തിരുവനന്തപുരം : ബഹിരാകാശത്ത് ‘പൂരം നടത്താ’നൊരുങ്ങുകയാണ് ഐഎസ്ആര്‍ഒ. ഒറ്റക്കുതിപ്പില്‍ 20 കൃത്രിമ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കുന്ന റെക്കോഡ് വിക്ഷേപണം 22 ന് നടക്കും. ഐഎസ്ആര്‍ഒയുടെ കാര്‍ട്ടോസാറ്റിനുപുറമെ അമേരിക്കയുടെ 13 ഉപഗ്രഹങ്ങളും ക്യാനഡയുടേത് രണ്ടും ജര്‍മനി, ഇന്തോനേഷ്യ എന്നിവയുടെ ഒരോന്നു വീതവും ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കുന്നത്. ചെന്നൈ സത്യഭാമ സര്‍വകാലാശാലയുടെയും പുണെ കോളേജ് ഓഫ് എന്‍ജിനിയറിങ്ങിന്റെയും ഒരോ ഉപഗ്രഹങ്ങളുമുണ്ട്.

ഇന്ത്യയുടെ കാര്‍ട്ടോസാറ്റ്–2 സി ഉപഗ്രഹത്തിനൊപ്പമാണ് മറ്റ് 19 ഉപഗ്രഹങ്ങളും കുതിക്കുക. ഐഎസ്ആര്‍ഒയുടെ കരുത്തുറ്റ വിക്ഷേപണവാഹനമായ പിഎസ്എല്‍വി സി–34 ആണ് ഉപഗ്രഹങ്ങളെ ലക്ഷ്യത്തിലെത്തിക്കുക. വിവിധോദ്ദേശ്യ ഉപഗ്രഹമായ കാര്‍ട്ടോസാറ്റിന് 727.5 കിലോഗ്രാമാണ് ഭാരം. വിക്ഷേപണത്തിന്റെ പതിനേഴാം മിനിറ്റില്‍ കാര്‍ട്ടോസാറ്റ് ലക്ഷ്യത്തിലെത്തും. തുടര്‍ന്ന് ഒന്നിന് പിന്നാലെ മറ്റൊന്നായി മറ്റുള്ളവയും ലക്ഷ്യത്തിലെത്തിക്കും. മുപ്പതുമുതല്‍ 60 വരെ സെക്കന്‍ഡുകളുടെ വ്യത്യാസത്തിലാണിത്. ഒന്നിന് പുറകെ മറ്റൊന്നായി ഇത്രയധികം ഉപഗ്രഹങ്ങളെ കൃത്യതയോടെ ലക്ഷ്യത്തിലിറക്കുകയെന്ന ദൌത്യം ഏറെ സങ്കീര്‍ണമാണ്. അതുകൊണ്ട് ലോകരാഷ്ട്രങ്ങള്‍ ഈ വിക്ഷേപണത്തെ കൌതുകത്തോടെയാണ് കാണുന്നത്. 22ന് രാവിലെ 9.25ന് ശ്രീഹരിക്കോട്ടയില്‍നിന്നാണ് വിക്ഷേപണം. വിക്ഷേപണ അനുമതിക്കുള്ള അന്തിമ ഉന്നതതലയോഗം 19 ന് ചേരും. 20ന് രാവിലെ കൌണ്ട്ഡൌണ്‍ തുടങ്ങും.

2008 ഏപ്രിലില്‍ കാര്‍ട്ടോസാറ്റ്–2 എ ഉപഗ്രഹത്തിനൊപ്പം പത്ത് നാനോ ഉപഗ്രഹങ്ങള്‍ ലക്ഷ്യത്തിലെത്തിക്കുന്നതില്‍ ഐഎസ്ആര്‍ഒ വിജയിച്ചിരുന്നു. കഴിഞ്ഞ ഡിസംബറില്‍ ആറ് ഉപഗ്രഹങ്ങളെ ഒന്നിച്ച് ഭ്രമണപഥത്തിലെത്തിച്ചു. ഇക്കുറി 22 ഉപഗ്രഹങ്ങളെ ഒന്നിച്ച് വിക്ഷേപിക്കാനാണ് തീരുമാനിച്ചിരുന്നത്. ഇറ്റലിയുടെ രണ്ടെണ്ണംകൂടി ഉള്‍പ്പെടുത്തിയിരുന്നെങ്കിലും സമയത്തിന് അവ എത്തിക്കാന്‍ അവര്‍ക്കായില്ല. സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ വിക്ഷേപണത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിവരികയാണെന്ന് വിഎസ്എസ്സി ഡയറക്ടര്‍ ഡോ. കെ ശിവന്‍ ‘ദേശാഭിമാനി’യോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here