ന്യൂഡല്‍ഹി: വിദേശത്ത് കുടിയേറി അവിടുത്തെ പൗരത്വമെടുത്ത ഒ.സി.ഐക്കാര്‍ക്കും (6 മാസം നാട്ടില്‍ നില്‍ക്കണം), മറ്റ്  പ്രവാസികള്‍ക്കും   ഇനി ആധാറെടുക്കാം. ആധാര്‍ നല്‍കുന്ന സ്ഥാപനമായ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയാണ് ((UIDAI) പുതിയ സര്‍ക്കുലറിലൂടെ ഇതുസംബന്ധിച്ച് നടപടിക്രമങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയത്. ജനുവരി 26നായിരുന്നു ആധാര്‍ എന്റോള്‍മെന്റ് ആന്‍ഡ് അപ്‌ഡേറ്റ് റൂള്‍സില്‍  മാറ്റങ്ങള്‍ വരുത്തിയുള്ള വിജ്ഞാപനം പുറത്തിറങ്ങിയത്. 

പുതിയ വിജ്ഞാപനം അനുസരിച്ച് കുട്ടികള്‍ ഉള്‍പ്പെടെ, ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ള പ്രവാസി ഇന്ത്യക്കാര്‍ക്കെല്ലാം ഇനിമുതല്‍ ആധാറെടുക്കാം. ആധാര്‍ കേന്ദ്രങ്ങളില്‍ അപേക്ഷ നല്‍കിയാല്‍ മറ്റൊരു തടസവും കൂടാതെ ഇവര്‍ക്ക് ഇനി ആധാര്‍ ലഭിക്കും. പാസ്‌പോര്‍ട്ട് മാത്രമാണ് ഇതിന് അടിസ്ഥാന രേഖയായി കാണിക്കേണ്ടത്. പ്രൂഫ് ഓഫ് ഐഡന്റിറ്റി, പ്രൂഫ് ഓഫ് അഡ്രസ് എന്നിവയ്‌ക്കെല്ലാം പാസ്‌പോര്‍ട്ടാകും അടിസ്ഥാന രേഖയായി സ്വീകരിക്കുക. നാട്ടിലെ വിലാസം ആധാറില്‍ രേഖപ്പെടുത്താന്‍ മറ്റ് അനുബന്ധ രേഖകളും അപേക്ഷയോടൊപ്പം സമര്‍പ്പിക്കാവുന്നതാണ്. 2023 ഒക്ടോബര്‍ ഒന്നിനു ശേഷം ജനിച്ച എന്‍.ആര്‍.ഐ കുട്ടികള്‍ക്കാണ് ആധാറെടുക്കുന്നതെങ്കില്‍ ജനന സര്‍ട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം നിര്‍ബന്ധമാണ്.

പുതിയ ഫോം  വണ്ണില്‍ അപേക്ഷ നല്‍കുമ്പോള്‍ പ്രവാസികള്‍ ഇ -മെയില്‍ വിലാസവും നല്‍കണം. ഇതും ആധാര്‍ വിവരങ്ങളില്‍ രേഖപ്പെടുത്തും. വിദേശത്തെ ഫോണ്‍ ടെക്സ്റ്റ് മെസേജായി വിവരങ്ങള്‍ ലഭ്യമാകില്ല. പകരം ഇമെയില്‍ വിലാസത്തിലാകും ഇവര്‍ക്ക് ഇതുമായു ബന്ധപ്പെട്ട സന്ദേശങ്ങള്‍ ലഭിക്കുക. വിദേശത്തെ വിലാസം രേഖപ്പെടുത്തിയുള്ള പ്രത്യേക ഫോമും (ഫോം-2)  അപേക്ഷയോടൊപ്പം നല്‍കേണ്ടതുണ്ട്.

18 വസയ് പൂര്‍ത്തിയായ ഒസിഐ കാര്‍ഡുകാര്‍ക്ക് ആധാറെടുക്കാന്‍ ഫോം- ഏഴും പതിനെട്ടു വയസില്‍ താഴെയുള്ളവര്‍ക്ക് ഫോം എട്ടുമാണ്  പൂരിപ്പിച്ചു നല്‍കേണ്ടത്.വിദേശ പാര്‍സ്‌പോര്‍ട്ട്, ഒ.സി.ഐ കാര്‍ഡ് എന്നിവയാണ് ഇതിനായി സമര്‍പ്പിക്കേണ്ട അടിസ്ഥാന രേഖകള്‍. ഇ-മെയില്‍ വിലാസം ഇതിനും നിര്‍ബന്ധമാണ്. 18 വയസില്‍ താഴെയുള്ളവരുടെ ആധാറെടുക്കാന്‍ മാതാപിതാക്കളുടെ അനുമതിയും ആവശ്യമാണ്.  ആധാര്‍ ലഭ്യമാകുന്നതോടെ മ്യൂച്ചല്‍ ഫണ്ട് നിക്ഷേപങ്ങള്‍, സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഇടപാടുകള്‍ എന്നിവയ്ക്കുള്ള  പ്രവാസികളുടെ ഓണ്‍ലൈന്‍ കെ.വൈ.സി (നോ യുവര്‍ കസ്റ്റമര്‍) ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വളരെ എളുപ്പമാകും.

LEAVE A REPLY

Please enter your comment!
Please enter your name here