നിയമസഭ പാസാക്കിയ ബില്ലുകള്‍ ഒപ്പിടാതെ പിടിച്ചുവച്ച പഞ്ചാബ് ഗവര്‍ണര്‍ക്ക് തിരിച്ചടി. ബില്ലുകളില്‍ ഗവര്‍ണര്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. നിയമസഭാ സമ്മേളനം ചട്ടവിരുദ്ധമെന്ന് പറഞ്ഞ് ബില്ലുകളില്‍ തീരുമാനമെടുക്കാത്തത് തീകൊണ്ടുള്ള കളിയെന്നും കോടതി നിരീക്ഷിച്ചു. ഗവര്‍ണര്‍ ബില്ലുകളില്‍ ഒപ്പിടുന്നില്ലെന്ന തമിഴ്നാടിന്‍റെ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നോട്ടിസ് അയച്ചു. ഗവര്‍ണര്‍ക്കെതിരായ കേരളത്തിന്‍റെ ഹര്‍ജിയില്‍ പിന്നീട് വാദം കേള്‍ക്കും.

ജൂണ്‍ മാസം ചേര്‍ന്ന പഞ്ചാബ് നിയമസഭ സമ്മേളനത്തിന് സാധുതയില്ലെന്നും അതിനാല്‍ ആ ദിവസങ്ങളില്‍ പാസാക്കിയ ബില്ലുകളില്‍ തീരുമാനമെടുക്കില്ലെന്നുമായിരുന്നു പഞ്ചാബ് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിന്‍റെ നിലപാട്. എന്നാല്‍, നിയമസഭയുടെ നാഥന്‍ സ്പീക്കറാണെന്നും വിവേചന അധികാരമില്ലാത്ത വിഷയങ്ങളില്‍ സ്വതന്ത്ര തീരുമാനം ഗവര്‍ണറെടുക്കാന്‍ പാടില്ലെന്നും സുപ്രീംകോടതി. സഭ സമ്മേളിച്ചത് ചട്ടവിരുദ്ധമായല്ല, അതിനാല്‍ അന്ന് പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍ തീരുമാനം എടുത്തേ പറ്റൂവെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. വിശദമായ ഉത്തരവ് വൈകാതെ പുറത്തിറക്കും. ഗവര്‍ണര്‍ക്കെതിരായ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനായി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, ഒരാഴ്ചത്തെ സമയം ചോദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.

ഭരണഘടനാപരമായ പരിഹാരമുണ്ടാകണം എന്ന് എസ്ജി കോടതിയില്‍ നിലപാട് എടുത്തു. തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍.രവിക്കെതിരായ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നോട്ടിസ് അയച്ചു. ബില്ലുകള്‍ ഒപ്പിടാത്തത് ഏറെ ഗൗരവമുള്ള വിഷയമെന്നും കോടതി. ഗവര്‍ണര്‍ ബില്ലുകളില്‍ തീരുമാനമെടുക്കാത്തതിനെതിരായ കേരളത്തിന്‍റെ ഹര്‍ജി സുപ്രീംകോടതി ദീപാവലിക്കുശേഷം പരിഗണിക്കും. തമിഴ്നാടിന്‍റെയും പഞ്ചാബിന്‍റെയും ഹര്‍ജി കേള്‍ക്കവെ ഒരിടത്തുപോലും കേരളത്തിന്‍റെ പേര് ഉയര്‍ന്നതുമില്ല. എന്നാല്‍ തമിഴ്നാടിനും പഞ്ചാബിനും വേണ്ടി ഹാജരായ അഭിഭാഷകന്‍ അഭിഷേക് സിങ്‌വി ഗവര്‍ണര്‍മാര്‍ ബില്ലുകളില്‍ തീരുമാനമെടുക്കാത്തത് കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ പടര്‍ന്നുകിടക്കുന്ന വ്യാധിയാണെന്ന് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here