സപ്ലൈകോ വഴി സബ്സിഡി നിരക്കില്‍ നല്‍കുന്ന 13 അവശ്യസാധനങ്ങളുടെ വില കൂട്ടാന്‍ ഇടതുമുന്നണിയുടെ അനുമതി. 25 ശതമാനം മുതല്‍ വില കൂട്ടുന്നതിനുള്ള ശുപാര്‍ശയാണ് മുന്നണിയോഗത്തില്‍ അവതരിപ്പിച്ചത്. വില എത്ര കൂട്ടണമെന്ന് തീരുമാനിക്കാന്‍ മന്ത്രി ജി.ആര്‍.അനിലിനെ ചുമതലപ്പെടുത്തി. ജനങ്ങളുടെ തലയില്‍ ഭാരം അടിച്ചേല്‍പ്പിക്കാത്ത വിധത്തിലായിരിക്കും വിലവര്‍ധനയെന്ന് ജി.ആര്‍.അനില്‍ പ്രതികരിച്ചു.

ഏഴുവര്‍ഷത്തിനുശേഷമാണ് സപ്ലൈകോയില്‍ 13 അവശ്യസാധനങ്ങളുടെ വില കൂട്ടുന്നത്. സപ്ലൈകോയുടെ സാമ്പത്തികസ്ഥിതി വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് മന്ത്രി ജി.ആര്‍.അനില്‍ മുന്നണിയോഗത്തില്‍ വച്ചതിന് പിന്നാലെയാണ് തീരുമാനം. മന്ത്രി തയ്യാറാക്കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ മന്ത്രിസഭയാകും വിലവര്‍ധന തീരുമാനിക്കുന്നത്. സര്‍ക്കാര്‍ ജനങ്ങളിലേക്കെത്തുന്ന നവകേരളസദസിന് ശേഷമാകും വിലവര്‍ധനയുണ്ടാകുന്നതെന്നാണ് സൂചന. ചെറുപയര്‍, ഉഴുന്ന്, കടല, വന്‍പയര്‍, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയഅരി, കുറുവഅരി, മട്ടഅരി, പച്ചരി എന്നിവയാണ് സബ്സിഡി നിരക്കില്‍ നല്‍കുന്ന 13 ഉല്‍പന്നങ്ങള്‍

വിലക്കയറ്റത്തിന്‍റെ കാലത്ത് സപ്ലൈകോയും വില കൂട്ടുന്നതിനെ സ്ഥാപനത്തിന്‍റെ പ്രതിസന്ധി പറഞ്ഞാണ് ഇ.പി.ജയരാജന്‍ ന്യായീകരിച്ചത്. 2014ലെ വില അതുപോലെ സപ്ലൈകോ നല്‍കണമെന്ന് ജനവും ആഗ്രഹിക്കില്ലെന്ന് മന്ത്രി ജി.ആര്‍.അനില്‍. സബ്സിഡി നിരക്കിലെ സാധനങ്ങളുടെ വില കൂട്ടുന്നതുകൊണ്ട് പൊതുവിപണിയില്‍ വിലക്കയറ്റമുണ്ടാകില്ലെന്നും മന്ത്രി. അവശ്യസാധനങ്ങളുടെ വില കൂട്ടിയില്ല എന്നതായിരുന്നു ഇടതുസര്‍ക്കാരിന്‍റെ ഏറ്റവും വലിയ നേട്ടമായി കഴിഞ്ഞ ഏഴുവര്‍ഷവും അവതരിപ്പിച്ചുകൊണ്ടിരുന്നത്.

വിലകൂട്ടിയത് പാവങ്ങള്‍ക്കു ഇരുട്ടടിയായെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പ്രതികരിച്ചു. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. വിലക്കയറ്റത്തിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സുരേന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here