ഇംഫാല്‍ : മണിപ്പൂരിലെ മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മിള നിരാഹാരം അവസാനിപ്പിക്കുന്നു. സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന വിവാദമായ അഫ്‌സ്‌പ‌ നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 16 വര്‍ഷമായി തുടരുന്ന നിരാഹാരമാണ് ആഗസ്ത് ഒന്‍പതിന് അവസാനിപ്പിക്കുന്നത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇറോം ശര്‍മിള മത്സരിച്ചേക്കും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

2000 നവംബര്‍ 4 നാണ് പ്രത്യേകാധികാരത്തിന്റെ മറവിലുള്ള സൈന്യത്തിന്റെ ക്രൂരതകള്‍ക്കെതിരെ  ഇറോം ശര്‍മിളനിരാഹാര സമരം തുടങ്ങിയത്. മണിപ്പൂരിലെ ഇംഫാല്‍ താഴ്വരയില്‍ മാലോമില്‍ നവംബര്‍ 2ന്  ബസ് കാത്തുനിന്നവര്‍ക്കുനേരെ അര്‍ധസൈനിക വിഭാഗമായ ആസാം റൈഫില്‍സ് നടത്തിയ വെടിവെയ്പ്പില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ കൊല്ലപ്പെട്ടതാണ് ഇറോം ശര്‍മിളയെ നിരാഹാര സമരത്തിന് പ്രേരിപ്പിച്ചത്. മൂന്നാം ദിവസം ആത്മഹത്യാശ്രമത്തിന് പൊലീസ് ഷര്‍മിളയെ അറസ്റ്റ് ചെയ്തു.

2006ല്‍ ജന്തര്‍ മന്ദിറിന് മുന്നില്‍ നിരാഹാര സമരം നടത്തിയതിന് ആത്മഹത്യ ശ്രമത്തിന് ഈറോം ശര്‍മിളയ്ക്കെതിരെ ചുമത്തിയ കേസിൽ ഡല്‍ഹി പട്യാല ഹൌസ് കോടതി ഇവരെ വെറുതെ വിട്ടിരുന്നു. 2013 മാര്‍ച്ച് നാലിനാണ് ആത്മഹത്യ ശ്രമത്തിന്റെപേരില്‍ ഇറോം ശര്‍മിളയെ വിചാരണയ്ക്ക് വിധേയയാക്കിയത്.

‘താന്‍ തന്റെ ജീവിതത്തെ ഇഷ്ടപ്പെടുന്നു, അഫ്സ്പ എന്ന കരിനിയമം പിന്‍വലിക്കുന്നതിനുള്ള പോരാട്ടത്തില്‍ തന്റെ ആയുധമാണ് നിരാഹാരം, ഇത് ഒരു കുറ്റമ’– അന്ന് ഇറോം ശര്‍മിള കോടതിയില്‍ പറഞ്ഞു. അഫ്സപ നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ മാത്രമാണ് തന്റെ പോരാട്ടമെന്ന് ഇറോം ശര്‍മിള വ്യക്തമാക്കി. സൈന്യത്തിന് പ്രത്യേക അവകാശം നല്‍കുന്ന കരിനിയമം പിന്‍വലിച്ചാല്‍ താന്‍ നിരാഹാരം പിന്‍വലിക്കാന്‍ തയാറാണെന്നും ഇറോം ശര്‍മിള കോടതിയില്‍ അറിയിച്ചിരുന്നു. ഭക്ഷണമുപേക്ഷിച്ച് ശര്‍മിള സ്വയം ജീവനൊടുക്കാന്‍ തീരുമാനമെടുത്തുവെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.

LEAVE A REPLY

Please enter your comment!
Please enter your name here