വാഷിങ്ടണ്‍: തീര സംരക്ഷണത്തിനായി അമേരിക്കയില്‍ നിന്നും ഇന്ത്യ പൈലറ്റില്ലാ വിമാനങ്ങള്‍ (ഡ്രോണ്‍) വാങ്ങാന്‍ ഒരുങ്ങുന്നു. മിസൈല്‍ ടെക്നോളജി കണ്‍ട്രോള്‍ ഗ്രൂപ്പില്‍ (എം.ടി.സി.ആര്‍) അടുത്തിടെ അംഗമായതിന് ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ ഇതുസംബന്ധിച്ച നീക്കങ്ങള്‍ക്ക് തുടക്കമിട്ടത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ അമേരിക്കയുടെ പ്രധാന പ്രതിരോധ പങ്കാളിയായി ഇന്ത്യയെ അംഗീകരിച്ചിരുന്നു. മുംബൈ ഭീകരാക്രമണം പോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് തടയാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നീക്കമെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ജനറല്‍ ആറ്റോമിക്സ് എന്ന സ്ഥാപനത്തില്‍നിന്നും പെട്രോള്‍ ഡ്രോണുകള്‍ വാങ്ങാനാണ് നീക്കം. തീരദേശത്ത് നിരീക്ഷണം നടത്തുന്നതിന്റെ ഭാഗമായി 50000 അടി ഉയരത്തില്‍ വരെ 24 മണിക്കൂര്‍ സമയം തുടര്‍ച്ചയായി പറക്കാന്‍ കഴിവുള്ള ഡ്രോണുകളാണ് ഇന്ത്യ വാങ്ങാന്‍ ഉദ്ദേശിക്കുന്നത്.
ഡ്രോണുകള്‍ വാങ്ങാന്‍ ഇന്ത്യ നേരത്തെതന്നെ താത്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും എം.ടി.സി.ആറില്‍ അംഗമല്ലാത്തതിനാല്‍ ഡ്രോണുകള്‍ നല്‍കാന്‍ അമേരിക്ക വിസമ്മതിച്ചു. സാഹചര്യം അനുകൂലമായതോടെ 250 ഓളം ഡ്രോണുകള്‍ വാങ്ങാനാണ് ഇന്ത്യ ഒരുങ്ങുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here