
കനേഡിയന്‍ പൗരന്മാര്‍ക്കുള്ള വിസ സേവനം നിര്‍ത്തിവച്ച ഇന്ത്യയുടെ നടപടി പിൻവലിച്ച് വീണ്ടും പ്രസിദ്ധീകരിച്ചു. വിസ നൽകുന്നത് കൈകാര്യം ചെയ്യുന്ന ബിഎൽഎസിന്റെ വെബ് സൈറ്റിൽ നിന്നാണ് അറിയിപ്പ് നീക്കിയത്. എന്നാല്‍, അല്‍പ സമയത്തിനുള്ളില്‍ വീണ്ടും പ്രസിദ്ധീകരിക്കുകയായിരുന്നു. ഇത് സാങ്കേതിക പ്രശ്നമാണോ മറ്റെന്തെങ്കിലും കാരണത്താലാണോ എന്ന് ഔദ്യോഗിക അറിയിപ്പ് ലഭ്യമായിട്ടില്ല. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിസ നല്‍കുന്ന നിര്‍ത്തി വെക്കുകയാണ് എന്നാണ് വിദേശകാര്യവൃത്തങ്ങൾ ഏറ്റമൊടുവില്‍ അറിയിക്കുന്നത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നതിനിടെയാണ് വിസ നിര്‍ത്തിവച്ച നടപടി ഇന്ത്യ എടുത്തത്. വിസ അപേക്ഷ പോര്‍ട്ടലായ ബി.എല്‍.എസിലൂടെയാണ് സേവനങ്ങള്‍ നിര്‍ത്തുന്ന വിവരം അറിയിച്ചത്. ഹര്‍ദീപ് സിങ് നിജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര പ്രതിസന്ധി രൂക്ഷമാകുന്നതിനിടെയാണ് നടപടികള്‍.
നിജാറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളാണെന്ന ഗുരുതരമായ ആരോപണം കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഉയര്‍ത്തിയിരുന്നു. തുടര്‍ന്ന് ഇരു രാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പിന്‍വലിച്ചിരുന്നു. യു.എസ് ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഗൗരവമായ ആരോപണമാണ് കാനഡ ഉയര്‍ത്തിയതെന്നും അന്വേഷണത്തില്‍ ഇന്ത്യ സഹകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
അതേസമയം മറ്റൊരു ഖലിസ്ഥാന്‍ ഭീകരന്‍ കൂടി ഇന്ന് കാനഡയില്‍ കൊല്ലപ്പെട്ടു. ഖാലിസ്ഥാന്‍ ഭീകരനും ഗുണ്ടാനേതാവുമായ സുഖ് ദൂനെകെ എന്ന സുഖ്ദൂല്‍ സിംഗ് ആണ് കൊല്ലപ്പെട്ടത്. കാനഡയിലെ വിന്നിപെഗില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ അജ്ഞാതരുടെ വെടിയേറ്റ് മരിക്കുകയായിരുന്നു.