ബെംഗളൂരു: ഹിജാബ് നിരോധനം സംബന്ധിച്ച നിലപാടില്‍ മലക്കംമറിഞ്ഞ് കർണാടക സർക്കാർ. തലയോ വായോ ചെവിയോ മറയ്ക്കുന്ന വസ്ത്രമോ തൊപ്പിയോ പരീക്ഷാ ഹാളില്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് കര്‍ണാടക പരീക്ഷാ അതോറിറ്റി (കെ.ഇ.എ) നിബന്ധനകള്‍ പുറത്തിറക്കി. ഇതിൽ ഹിജാബും തൊപ്പിയും ഉൾപ്പെടും. ഹിജാബ് വിലക്കില്ലെന്ന കര്‍ണാടക സര്‍ക്കാരിന്റെ മുന്‍ നിലപാടിന് വിരുദ്ധമാണ് പുതിയ നിബന്ധനകള്‍.

ബ്ലൂടൂത്ത് ഉപകരണങ്ങള്‍ ഉപയോഗിച്ച് അടക്കമുള്ള കോപ്പിയടി തടയുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിശദീകരണം. നേരത്തെ പരീക്ഷകളിൽ മംഗല്യസൂത്രം ധരിക്കുന്നതിന് ചിലർ എതിർപ്പറിയിച്ചിരുന്നു. എന്നാൽ, നിലവിലെ തീരുമാനം പ്രകാരം മംഗല്യസൂത്രം പരീക്ഷാഹാളുകളിൽ അനുവദനീയമാണ്.

കഴിഞ്ഞ മാസം വിവിധവകുപ്പുകളിലെ ഒഴിവുനികത്താനായി സർക്കാർ നടത്തുന്ന യോഗ്യതാ പരീക്ഷയിൽ ഉദ്യോഗാർഥികൾ ഹിജാബ് ധരിക്കുന്നതിന് വിലക്കില്ലെന്ന് കർണാടക സർക്കാർ അറിയിച്ചിരുന്നു. ഈ തീരുമാനത്തിന് വിരുദ്ധമാണ് നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ. 2023 ഒക്ടോബറില്‍ കെഇഎ നടത്തിയ പരീക്ഷയില്‍ കല്‍ബുര്‍ഗി, യാദ്ഗിര്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ ഉദ്യോഗാര്‍ഥികള്‍ ബ്ലൂടൂത്ത് ഉപകരണങ്ങള്‍ ഉപയോഗിച്ചതായി ആരോപണമുയര്‍ന്നിരുന്നു. ഈ സംഭവത്തില്‍ നവംബര്‍ 11ന് സിഐഡി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് സര്‍ക്കാര്‍

2022 ഫെബ്രുവരിയിൽ അന്നത്തെ ബിജെപി സർക്കാർ കർണാടകയിലെ വിദ്യാലയങ്ങളിൽ ഹിജാബ് നിരോധിച്ചിരുന്നു. ഇതിനെതിരേ സുപ്രീംകോടതി വരെ നിയമപോരാട്ടങ്ങളും നടന്നു. സുപ്രീംകോടതി ഇക്കാര്യത്തിൽ ഭിന്നവിധിയാണ് പുറപ്പെടുവിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here