കൊച്ചി: ആയിരങ്ങള്‍ ഇന്ന് (തിങ്കളാഴ്ച) അയോധ്യയിലെ രാമക്ഷേത്ര സന്ദര്‍ശനത്തിനെത്തുമ്പോള്‍ സരയൂ തീരത്ത് പ്രവര്‍ത്തിക്കുന്ന 500-ഓളം ബയോടോയ്‌ലറ്റുകള്‍ സ്ഥാപിച്ചു നല്‍കിയത് ഏറ്റുമാനൂര്‍ ആസ്ഥാനമായ ഇന്ത്യന്‍ സെന്‍ട്രിഫ്യൂജ് എന്‍ജിനീയറിംഗ് സൊലുഷന്‍സ് (ഐസിഎഫ്). സ്വച്ഛ് ഭാരത് മിഷന്റെ കീഴില്‍ വരുന്ന കരാര്‍ ഏറ്റെടുത്താണ് കമ്പനി അയോധ്യയില്‍ ബയോടോയ്‌ലറ്റുകള്‍ സ്ഥാപിച്ചു നല്‍കിയതെന്ന് ഐസിഎഫ് മാനേജിംഗ് ഡയറക്ടര്‍ ശംഭുനാഥ് ശശികുമാര്‍ പറഞ്ഞു. 60 ദിവസത്തിനുള്ളിലാണ് ഇവ സ്ഥാപിച്ചു നല്‍കിയത്. ഇവയുടെ 24 മണിക്കൂര്‍ മേല്‍നോട്ടവും അടുത്ത ഒരു വര്‍ഷത്തേയ്ക്കുള്ള മെയിന്റനന്‍സും കമ്പനിയുടെ ഉത്തരവാദിത്തമാണ്.

അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ഇടങ്ങളില്‍ ട്രീറ്റ്‌മെന്റ് സിസ്റ്റങ്ങള്‍, കെമിക്കല്‍ ടോയ്‌ലറ്റുകള്‍, ഹാന്‍ഡ് വാഷ് സ്‌റ്റേഷനുകള്‍, വെള്ളം ആവശ്യമില്ലാത്ത യൂറിനല്‍സ്, ഷവര്‍ ക്യാബിനുകള്‍ എന്നിവയും നിര്‍മിക്കുന്ന ഏറ്റുമാനൂരിലെ സിഡ്‌കോ ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന പ്ലാന്റില്‍ നിന്നുള്ള പ്രധാന ഉല്‍പ്പന്നം ബയോടോയ്‌ലറ്റുകള്‍ തന്നെ. പ്രതിമാസം 300 ബയോടോയ്‌ലറ്റുകള്‍ നിര്‍മിക്കാന്‍ ഈ പ്ലാന്റിന് ശേഷിയുണ്ട്. 2013 മുതല്‍ ശബരിമലയിലെ സാനിറ്റേഷന്‍ ആവശ്യങ്ങള്‍ക്കും കമ്പനി ഉല്‍പ്പന്നങ്ങളെത്തിക്കുന്നു. ഏറ്റുമാനൂര്‍ പ്ലാന്റിനു പിന്നാലെ 2022ല്‍ മഹാരാഷ്ട്രയിലെ കോലോപ്പൂരിലും പ്ലാന്റു തുറന്നു. ‘കേരളത്തിനു പുറമെ മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍, മഹാരാഷ്ട്ര, യുപി എന്നിവിടങ്ങളാണ് കമ്പനിയുടെ പ്രധാന വിപണി,’ ശംഭുനാഥ് പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക് https://releaf.in/

LEAVE A REPLY

Please enter your comment!
Please enter your name here