ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ ശുപാര്‍ശയില്ലാതെ മന്ത്രിമാരെ മാറ്റാന്‍ ഗവര്‍ണര്‍ക്ക് കഴിയില്ലെന്ന് സുപ്രീം കോടതി. ഒരു മന്ത്രിസഭയില്‍ നിന്നും ഏതെങ്കിലും ഒരു മന്ത്രിയെ മാറ്റാന്‍ ഗവര്‍ണര്‍ക്ക് ഉത്തരവിടാനാകില്ല. അതിന് മുഖ്യമന്ത്രിയുടെ ശുപാര്‍ശയോ, മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരമോ മാത്രമേ നടപടി സ്വീകരിക്കാന്‍ കഴിയുകയുള്ളൂ. ഏകപക്ഷീയമായി ഗവര്‍ണര്‍ക്ക് തീരുമാനമെടുക്കാനാവില്ലെന്നും സുപ്രീംകോടതി അറിയിച്ചു.

സര്‍ക്കാര്‍ ജോലിക്കായുള്ള നിയമനത്തിന് കോഴ വാങ്ങിയെന്ന കേസില്‍ അറസ്റ്റിലായ തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. സെന്തില്‍ ബാലാജിയുടെ അറസ്റ്റിന് പിന്നാലെ മന്ത്രിയെ പുറത്താക്കി ഗവര്‍ണര്‍ വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നു. ഇതു വിവാദമായതോടെ പിന്നീട് പിന്‍വലിക്കുകയായിരുന്നു.

നേരത്തെ നിയമനക്കോഴക്കേസില്‍ സെന്തില്‍ ബാലാജി അറസ്റ്റിലായതിന് പിന്നാലെ അദ്ദേഹത്തെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി എത്തിയിരുന്നു. എന്നാല്‍ മന്ത്രിയെ നീക്കുന്നതില്‍ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണെന്ന് അഭിപ്രായപ്പെട്ട് ഹൈക്കോടതി ഹര്‍ജി തള്ളുകയായിരുന്നു.
ഇതിനു പിന്നാലെയാണ് ഇപ്പോള്‍ സുപ്രീംകോടതിയും സെന്തില്‍ ബാലാജിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here