സാം ബേണ്‍സിന്‍റെ മാതാപിതാക്കള്‍ ബോസ്റ്റണില്‍ ആരംഭിച്ച പ്രൊജീറിയ റിസര്‍ച്ച് ഫൗണ്ടേഷന്‍ ഈ രോഗം സംബന്ധിച്ച ഗവേഷണങ്ങള്‍ നടത്തുന്നു.ബോളിവുഡ് താരം ആമിര്‍ ഖാന്‍റെ ആരാധകനായിരുന്നു നിഹാല്‍. ആമിറിനെ കാണണമെന്ന നിഹാലിന്‍റെ ആഗ്രഹം സഫലമായിരുന്നു. അമിതാഭ് ബച്ചന്‍ അഭിനയിച്ച ‘പാ’ എന്ന ഹിന്ദി സിനിമയുടെ കഥ ഈ രോഗം ബാധിച്ച ഒരാളെപ്പറ്റിയാണ്. 2009ല്‍ പുറത്തുവന്ന ഈ ചിത്രത്തില്‍ അമിതാഭ് പ്രൊജീറിയ രോഗിയെയാണ് അവതരിപ്പിച്ചത്.

http://www.hindustantimes.com/mumbai/nihal-the-face-of-progeria-dies-at-15/story-p4Ze6ZtR5t6i4SuWkYx5dI.html

LEAVE A REPLY

Please enter your comment!
Please enter your name here