തിരുവനന്തപുരം: സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ് രാജിവെച്ചു. അപമാനം സഹിച്ച് തുടരാനാകില്ലെന്ന് അവര്‍ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അഞ്ജുവിനൊപ്പം സ്പോര്‍ട്സ് കൗണ്‍സില്‍ ഭരണസമതിയിലെ മുഴുവന്‍ അംഗങ്ങളും രാജി പ്രഖ്യാപിച്ചു.
പല ഫയലുകളിലും ക്രമക്കേട് കണ്ടെത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയതെന്ന് അഞ്ജു പറഞ്ഞു. ക്രമക്കേട് അന്വേഷിക്കാന്‍ എത്തിക്‌സ് കമ്മിറ്റി കൊണ്ടു വരാന്‍ ശ്രമിച്ചത് കടുത്ത എതിര്‍പ്പിന് ഇടയാക്കി. തന്റെ മെയില്‍ ചിലര്‍ ചോര്‍ത്തുന്നുവെന്ന് മനസിലാക്കിയപ്പോള്‍ പരാതി നല്‍കി. സ്‌പോര്‍ട്‌സ് മതത്തിനും പാര്‍ട്ടിക്കും അതീതമാണെന്ന് ധരിച്ചുവെന്നും അഞ്ജു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സ്പോര്‍ട്സിനെ തോല്‍പ്പിക്കാം എന്നാല്‍ കായിക താരങ്ങളെ തോല്‍പ്പിക്കാനാവില്ല. ജി.വി രാജയെ കരയിപ്പിച്ചവര്‍ക്ക് മുന്നില്‍ തങ്ങളുടെ വിഷമം ഒന്നുമല്ലെന്ന് അഞ്ജു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്പോര്‍ട്സ് താരങ്ങളുടെ ഭാവി തന്നെ അടിസ്ഥാന വികസനങ്ങളില്ലാതെ നശിക്കുകയാണ്.
അഞ്ജുവിന്റെ രാജിയില്‍ വളരെ സന്തോഷമെന്ന് കായികമന്ത്രി ഇ.പി ജയരാജന്‍. രാജിവെയ്ക്കണമെന്ന് താന്‍ പറഞ്ഞിട്ടില്ല അവരുടെ പ്രവര്‍ത്തനത്തെ ഒരു തരത്തിലും തടസ്സപ്പെടുത്തിയിട്ടുമില്ല. മാധ്യമങ്ങള്‍ അവിടെ നടക്കുന്ന അഴിമതികള്‍ പുറത്തുകൊണ്ടു വന്നതോടെ പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞില്ല. അതിനാലാണ് അവര്‍ രാജിവെച്ചത്. അഞ്ജുവിന്റെ രാജിക്കാര്യം താന്‍ അറിഞ്ഞിരുന്നില്ല. മാധ്യമങ്ങള്‍ പറഞ്ഞപ്പോഴാണ് അറിയുന്നതെന്നും ജയരാജന്‍ പറഞ്ഞു.
കഴിഞ്ഞ പത്ത് വര്‍ഷത്തെ അഴിമതി മാത്രം എന്തിന് അന്വേഷിക്കണം? അതിന് മുന്‍പ് അഴിമതികള്‍ ഇല്ലായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു. അഞ്ച് വര്‍ഷം ഭരിച്ച യു.ഡി.എഫ് സര്‍ക്കാര്‍ ഇടതു കാലത്ത് അഴിമതി നടന്നിരുന്നുവെങ്കില്‍ അന്വേഷിക്കാതിരിക്കുമോ എന്നും ചോദിച്ചു.
സ്പോര്‍ട്സ് ലോട്ടറിയില്‍ എന്തെങ്കിലും അഴിമതിയുണ്ടായിരുന്നെങ്കില്‍ യുഡിഎഫ് അത് അന്വേഷിക്കില്ലെയെന്നും അദ്ദേഹം ചോദിച്ചു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ സമയത്ത് അഴിമതിയുണ്ടെങ്കില്‍ അതില്‍ അന്വേഷണം അവശ്യമെന്ന് തോന്നിയാല്‍ വിജിലന്‍സ് അന്വേഷണം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സ്പോര്‍ട്സ് കൗണ്‍സിലിലെ പുതിയ ഭരണസമിതി അംഗങ്ങളെ പറ്റി പരിശോധിച്ച ശേഷം തിരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here