ഗാസയിൽ യുഎൻ അഭയാർഥി ഏജൻസിയുടെ ഗോഡൗണിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഒരു യുഎൻ ജീവനക്കാരൻ മരിച്ചു. ആക്രമണം നടത്തിയെന്നു സമ്മതിച്ച ഇസ്രയേൽ പക്ഷെ കൊല്ലപ്പെട്ട മുഹമ്മദ് അബു ഹസ്‌ന ഭീകര സംഘടനയായ ഹമാസിന്റെ പ്രവർത്തകനാണെന്നു ആരോപിച്ചു.

അബു ഹസ്‌ന ഗാസയിൽ പോലീസ് വകുപ്പിലെ ഡപ്യൂട്ടി ചീഫ് എന്ന നിലയ്ക്ക് ഭക്ഷണ വിതരണത്തിന്റെ ചുമതല വഹിച്ചിരുന്നുവെന്നു ഹമാസ് പറഞ്ഞു.

ഗാസയിൽ ലക്ഷങ്ങൾ കൊടും പട്ടിണി അനുഭവിക്കുമ്പോഴാണ് ഭക്ഷണവും മറ്റു സഹായങ്ങളും എത്തിക്കുന്ന യുഎൻആർഡബ്ലിയുഎ യുടെ ഗോഡൗണിൽ ആക്രമണം നടത്തുന്നത്. ആക്രമണത്തിൽ 22 പേർക്ക് പരുക്കേൽക്കയും ചെയ്തുവെന്നു ഏജൻസി മേധാവി ഫിലിപ്പെ ലാസറിനി പറഞ്ഞു. “നാടെങ്ങും പട്ടിണിയാണ്. ഭക്ഷണം വളരെ കുറച്ചേ ഉള്ളൂ,” അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭക്ഷണത്തിനു ക്യൂ നിൽക്കുവരുടെ നേരെ ആക്രമണം നടത്തുന്ന ഇസ്രയേൽ ഗാസയിൽ പട്ടിണി കുറയ്ക്കാനുള്ള ലോകത്തിന്റെ ശ്രമങ്ങൾക്കു തടസമാണെന്നു ചാരിറ്റി ഗ്രൂപ്പുകൾ ചൂണ്ടിക്കാട്ടി. ആംനസ്റ്റി ഇന്റർനാഷനൽ, ഓക്സ്ഫാം എന്നിവ ഉൾപ്പെടെ 25 സംഘടനകൾ പറയുന്നത് ആവശ്യമുള്ളതിന്റെ നേരിയൊരു ഭാഗം മാത്രമേ ഗാസയിൽ എത്തുന്നുള്ളൂ എന്നാണ്.

അതേ സമയം, റഫയിൽ ആക്രമണം നടത്താനുള്ള തീരുമാനത്തിൽ ഇസ്രയേൽ ഉറച്ചു നിൽക്കുന്നുവെന്ന് സേനാ വക്താവ് ഡാനിയൽ ഹഗാരി പറഞ്ഞു. സിവിലിയന്മാരെ ഒഴിപ്പിക്കും എന്നാണ് അദ്ദേഹത്തിന്റെ വാഗ്ദാനം. മധ്യ ഗാസയിൽ സുരക്ഷിത ഇടങ്ങൾ സൃഷ്ടിച്ചു അവരെ അങ്ങോട്ട് നീക്കും. 

LEAVE A REPLY

Please enter your comment!
Please enter your name here