2024 ൽ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയെ താഴെയിറക്കാന്‍ ശക്തമായ സഖ്യം നിര്‍മിക്കാനുള്ള നീക്കങ്ങളില്‍ ‘ഇന്ത്യാ’ മുന്നണി (ഇന്ത്യൻ നാഷണൽ ഡവലപ്പ്മെന്‍റല്‍ ഇൻക്ലൂസീവ് അലയൻസ്). തെരഞ്ഞെടുപ്പിന് മുമ്പ് കൂടുതല്‍ പ്രാദേശിക പാര്‍ട്ടികള്‍ക്കും ചെറിയ പാര്‍ട്ടികള്‍ക്കും മുന്നണിയിലേക്ക് ക്ഷണമുണ്ടായേക്കും എന്നാണ് റിപ്പോര്‍ട്ട്. 2014 മുതല്‍ തുടര്‍ച്ചയായി രണ്ട് ടേമുകളില്‍ പ്രധാനമന്ത്രിയായ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിനെ താഴെയിറക്കാന്‍ ഇന്ത്യാ മുന്നണിയുടെ കരുത്ത് കൂട്ടാനാണ് പ്രാദേശിക പാര്‍ട്ടികള്‍ക്കും ചെറിയ പാര്‍ട്ടികള്‍ക്കും മുന്നണിയിലേക്ക് ക്ഷണം നൽകുന്നത്.

പേരുകൊണ്ട് ഇതിനകം വലിയ വിവാദമായി മാറിയ ഇന്ത്യാ മുന്നണിയില്‍ നിലവില്‍ 26 പാര്‍ട്ടികളാണുള്ളത്. ഇന്ത്യയില്‍ ഏറെക്കാലം അധികാരം കയ്യാളിയിട്ടുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ് മുന്നണിക്ക് നേതൃത്വം നല്‍കുന്നത്. 2023 ജൂണ്‍ 23ന് ബിഹാറിലെ പട്‌നയില്‍ നടന്ന മുന്നണിയുടെ ആദ്യ സമ്മേളത്തില്‍ 16 പ്രതിപക്ഷ പാര്‍ട്ടികളാണ് പങ്കെടുത്തത്. എന്നാല്‍ കര്‍ണാടകയിലെ ബെംഗളൂരുവില്‍ നടന്ന രണ്ടാം യോഗത്തില്‍ 10 പാര്‍ട്ടുകള്‍ കൂടി പുതുതായി എത്തിയതോടെ അംഗബലം 26 ആയി.

മഹാരാഷ്ട്രയിലെ മുംബൈയില്‍ നടന്ന മൂന്നാം യോഗം ഇന്ത്യ മുന്നണിയുടെ സാധ്യതകള്‍ കൂടുതല്‍ വിശദമായി ചര്‍ച്ച ചെയ്തു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് പുറമെ ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ്, ജനതാദള്‍ യുണൈറ്റഡ്, ശിവസേന(ഉദ്ധവ് താക്കറെ), എന്‍സിപി, സിപിഎം, ഐയുഎംഎല്‍, സമാജ്‌വാജി പാര്‍ട്ടി, ജമ്മു ആന്‍ഡ് കശ്‌മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ്, സിപിഐ, വിടുതലൈ ചിരുതൈകള്‍ കച്ചി, എഎപി, ഝാർഖണ്ഡ്‌ മുക്തി മോർച്ച, കേരള കോണ്‍ഗ്രസ്(എം), ആര്‍എസ്‌പി, ആര്‍ജെഡി, ആര്‍എല്‍ഡി, എംഡിഎംകെ, സിപിഐ(എംഎല്‍)എല്‍, കേരള കോണ്‍ഗ്രസ്, അപ്നാ ദൾ (കാമറവാദി), ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക്, ജമ്മു കശ്‌മീര്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി, എംഎംകെ, കെഎംഡികെ എന്നീ പാര്‍ട്ടികളാണ് ഇന്ത്യാ മുന്നണിയില്‍ നിലവിലുള്ളത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് വളരെ മുമ്പുതന്നെ ശിരോമണി അകാലിദള്‍, ഇന്ത്യന്‍ നാഷണല്‍ ലോക് ദള്‍ തുടങ്ങിയ പാര്‍ട്ടികളെ കൂടെക്കൂട്ടാന്‍ ഇന്ത്യാ മുന്നണി ശ്രമിക്കുന്നതായാണ് ഇക്കോണോമിക് ടൈംസിന്‍റെ റിപ്പോര്‍ട്ട്. ഇന്ത്യാ മുന്നണിയിലെ പ്രധാനികളിലൊരാളായ ജനതാദൾ യുണൈറ്റഡ് നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറും ആര്‍ജെഡിയുടെ തേജസ്വിനി യാദവും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്‌ദുള്ളയും ഹരിയാനയിലെ കൈതാലില്‍ സെപ്റ്റംബര്‍ 25ന് ശിരോമണി അകാലിദളുമായി വേദി പങ്കിടുന്നത് ഇതിന്‍റെ ഭാഗമാണ് എന്നാണ് വിലയിരുത്തല്‍. ബിജെപിയുടെ മുന്‍ സഖ്യകക്ഷിയാണ് അകാലിദള്‍. ശിവസേന, തൃണമൂല്‍ കോണ്‍ഗ്രസ്, എസ്‌പി, എന്‍സിപി പാര്‍ട്ടികളുടെ നേതാക്കളും റാലിയില്‍ പങ്കെടുക്കും എന്നാണ് ദേശീയ മാധ്യമങ്ങള്‍ നല്‍കുന്ന സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here