ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ ഉള്‍പ്പെടെ ഇന്ത്യയില്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങളില്‍ എങ്ങനെ വിശ്വസിച്ച് യാത്ര ചെയ്യും. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ 100ലധികം പൈലറ്റുകള്‍ മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയെന്ന് കേന്ദ്രസര്‍ക്കാര്‍ തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്. ലോക്സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ കേന്ദ്ര വ്യോമയാന സഹമന്ത്രി മഹേഷ് ശര്‍മയാണ് ഇക്കാര്യം അറിയിച്ചത്. 2013 ജനുവരി 23നും കഴിഞ്ഞ ഏപ്രില്‍ 28നും ഇടയില്‍ രാജ്യത്തു നടത്തിയ പരിശോധനയില്‍ 112 പൈലറ്റുകളുടെ രക്തത്തില്‍ മദ്യത്തിന്‍റെ അംശം കണ്ടെത്തി.

ജെറ്റ് എയര്‍വേസ് പൈലറ്റുകളാണു പിടിയിലായവരില്‍ കൂടുതല്‍ 33 പേര്‍. 25 ഇന്‍ഡിഗോ പൈലറ്റുമാരും 19 എയര്‍ ഇന്ത്യ പൈലറ്റുമാരും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു. 2013ല്‍ 30 പൈലറ്റുകളാണ് മദ്യപരിശോധനയില്‍ കുടുങ്ങിയത്. 2014ല്‍ ഇത് 26 ആയി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം 43 പേര്‍ മദ്യപിച്ച് ഡ്യൂട്ടിക്കെത്തി. ഈ വര്‍ഷം ഏപ്രില്‍ വരെ 13 പേരാണ് മദ്യപിച്ച് വിമാനം പറത്താനെത്തിയത്. ആദ്യതവണ മദ്യപരിശോധനയില്‍ പിടിയിലായാല്‍ ഡ്യൂട്ടിയില്‍ മൂന്നു മാസം സസ്പെന്‍ഷനാണു ശിക്ഷ. വീണ്ടും പിടിയിലായാല്‍ സസ്പെന്‍ഷന്‍ രണ്ടു വര്‍ഷമായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here