17 ദിവസമായി ഉത്തരകാശിയിലെ സില്‍ക്യാര തുരങ്കത്തില്‍ കുടങ്ങിയ തൊഴിലാളികള്‍ പുറത്തെത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം. രണ്ട് മീറ്റര്‍ കൂടി തുരന്നാല്‍ തൊഴിലാളികള്‍ക്കടുത്ത് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നാല് മണിക്കൂറിനകം രക്ഷാദൗത്യം പൂര്‍ത്തിയാകുമെന്ന് വിദഗ്ധസംഘം പറയുന്നു. നമ്മുടെ തൊഴിലാളി സഹോദരങ്ങളെ ഉടന്‍ പുറത്തെത്തിക്കാന്‍ കഴിയുമെന്നും ശുഭവാര്‍ത്ത വൈകാതെയെത്തുമെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി മാധ്യമങ്ങളോട് പറഞ്ഞു. തൊഴിലാളികളെ പുറത്തേക്ക് എത്തിക്കാനുള്ള പൈപ്പുകള്‍ സ്ഥാപിക്കുന്ന ജോലിയാണ് നിലവില്‍ പുരോഗമിക്കുന്നത്.

രക്ഷാദൗത്യം അവസാനഘട്ടത്തിലേക്ക് അടുത്തതോടെ ട്രോമ സെന്‍ററുള്‍പ്പടെ 41 ബെഡുകള്‍ ഋഷികേശിലെ എയിംസില്‍ തയ്യാറാക്കിയിട്ടുണ്ട്. രക്ഷാക്കുഴലിലൂടെ പുറത്തെത്തിക്കുന്ന തൊഴിലാളികളെ സ്ട്രച്ചറില്‍ പുറത്തെത്തിക്കും. ഇവരെ ആരോഗ്യനില അനുസരിച്ച് ഉടന്‍ തന്നെ ആശുപത്രിയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യും. ഇതിനായി മൂന്ന് ഹെലികോപ്റ്ററുകളും 10 ആംബുലന്‍സുകളും സജ്ജമാക്കിയിട്ടുണ്ട്. ആശുപത്രിയില്‍ മാനസികാരോഗ വിദഗ്ധനും സര്‍ജന്‍മാരും ഹൃദ്രോഗവിദഗ്ധരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും തയ്യാറാണ്.

ചരിത്രപരമായ രക്ഷാപ്രവര്‍ത്തനമാണ് ഉത്തരകാശിയിലെ തുരങ്കത്തില്‍ നടക്കുന്നതെന്നാണ് ദേശീയ ദുരന്ത നിവാരണ സേന പറയുന്നത്. തുരങ്കത്തിനുള്ളിലും പുറത്തും ഒരുപോലെ തുരക്കല്‍ പുരോഗമിക്കുകയാണ്. അതേസമയം, നേരം വൈകിയാല്‍ എയര്‍ലിഫ്റ്റ് നാളത്തേക്ക് മാറ്റി വച്ചേക്കുമെന്നും സൂചനകളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here